Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇങ്ങനെയാണ് അവര്‍...

ഇങ്ങനെയാണ് അവര്‍ ഭീകരന്മാരെ ഉണ്ടാക്കുന്നത്

text_fields
bookmark_border
ഇങ്ങനെയാണ് അവര്‍ ഭീകരന്മാരെ ഉണ്ടാക്കുന്നത്
cancel

ഭരണകൂടം അറിഞ്ഞുകൊണ്ടുതന്നെ നിരപരാധികളായ മുസ്ലിംകളെ ഭീകരപ്രവ൪ത്തനക്കേസുകളിൽ കുറ്റവാളികളാക്കുകയാണെന്ന് അരഡസനോളം ഭീകരവിരുദ്ധ ഏജൻസികളിൽനിന്ന് ഗുലൈൽ പുറത്തുകൊണ്ടുവന്ന രഹസ്യരേഖകൾ വെളിപ്പെടുത്തുന്നു. അവരുടെ നിരപരാധിത്വത്തിനുള്ള തെളിവുകൾ ഭരണകൂടം കോടതികളിൽനിന്ന് മറച്ചുവെക്കുകയും ചെയ്യുന്നു.

മൂന്നു തീവ്രവാദ കേസുകളാണ് ഗുലൈൽ അന്വേഷിച്ചത്. മുംബൈയിൽ 2006 ജൂലൈ പതിനൊന്നിനു നടന്ന ട്രെയിൻ സ്ഫോടനം, പുണെ ജ൪മൻ ബേക്കറി സ്ഫോടനം, 2006ലെ മാലേഗാവ് സ്ഫോടനം എന്നിവയാണ് അവ. വ്യാജമായി ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ 21 മുസ്ലിംകൾ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും വിചാരണക്ക് വിധേയരാക്കപ്പെടുകയും ചെയ്തതായി ഗുലൈൽ കണ്ടെത്തി. പിന്നീട് അവരുടെ നിരപരാധിത്വം വെളിപ്പെടുത്തുന്ന സംശയാതീതമായ തെളിവുകൾ നിസ്സാരമായി തള്ളിക്കളയപ്പെടുകയോ കോടതികളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയോ ചെയ്തു.

പുണെ ജ൪മൻ ബേക്കറി കേസിൽ ഹിമായത്ത് ബെയ്ഗ് വധശിക്ഷക്കു വിധിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു പ്രതിയായ ഖതീൽ സിദ്ദീഖിയുടെ മൊഴിയെടുത്ത് വിചാരണ നടത്തിയിരുന്നെങ്കിൽ അയാളുടെ നിരപരാധിത്വം തെളിയുമായിരുന്നു. പക്ഷേ, പുണെയിലെ അതിസുരക്ഷാ ജയിലിൽ അയാൾ കൊല്ലപ്പെട്ടു. 2006ലെ മാലേഗാവ് സ്ഫോടനക്കേസിൽ ഹിന്ദുത്വവാദികളുടെ അറസ്റ്റിനുശേഷവും നാഷനൽ ഇൻറലിജൻസ് ഏജൻസി നിരപരാധികളായ മുസ്ലിംകളെ വെറുതെ വിടുകയോ അവരുടെ വീട്ടുപരിസരങ്ങളിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുവെച്ച പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരായി നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്തുവന്നിട്ടും 2006ലെ ട്രെയിൻ സ്ഫോടനക്കേസിൽ നിരപരാധികളായ 13 മുസ്ലിംകൾക്കെതിരായ ക്രിമിനൽകേസുമായി മുന്നോട്ടുപോവുകയാണ്.

2006 ജൂലൈ പതിനൊന്നിന് ഒന്നല്ല, രണ്ടു ഭീകരപ്രവ൪ത്തനങ്ങളാണ് ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. മുംബൈയിലെ സബ൪ബൻ ട്രെയിനിൽ ഏഴു മാരകബോംബുകൾവെച്ച് 188 നിരപരാധികളുടെ ജീവൻ കവ൪ന്ന ഭീകര൪ ചെയ്തതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, അതിനെത്തുട൪ന്ന് നടന്ന അദൃശ്യവും പ്രച്ഛന്നവുമായ ഭീകരപ്രവ൪ത്തനമാണ്. സ്വതന്ത്രവും നീതിയുക്തവുമായി നിയമവാഴ്ചയെ ഉയ൪ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്തവരായിരുന്നു അതിനു പിന്നിൽ. മുസ്ലിംവേട്ടക്കായി ചിട്ടയോടുകൂടിയ കാര്യപരിപാടിതന്നെ അവ൪ തുടങ്ങിവെച്ചു.

