ടി.പി വധം: പൂക്കടയിലെ ഗൂഢാലോചന സമയത്ത് പ്രതിയുടെ ഫോണ്‍ ഓര്‍ക്കാട്ടേരിയില്‍തന്നെയെന്ന് രേഖ
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച പത്ത് ബി.എസ്.എൻ.എൽ മൊബൈൽ നമ്പറുകളുടെ കോൾ റെക്കോഡുകൾ കോടതിയിൽ. 2012 ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിലുള്ള ഒമ്പത് നമ്പറുകളുടെ ഫോൺ കോളുകളുടെ രേഖയാണ് ഹാജരാക്കിയതെന്ന് 158ാം സാക്ഷി ബി.എസ്.എൻ.എൽ ആൾട്ട൪നേറ്റ് നോഡൽ ഓഫിസ൪ എസ്.എൻ. രമേഷ് രാജ് മാറാട് പ്രത്യേക അഡീ. സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ മൊഴിനൽകി.
രണ്ടാം പ്രതി കി൪മാണി മനോജിൻെറതായി പറയുന്ന ഫോണിൻെറ രേഖകളും ഹാജരാക്കി. 2012 ഏപ്രിൽ രണ്ടിന് ഉച്ചക്കുശേഷം ടി.പിയെ വധിക്കാൻ പ്രതികൾ ഓ൪ക്കാട്ടേരി പടയങ്കണ്ടി രവീന്ദ്രൻെറ പൂക്കടയിൽ ഗൂഢാലോചന നടത്തി എന്ന പ്രോസിക്യൂഷൻ ആരോപണത്തിന് തെളിവായി ആ സമയത്തെ ഫോൺ രേഖകളെപ്പറ്റി സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. പി. കുമാരൻ കുട്ടി രമേഷ് രാജിനോട് ചോദ്യമുന്നയിച്ചു. ഒമ്പതാം പ്രതിയും സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായിരുന്ന സി.എച്ച്. അശോകൻെറതായി പറയുന്ന നമ്പ൪ ആ ദിവസം വൈകുന്നേരം 3:16 മുതൽ 4:04 വരെ ഓ൪ക്കാട്ടേരി ടവറിന് കീഴിലായിരുന്നുവെന്ന് ഓഫിസ൪ മൊഴിനൽകി. ടി.പി വധിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് 2012 ഏപ്രിൽ 26ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്ററുടെ ഫോണിലേക്ക് 13ാം പ്രതി പി.കെ. കുഞ്ഞനന്തൻെറ ഫോണിൽനിന്ന് രാവിലെ 7.01ന് കോൾ വന്നതായി കാണുന്നു. ഇതിനുമുമ്പും പിമ്പുമുള്ള ദിവസങ്ങളിൽ മോഹനൻ മാസ്റ്ററും കുഞ്ഞനന്തനുമായി ബന്ധപ്പെടുന്നത് ഈ അവസരത്തിൽ മാത്രമാണെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. ടി.പിയെ വധിക്കാൻ ഇന്നോവ കാ൪ ഏ൪പ്പെടുത്തുകയും മറ്റും ചെയ്തതായി പറയുന്ന ഈ ഘട്ടത്തിൽ നേതാക്കൾ പരസ്പരം ബന്ധപ്പെട്ടുവെന്നാണ് പ്രോസിക്യൂഷൻ വാദം.
രണ്ടാം പ്രതി കി൪മാണി മനോജ്, എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ, ഒമ്പതാം പ്രതി സി.എച്ച്. അശോകൻ, 11ാം പ്രതി ട്രൗസ൪ മനോജ്, 12ാം പ്രതി ജ്യോതിബാബു, 13ാം പ്രതി പി.കെ. കുഞ്ഞനന്തൻ, 14ാം പ്രതി പി. മോഹനൻ മാസ്റ്റ൪, 30ാം പ്രതി പടയങ്കണ്ടി രവീന്ദ്രൻ, 33ാം പ്രതി ഷനോജ് എന്ന കേളൻ എന്നിവ൪ ഉപയോഗിച്ചതായി പറയുന്ന ഫോൺ നമ്പറുകളടക്കം 10 നമ്പറുകളുടെ 700 ഓളം കോളുകളുടെ വിശദാംശങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. ഇവയിൽ 370 കോളുകൾ കെ.സി. രാമചന്ദ്രൻേറതാണ്.
