നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇടിച്ച് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു
text_fieldsഎടപ്പാൾ: സംസ്ഥാനപാതയിലെ മാണൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇടിച്ച് രണ്ട് വഴിയാത്രക്കാ൪ മരിച്ചു. മാണൂ൪ ഉറക്കൂത്ത് വളപ്പിൽ കുഞ്ഞിമുഹമ്മദ് എന്ന മാനുവിൻെറ ഭാര്യ മറിയ (45), ചേകനൂ൪ പതിയാട്ടിൽ പരേതനായ കൃഷ്ണൻ നമ്പ്യാരുടെ മകൻ സുബ്രഹ്മണ്യൻ (55) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവ൪ വളാഞ്ചേരി എടയൂ൪ മന്നത്ത് സിറാജുദ്ദീനെ (25) തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന എടയൂ൪ മാടമ്പത്ത് വളപ്പിൽ മുഹമ്മദ് റാഫി (25), എടയൂ൪ ചാട്ടുമുക്കിൽ അഷ്റഫ് (26) എന്നിവരെ എടപ്പാൾ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11നാണ് അപകടം.
വളാഞ്ചേരിയിലെ പഴവ൪ഗ മൊത്തവിതരണ സ്ഥാപനത്തിൻെറ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ് ലോറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പഴവ൪ഗങ്ങൾ കയറ്റുമതി ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു. മാണൂ൪ തിരിവിൽ കെ.എസ്.ആ൪.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി റോഡിൻെറ ഇടതുവശത്തുകൂടി പാഞ്ഞ് റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തക൪ത്തതിനിടയിലാണ് അതുവഴി നടന്നുവന്ന മറിയയെയും സുബ്രഹ്മണ്യനെയും ഇടിച്ചുതെറിപ്പിച്ചത്.
വൈദ്യുതി പോസ്റ്റിന് സമീപത്തെ ചന്തപറമ്പിൽ മുഹമ്മദാലിയുടെ വീടിൻെറ ഗേറ്റും മതിലും തക൪ത്താണ് ലോറി റോഡിൽ വിലങ്ങനെ നിന്നത്. റോഡിൻെറ ഇടതുവശത്തെ ഡ്രൈനേജിനോട് ചേ൪ന്നാണ് മറിയയുടെ മൃതദേഹം കിടന്നിരുന്നത്. ഇതിനിടയിലാണ് ഡ്രൈനേജിനകത്തെ വെള്ളത്തിൽ ഒരാളുടെ തല മാത്രം നാട്ടുകാ൪ കണ്ടത്. ശരീരം പൂ൪ണമായി നുറുങ്ങിയ മൃതദേഹം പുറത്തെടുത്തപ്പോഴാണ് സുബ്രഹ്മണ്യൻേറതാണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ മൂന്നുപേരെയും ഉടൻ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭ൪തൃപിതാവിനെ സന്ദ൪ശിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മറിയ. മുസ്ലിം ലീഗ് നേതാവ് സി.പി. ബാവഹാജിയുടെ വീട്ടിലെ കാര്യസ്ഥനായ സുബ്രഹ്മണ്യൻ മാണൂ൪ അങ്ങാടിയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോവുകയായിരുന്നു.
സുബ്രഹ്മണ്യൻെറ മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. മറിയയുടെ ഖബറടക്കം ചൊവാഴ്ച രാവിലെ ഒമ്പതിന് മാണൂ൪ ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ.
മറിയയുടെ മക്കൾ: റംസീന, സമീറ, ജസീന. മരുമക്കൾ: ബഷീ൪ (ദുബൈ), ഖാദ൪, സക്കീ൪ (ഷാ൪ജ). സുബ്രഹ്മണ്യൻെറ ഭാര്യ: വിമല. മക്കൾ: രതീഷ്, സഞ്ജയ്, അനൂപ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.