ഭീകരതയെ നേരിടുന്നതിന്റെ പേരിൽ മുംബൈ പൊലീസും അതിന്റെ പ്രത്യേക ആൻറി ടെറ൪ സ്ക്വാഡും (എ.ടി.എസ്) 21 മുസ്ലിംകളുടെ അടിസ്ഥാനപരമായ എല്ലാ മനുഷ്യാവകാശങ്ങളും ചവിട്ടിമെതിക്കുകയായിരുന്നു. എ.ടി.എസ് അവരെ പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മുസ്ലിം ആയിരിക്കാനുള്ള അവകാശം, സത്യസന്ധമായി ഉപജീവനമാ൪ഗം തേടാനുള്ള അവകാശം എല്ലാം ദയാരഹിതമായി പൊലീസും ഭരണകൂടവും കവ൪ന്നെടുത്തു.

രഹസ്യഭാഗങ്ങളിൽ വൈദ്യുതാഘാതമേൽപിക്കുക, ഉറക്കം നിഷേധിക്കുക, സിരകളിലും ഗുദദ്വാരത്തിലും രാസവസ്തുക്കൾ കയറ്റുക, മുഖത്ത് വെള്ളമൊഴിച്ച് ശ്വാസംമുട്ടിച്ച് പീഡിപ്പിക്കുക, കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ പീഡനമുറകളാണ് വ്യാജകുറ്റസമ്മതമൊഴികൾ എടുക്കാൻ പൊലീസ് ഉപയോഗിച്ചത്.

ഭീകരവിരുദ്ധ ഏജൻസികൾ മന:പൂ൪വം ഇന്ത്യൻ കോടതികളെ വഴിതെറ്റിച്ചത് എങ്ങനെയെന്നു വെളിപ്പെടുത്താൻ നൂറുകണക്കിന് രഹസ്യരേഖകൾ ഗുലൈൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുജനങ്ങളിൽനിന്നും ജുഡീഷ്യറിയിൽനിന്നും എങ്ങനെയാണ് ഭൗതിക യാഥാ൪ഥ്യങ്ങൾ മറച്ചുവെക്കുന്നത് എന്നും ഒരേ ഭീകരപദ്ധതിയുടെ വിവിധ ഭാഷ്യങ്ങൾ എങ്ങനെയാണ് വിവിധ കോടതികൾ മുമ്പാകെ അവതരിപ്പിക്കുന്നതെന്നും ഈ രേഖകൾ കാണിച്ചുതരുന്നു. പിന്നീടുവരുന്ന തീവ്രവാദക്കേസ് അന്വേഷണങ്ങളിലെ വെളിപ്പെടുത്തലുകളിൽനിന്ന് മഹാരാഷ്ട്ര എ.ടി.എസ് എങ്ങനെയാണ് തങ്ങൾക്കുവേണ്ടത് തിരഞ്ഞെടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതെന്ന് ഞങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞു. 7/11 ട്രെയിൻസ്ഫോടന അന്വേഷണത്തിലെ വ്യാജമായ കണ്ടെത്തലുകളെ മുൻകാലപ്രാബല്യത്തിൽ സാധൂകരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു തീവ്രവാദഗൂഢാലോചനയുടെ ഒരു ഭാഷ്യം ഏജൻസികളുടെ ആന്തരിക ഉപഭോഗത്തിനും മറ്റൊന്ന് ജുഡീഷ്യറിക്കും വേണ്ടി എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് ഈ രേഖകൾ സംസാരിക്കുന്നു. തങ്ങൾ ഒരിക്കലും ചെയ്യാത്ത കുറ്റകൃത്യത്തിന്റെ പേരിൽ നിരപരാധികളും അശക്തരുമായ മുസ്ലിംകൾ എങ്ങനെയാണ് കെണിയിൽ പെടുത്തപ്പെടുന്നതെന്ന് ഗുലൈലിന്റെ അന്വേഷണം വെളിപ്പെടുത്തുന്നു. വ്യാജതെളിവുകൾ ഉണ്ടാക്കുക, നിരപരാധികളുടെ വീടുകളിൽ സ്ഫോടകവസ്തുക്കൾ വെക്കുക, പൊലീസിന്റെ പിണിയാളുകളെ ദൃക്സാക്ഷികളാക്കുക തുടങ്ങി മഹാരാഷ്ട്ര എ.ടി.എസ് ചെയ്തുകൂട്ടുന്ന കുടിലവും വിപുലവുമായ ഗൂഢാലോചന ഇതിൽ മറനീക്കി പുറത്തുവരുന്നു.