2012 ഏപ്രിൽ 10ന് വൈകുന്നേരം നാലിനും അഞ്ചിനുമിടക്ക് പ്രതി ജ്യോതിബാബു ഉപയോഗിച്ചതായി പറയുന്ന ഫോൺ ചൊക്ളി ടവറിന് കീഴിലാണെന്ന് കാണുന്നു. ഈ സമയം ചൊക്ളി സമീറ ക്വാ൪ട്ടേഴ്സിൽ ടി.പിയെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. കെ.സി. രാമചന്ദ്രൻ ടി.പിയെ വധിക്കാനുള്ള ഓപറേഷനായി ഉപയോഗിച്ചെന്ന് പറയുന്ന ഫോണിലേക്ക് ആറു തവണ ജ്യോതി ബാബു ഉപയോഗിച്ച ഫോണിൽനിന്ന് കോൾ വന്നതായി കാണുന്നു. 2012 ഏപ്രിൽ 24, 28 ദിവസങ്ങൾക്ക് പുറമെ 2012 മേയ് ഒന്നിന് നാലുതവണ ഫോൺ വിളിച്ചിരുന്നു. സി.പി.എം പാ൪ട്ടി കോൺഗ്രസിൻെറ തിരക്കിൽ 2012 ഏപ്രിൽ എട്ടിന് വൈകുന്നേരം 5.38ന് ജ്യോതിബാബുവും കെ.സി. രാമചന്ദ്രനും ഉപയോഗിച്ചതായി പറയുന്ന ഫോണുകൾ തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ട്. പാ൪ട്ടി കോൺഗ്രസ് സമയം ടി.പി വധം പ്രതികൾ ആസൂത്രണം ചെയ്തുവെന്ന് പ്രോസിക്യൂഷൻ വാദമുണ്ട്. പാനൂ൪ ഏരിയാ കമ്മിറ്റിയംഗമായ പ്രതി പി.കെ. കുഞ്ഞനന്തൻ ജ്യോതിബാബുവും കൊടിസുനിയും അനൂപും ട്രൗസ൪ മനോജും പി. മോഹനൻ മാസ്റ്ററും സി. ബാബു ചാലിലുമായി പലതവണ ബന്ധപ്പെട്ടതായി കാണുന്നു. ടി.പി വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് വൈകുന്നേരം 4.45ന് പ്രതികളായ കൊടിസുനിയുടേതെന്ന് പറയുന്ന നമ്പറിൽനിന്ന് പി.കെ. കുഞ്ഞനന്തൻെറ നമ്പറിലേക്ക കോളുണ്ട്. ടി.പിയെ വധിച്ചുകഴിഞ്ഞ് രാത്രി 11.36ന് കി൪മാണി മനോജിൻേറതെന്ന് പറയുന്ന ഫോണിൽനിന്ന് പി.കെ. കുഞ്ഞനന്തൻെറ നമ്പറിലേക്ക് കോളുമുണ്ട്. ഈ സമയം കുഞ്ഞനന്തൻെറ ഫോൺ പാറാട്ടും കി൪മാണി മനോജിൻേറത് ചൊക്ളി ടവറിന് കീഴിലുമാണ് കാണിക്കുന്നത്. ടി.പി വധിക്കപ്പെട്ടതിന് പിറ്റേന്ന് രാവിലെ 6.55ന് സി. ബാബു ചാലിലിൻെറ നമ്പറിൽ കുഞ്ഞനന്തൻ വിളിച്ചതായി കാണുന്നു. ഇന്നോവ കാ൪ തരപ്പെടുത്താൻ പ്രതികൾ നീക്കം നടത്തിയെന്ന് പ്രോസിക്യൂഷൻ വാദിക്കുന്ന 2012 ഏപ്രിൽ 10നും കാ൪ വാടക കൊടുത്തുവെന്ന് പറയുന്ന ഏപ്രിൽ 24നും സി.എച്ച്. അശോകൻ, കെ.കെ. കൃഷ്ണൻ, കെ.സി. രാമചന്ദ്രൻ എന്നിവ൪ ഉപയോഗിച്ചതായി പറയുന്ന ഫോണുകൾ തമ്മിലും ബന്ധപ്പെട്ടതിന് രേഖയുണ്ട്. ബി.എസ്.എൻ.എൽ നോഡൽ ഓഫിസറുടെ വിസ്താരം ഇന്നും തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.