സരിതക്ക് ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം
text_fieldsകൊച്ചി: സോളാ൪ പ്ളാൻറ്-സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന സരിത എസ്. നായ൪ക്ക് മന്ത്രിമാ൪ക്ക് പുറമെ ഉന്നത ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം. സരിതയുടെ ബിസിനസുകൾക്ക് ഇവ൪ കൈവിട്ട സഹായം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നടത്തിയ തട്ടിപ്പുകൾക്കെല്ലാം ഉദ്യോഗസ്ഥ൪ മൗനാനുവാദം നൽകിയിരുന്നു. പൊലീസിലെ ഉന്നതരുമായും സെക്രട്ടേറിയറ്റിലെ ഏതാനും ഐ.എ.എസ് ഉദ്യോഗസ്ഥരുമായും സരിത അടുത്ത ബന്ധം പുല൪ത്തിയിരുന്നു. വിവിധ സ്റ്റേഷനുകളിൽ സരിതക്കെതിരെ ലഭിച്ച പരാതികളിലൊന്നും തുട൪ നടപടി ഉണ്ടാകാതിരുന്നതും ഉന്നതതല ബന്ധം മൂലമാണ്. മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരം പ്രാഥമികാന്വേഷണം നടത്തിയ ഇൻറലിജൻസ് വിഭാഗം സ൪ക്കാറിന് നൽകിയ റിപ്പോ൪ട്ടിലും ഇതുസംബന്ധിച്ച വിവരം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് രഹസ്യാന്വേഷണ വിഭാഗം എത്തിയത്.
പെരുമ്പാവൂരിൽ കസ്റ്റഡിയിലിരിക്കെ സരിതക്ക് സംസാരിക്കാൻ പൊലീസുകാ൪ ഫോൺ നൽകിയതും ഈ ബന്ധങ്ങളുടെ തുട൪ച്ചയാണത്രേ. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഫോൺ കൈമാറിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻെറ നി൪ദേശാനുസരണമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സരിതക്കെതിരെ വിവിധ ജില്ലകളിൽനിന്നുള്ള രഹസ്യാന്വേഷണ റിപ്പോ൪ട്ടുകളും ഞെട്ടിക്കുന്നതാണെന്ന വിവരവും ഇൻറലിജൻസ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. പെരുമ്പാവൂ൪ സ്വദേശി സഹദിൽനിന്ന് 45 ലക്ഷവും സിനിമാ താരം ശാലു മേനോനിൽനിന്ന് 20 ലക്ഷവും തൃശൂ൪ സ്വദേശിയിൽനിന്ന് 13 ലക്ഷവും സരിത തട്ടിയെടുത്തിട്ടും ലഭിച്ച പരാതികളിൽ ഒന്നിൽപോലും അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടില്ല.
സോളാ൪ വിൻറ്മിൽ ലൈസൻസ് തരപ്പെടുത്തിക്കൊടുക്കാമെന്ന പേരിലാണ് സഹദിൽനിന്ന് 45 ലക്ഷം തട്ടിയെടുത്തത്. പെരുമ്പാവൂരിൽമാത്രം അഞ്ചോളം പേ൪ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസ് സൂചന നൽകി. എന്നാൽ, ലഭിച്ചത് ഒരു പരാതിമാത്രം. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂ൪ ജില്ലകളിലും നൂറിലേറെ പേരിൽനിന്ന് സരിത ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസുമായും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ഉള്ള ബന്ധം മുതലെടുത്താണ് സരിത പലരെയും വലയിൽ വീഴ്ത്തിയിരുന്നത്. ഇരയെ വലയിൽ വീഴ്ത്തിയാൽ അവരെ നേരിൽ സമീപിച്ച് യാത്ര നടത്തുന്നതും പതിവായിരുന്നു. ആറോളം മന്ത്രിമാരുമായി സരിത ഫോണിൽ ബന്ധപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയിൽ ഒരുവ൪ഷം മുമ്പ് സരിത ആരംഭിച്ച സോളാ൪ ഡ്രീംസ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറായിരുന്നു. എറണാകുളത്ത് സോളാ൪ റിന്യൂവബ്ൾ എന൪ജി എന്ന സ്ഥാപനത്തിൻെറ വാ൪ഷികാഘോഷത്തിൽ മുഖ്യാതിഥി മന്ത്രി കെ.പി. മോഹനനായിരുന്നു. ഇവ൪ മൂന്നുവ൪ഷം മുമ്പ് ആരംഭിച്ച സ്ഥാപനത്തിൻെറ ഉദ്ഘാടനച്ചടങ്ങിലും മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സരിതയുടെ കാമുകനായും ഭ൪ത്താവായും അറിയപ്പെടുന്ന ബിജു കൃഷ്ണൻ ലണ്ടനിൽ പഠിക്കുമ്പോൾ രാഹുൽ ഗാന്ധി സഹപാഠിയായിരുന്നുവെന്ന് ചിലരെ ധരിപ്പിച്ച വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിജുവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ആറ് മന്ത്രിമാരുമായും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുമായും സരിത നടത്തിയ ടെലിഫോൺ സംഭാഷണങ്ങളെല്ലാം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻെറ നി൪ദേശം. പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുന്നതോടെ തട്ടിപ്പിനിരയായവ൪ പരാതിയുമായി സമീപിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇപ്പോൾ കേസ് അന്വേഷിക്കുന്ന പെരുമ്പാവൂ൪ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണനെ പലരും ഫോണിൽ ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട വിവരം അറിയിച്ചിട്ടുണ്ട്. എ.ഡി.ജി.പി ഹേമചന്ദ്രനാണ് അന്വേഷണച്ചുമതല. സംസ്ഥാനത്തെ പല പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.