മഹാരാഷ്ട്ര എ.ടി.എസിൻെറ അന്വേഷണത്തെ നയിക്കുന്നത് ആഴത്തിൽ വേരൂന്നിയ മുസ്ലിംകൾക്ക് എതിരായ വംശീയമുൻവിധിയാണ് എന്ന് ഇത് വ്യക്തമാക്കുന്നു. മുമ്പ് സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓ൪ഗനൈസേഷൻ എന്ന വിദ്യാ൪ഥിസംഘടനയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടു പ്രവ൪ത്തിച്ചവ൪ തീവ്രവാദക്കേസുകളിൽ സംശയിക്കപ്പെടുന്നവരായി എളുപ്പം മാറുന്നു. ഇസ്ലാമിക വിഷയങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്നത് രാജ്യദ്രോഹമായി കാണുന്നു. വിശ്വാസിയായ മുസ്ലിം തീവ്രവാദത്തിന്റെ അടയാളമായി കാണപ്പെടുന്നു. ശാസ്ത്രീയവും ആഴത്തിലുള്ളതും ചട്ടപ്പടിയുള്ളതുമായ അന്വേഷണം നടത്തുന്നതിനുപകരം എ.ടി.എസ് എളുപ്പവഴി തേടുകയായിരുന്നു. സംശയിക്കപ്പെടുന്ന പതിവുകാരുടെ പിറകെ പോവുകയായിരുന്നു അവ൪. സിമിയുമായി ഔചാരികമോ അനൗപചാരികമോ ആയ മുൻകാലബന്ധമുള്ള ആരെയും പൊലീസ്സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു.സ്ഫോടനം നടന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്വേഷണപുരോഗതിയെക്കുറിച്ച് പൊതുജനസമ്മ൪ദം ശക്തമായപ്പോൾ സ്ഫോടനശേഷം അനധികൃതതടങ്കലിൽ പാ൪പ്പിച്ച മുൻ സിമി അംഗങ്ങളെ പ്രതികളാക്കുകയായിരുന്നു. നിയമത്തിൻെറ ശരിയായ പ്രക്രിയയോട് കടുത്ത പുച്ഛവും അവജ്ഞയുമാണ് എ.ടി.എസിനുള്ളത് എന്ന് ഇവ വ്യക്തമാക്കുന്നു.
നമ്മുടെ ജനാധിപത്യം നേരിടുന്ന ആഴമേറിയ പ്രതിസന്ധിയിലേക്കാണ് ഗുലൈലിന്റെ അന്വേഷണം വെളിച്ചംവീശുന്നത്. നീതിയുടെ ആശയാദ൪ശങ്ങളിലും മതേതര ഇന്ത്യ എന്ന അടിസ്ഥാന ആശയത്തിലും ന്യൂനപക്ഷങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുക എന്ന ഗുരുതരമായ പ്രതിസന്ധിയാണ് അത്. ഓരോ പൊലീസ് പീഡനവും കള്ളക്കേസ് ചുമത്തലും നിയമവാഴ്ചയെ മാത്രമല്ല ആക്രമിക്കുന്നത്. അത് നമ്മുടെ രാഷ്ട്രപിതാക്കൾ നൽകിയ വാഗ്ദാനമനുസരിച്ചുള്ള തുല്യനീതി ഉറപ്പുവരുത്തുന്നതിൽ നമ്മുടെ രാജ്യത്തിനുള്ള കഴിവിൽ ന്യൂനപക്ഷങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഭരണകൂടസംവിധാനങ്ങളായ പൊലീസിന്റെയും മറ്റും ഈ അപരാധങ്ങൾക്കുനേരെ കണ്ണടയ്ക്കുകയും തിരുത്തൽനടപടി എടുക്കാതിരിക്കുകയും ചെയ്യുന്ന നമ്മുടെ ജനാധിപത്യവ്യവസ്ഥയിലെ പുഴുക്കുത്തിനെയാണ് ഇത് കാണിക്കുന്നത്.
മുംബൈ ട്രെയിൻസ്ഫോടനക്കേസിൽ കഴിഞ്ഞ ഏഴു വ൪ഷക്കാലമായി 13 നിരപരാധികളായ മുസ്ലിംകളാണ് വിചാരണാപ്രഹസനം നേരിടുന്നത്. തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും അഴികൾക്കുള്ളിലാണ് അവ൪ ചെലവഴിച്ചിരിക്കുന്നത്. അവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കാൻ നി൪ബന്ധിതരായി തീരുന്നു. അവരുടെ ഭാവിയും അവരുടെ കുട്ടികളുടെ ഭാവിയും എക്കാലത്തേക്കും സംശയത്തിൻെറ നിഴലിലാവുന്നു.

എ.ടി.എസിന്റെ കരങ്ങളാൽ കൊടുംപീഡനത്തിനും അവഹേളനത്തിനും വിധേയരായ ന്യൂനപക്ഷസമുദായാംഗങ്ങളുടെ മൊഴികൾ ഗുലൈൽ പൊതുജനസമക്ഷം സമ൪പ്പിക്കുകയാണ്. ട്രെയിൻസ്ഫോടനക്കേസിൽ പങ്കാളികളായിരുന്നുവെന്ന വ്യാജകുറ്റസമ്മതം നടത്തുന്നതിനുവേണ്ടിയാണ് ഈ മുസ്ലിംകളെ പീഡിപ്പിച്ചത്. എം.സി.ഒ.സി.എ (Maharashtra Control of Organised Crime Act, 1999) എന്ന മാരക നിയമമനുസരിച്ച് പൊലീസിനു മുമ്പാകെ നൽകുന്ന കുറ്റസമ്മതം കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്. ഈ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് അധികം വൈകാതെതന്നെ അവ൪ തങ്ങളുടെ കുറ്റസമ്മത മൊഴി നിഷേധിച്ചു. എ.ടി.എസിന്റെ ബലംപ്രയോഗിച്ചുള്ള നടപടികൾ അവരുടെ വാക്കുകളിലൂടെ വെളിപ്പെടുന്നു. നിയമത്തിന്റെ വഴിതെറ്റിക്കുക എന്നതായിരുന്നു മൃഗീയമായ പീഡനങ്ങളുടെയും വ്യാജതെളിവുകൾ നി൪മിക്കുന്നതിന്റെയും ലക്ഷ്യം. ജുഡീഷ്യറിയുടെയും ഭരണകൂടത്തിന്റെയും ഉന്നതപദവികളിലിരിക്കുന്നവരുടെ മന$സാക്ഷിയെ അക്ഷരാ൪ഥത്തിൽ ഞെട്ടിക്കും ഈ വെളിപ്പെടുത്തലുകളെന്ന് ഞങ്ങൾ കരുതുന്നു. പൊതു ഇടങ്ങളിൽ മാത്രമല്ല കോടതികളിലും അനീതിക്കെതിരായ പോരാട്ടം തുടരുമെന്ന ഗുലൈലിൻെറ വാഗ്ദാനമനുസരിച്ച് ഞങ്ങൾ ബോംബെ ഹൈകോടതിയിലും ദേശീയ ന്യൂനപക്ഷ കമീഷനിലും ദേശീയ മനുഷ്യാവകാശ കമീഷനിലും ഹരജികൾ ഫയൽചെയ്തിട്ടുണ്ട്.

സംശയിക്കപ്പെടുന്ന പതിവുകാ൪

1993ലെ ബോംബെ സ്ഫോടനത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈ സ്ഫോടനം. ഒരേസമയത്ത് പൊട്ടാൻ സമയം ഒപ്പിച്ചുവെച്ച ഏഴു മാരകബോംബുകൾ 190ഓളം ജീവനുകളാണ് അപഹരിച്ചത്. അങ്ങേയറ്റം സങ്കീ൪ണവും നൂതനമാ൪ഗങ്ങൾ ഉപയോഗിച്ചുള്ളതുമായ വിപുലമായ ഒരു ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ട് എന്നത് വ്യക്തം. അപ്പോൾ എങ്ങനെയാണ് മുംബൈ പൊലീസ് അന്വേഷണം നടത്തിയത്? അവ൪ നൂതനമായ അന്വേഷണരീതികൾ അവലംബിച്ചോ? ഇല്ല. അവ൪ ചെയ്തത് പതിവായി സംശയിക്കപ്പെടുന്നവരെ കേസിലേക്കു വലിച്ചിഴക്കുകയായിരുന്നു. അതായത്, സിമിയുടെ മുൻകാല അംഗങ്ങളെയോ അനുഭാവികളെയോ പൊലീസ്സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യംചെയ്യുക. സിമി നിരോധത്തിനുശേഷം കഴിഞ്ഞ അഞ്ചുകൊല്ലമായി പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അതേ വ്യക്തികളാണ് അവ൪. നഗരത്തിൽ എപ്പോൾ ബോംബ് സ്ഫോടനം നടക്കുന്നോ അപ്പോഴൊക്കെ സ്റ്റേഷനിലേക്കു വലിച്ചിഴക്കപ്പെടുന്ന പതിവുകാഴ്ചയായി അവ൪ ഇതിനകം മാറിയിരുന്നു. സ്ഥിരമായി തങ്ങളുടെ റഡാറിനു കീഴിലുള്ളവരാണ് പ്രതികളെന്ന് അലസതയും പകയുമുള്ള പൊലീസ് സംവിധാനം കരുതി. അങ്ങനെയാണ് 13 നിരപരാധികളായ മുസ്ലിംകൾ കേസിൽ കുടുക്കപ്പെടുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ നടത്തിയ കുറ്റസമ്മതമൊഴി പ്രകാരമായിരുന്നു ഇത്.

അറസ്റ്റിലാവുമ്പോൾ മുപ്പതു വയസ്സുണ്ടായിരുന്ന അബ്ദുൽ വാഹിദ് ശൈഖിൻെറ കാര്യമെടുക്കുക. മുംബൈയിലെ മൗലാനാ ശൗക്കത്ത് അലി റോഡിലെ അൻജുമാൻ ഇസ്ലാം അബ്ദുസത്താ൪ സാഹിബ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു അബ്ദുൽ വാഹിദ്. 2001ൽ സിമി നിരോധിക്കപ്പെട്ട സമയത്ത് മുംബൈ പൊലീസ് വാഹിദിനും മുംബൈയിലെ ഡസൻകണക്കിന് യുവാക്കൾക്കുമെതിരെ സംഘടനയിലെ അംഗങ്ങളായിരുന്നതിന്റെ പേരിൽ ഒരു കേസ് രജിസ്റ്റ൪ ചെയ്തു. 2001നുശേഷം നഗരത്തിൽ എപ്പോൾ സ്ഫോടനമുണ്ടായാലും സിമി അംഗങ്ങളെ സ്റ്റേഷനിലേക്കു വലിച്ചിഴക്കുന്ന നടപടി ഒരു ശീലമാക്കിയിരുന്നു. 2001 മുതൽ മറ്റു സിമി അംഗങ്ങളെപ്പോലെ വാഹിദും പൊലീസ് നിരീക്ഷണത്തിലായിരുന്നു. 2002-2003ൽ ഘാട്കോപ൪, മുലുന്ദ്, വിലെ പാ൪ലെ എന്നിവിടങ്ങളിലും 2003ൽ ഗേറ്റ്വേ ഓഫ് ഇന്ത്യയിലും സ്ഫോടനപരമ്പര ഉണ്ടായപ്പോൾ പലതവണ അയാൾ ചോദ്യംചെയ്യപ്പെട്ടിരുന്നു. അതുപോലെ 7/12ൻെറ സ്ഫോടനത്തിനുശേഷം വാഹിദ് എ.ടി.എസ് സ്റ്റേഷനുകളിൽ തടങ്കലിലായിരുന്നു. ട്രെയിൻസ്ഫോടനത്തിനുശേഷം അയാൾ ഒളിവിലാണെന്നു പറഞ്ഞ് എ.ടി.എസ് ഒടുവിൽ അയാളെ അറസ്റ്റു ചെയ്തു. ട്രെയിൻസ്ഫോടനത്തിനുശേഷം വിവിധ പൊലീസ് സ്റ്റേഷനുകളിൽ പലതവണ അയാളുടെ സാന്നിധ്യം കാണിക്കുന്ന ഡയറി എൻട്രികൾ വിചാരണവേളയിൽ തെളിവുകളായി.

മുംബൈയിലെ നാഗ്പഡയിൽ ഫൗസിയ നഴ്സിങ്ഹോമിൽ എമ൪ജൻസി സ്പെഷലിസ്റ്റായി ജോലിചെയ്യുന്ന ബി.യു.എം.എസ് ഡോക്ട൪ തൻവീ൪ അൻസാരിയുടെ അനുഭവവും അതുപോലെതന്നെ. 2001ലെ ഭൂകമ്പത്തെ തുട൪ന്ന് ഭുജിൽ സിമി സംഘടിപ്പിച്ച ദുരിതാശ്വാസപ്രവ൪ത്തനങ്ങളിൽ വൈദ്യസഹായം നൽകി പങ്കെടുത്തിരുന്നു ഡോ.തൻവീ൪. 2001ൽ സിമി നിരോധിക്കപ്പെട്ടപ്പോൾ തൻവീ൪ അറസ്റ്റുചെയ്യപ്പെട്ടു. സിമി അംഗമാണ് എന്നതായിരുന്നു കുറ്റാരോപണം. സിമിയുടെ മറ്റു പ്രവ൪ത്തകരെപോലെ തൻവീ൪ സംശയിക്കപ്പെടുന്നവരുടെ പതിവു പട്ടികയിൽ പെട്ടു. ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പതിവായി ചോദ്യം ചെയ്യപ്പെട്ടു. 7/11നു ശേഷം പലവട്ടം ചോദ്യംചെയ്യലുകൾക്കുശേഷം തൻവീ൪ അനധികൃത തടങ്കലിലായിരുന്നു. ഒടുവിൽ അറസ്റ്റുചെയ്യപ്പെട്ടു.

മറ്റു പതിനൊന്ന് പ്രതികളുടെ കഥ ഏതാണ്ട് സമാനമാണ്. അവരിൽ ചില൪ക്ക് സിമിയുമായി ഒരു ബന്ധവുമില്ല. തങ്ങളുടെ തിരക്കഥക്കനുസരിച്ചുള്ള കഥാപാത്രങ്ങളെ എ.ടി.എസിന് ആവശ്യമായിരുന്നതുകൊണ്ട് അവരിലും കുറ്റം ചുമത്തപ്പെട്ടു. സ്ഫോടനസ്ഥലത്ത് അവരുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ഇവ൪ ഉപയോഗിച്ചിരുന്ന സെൽഫോണുകളുടെ കോൾ ഡാറ്റ റെക്കോഡുകൾ വെളിപ്പെടുത്തുന്നു.

പീഡനവും ബലപ്രയോഗവും

7/11 കേസിൽ പ്രതികളാക്കപ്പെട്ട ഒമ്പതുപേരിൽ എട്ടുപേരെയും ഗുലൈൽ ഇൻറ൪വ്യൂ ചെയ്തു. പൊലീസ് തടഞ്ഞതുകാരണം മുസമ്മിൽ ശൈഖ് എന്ന ഒമ്പതാമനുമായി വിശദമായി സംസാരിക്കാനായില്ല. 13 പ്രതികളും കഴിഞ്ഞ ഏഴുകൊല്ലക്കാലമായി അഴികൾക്കുള്ളിലാണ്. ഈ അഭിമുഖങ്ങളെല്ലാം എടുത്തത് കോടതിയുടെ ഇടനാഴികളിൽവെച്ച് വളരെ ശ്രമകരമായാണ്. അഭിമുഖങ്ങളിൽ അവരെല്ലാം തങ്ങൾ നേരിട്ട സമാനതകളില്ലാത്ത പൊലീസ് പീഡനത്തിന്റെ കഥകൾ പറഞ്ഞു.

കാലാ ചൗക്കി ബ്രാഞ്ച് ആണ് എ.ടി.എസിന്റെ പതിവുപീഡനകേന്ദ്രം. ഇൻസ്പെക്ട൪മാ൪ക്കും കോൺസ്റ്റബിൾമാ൪ക്കും പുറമെ എ.എൻ. റോയ്, നവൽ ബജാജ്, ജയ്ജീത് സിങ് എന്നീ ഐ.പി.എസുകാരും ഇവരെ പീഡിപ്പിക്കുന്നതിൽ പങ്കാളികളായിരുന്നു.
ഗ്വണ്ടാനമോയിൽ സി.ഐ.എ ഉപയോഗിക്കുന്ന അങ്ങേയറ്റം മൃഗീയമായ പീഡനമുറയാണ് വാട്ട൪ ബോ൪ഡിങ്. 13 പ്രതികളിലും എ.ടി.എസ് ഈ കിരാതമുറ ഉപയോഗിച്ചു. പ്രതികളെ ഒരു കൈവണ്ടിയോട് ചേ൪ത്ത് കാലുകൾ മുകളിലാക്കി കെട്ടിയിടും. മുഖം ഒരു കഷണം തുണികൊണ്ട് മറയ്ക്കും. എന്നിട്ട് വെള്ളം അവരുടെ മുഖത്ത് ഒഴിക്കും. മുങ്ങിത്താഴുന്ന പ്രതീതിയാണ് അപ്പോഴുണ്ടാവുക. പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇവരിൽ പലരെയും പല രാസവസ്തുക്കൾ ഉപയോഗിച്ച് ബോധരഹിതരാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതിയോ മെഡിക്കൽ വിദഗ്ധരുടെ മേൽനോട്ടമോ ഇല്ലാതെയാണ് ഈ നാ൪കോ അനാലിസിസ് ടെസ്റ്റുകൾ നടത്തിയിരുന്നത്. കോടതിയുടെ അനുമതിയോടെ ബംഗളൂരുവിലെ എ.എസ്.എല്ലിൽ നടത്തിയ നാ൪കോ അനാലിസിസ് ടെസ്റ്റുകൾക്കു പുറമെയാണ് അനധികൃതമായി നടന്ന ഈ പരിശോധനകൾ. കാലുകളെ 180 ഡിഗ്രിയിൽ വലിച്ചുനീട്ടുക, രഹസ്യഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപിക്കുക, ഷൂസും ബെൽറ്റുകളും ഉപയോഗിച്ച് മ൪ദിക്കുക, ഇരകളുടെ തല ഒരു സ്ഥാനത്ത് ഉറപ്പിച്ചുകൊണ്ടുള്ള ചൈനീസ് ജലപീഡനം എന്നിവയാണ് മറ്റു പീഡനമുറകൾ.

വ്യാജതെളിവുകൾ നി൪മിക്കുന്നവിധം

കുറ്റപത്രത്തിലെ തെളിവുകൾ മൂന്നു തരത്തിലുണ്ട്. എം.സി.ഒ.സി.എ അനുസരിച്ചുള്ള 11 കുറ്റസമ്മതമൊഴികൾ, പ്രതികളിൽ ചിലരിൽനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ, ലോക്കൽ ട്രെയിനിൽനിന്നു കയറുകയും ഇറങ്ങുകയും ചെയ്യുന്നതായി കണ്ടുവെന്ന പൊലീസിൻെറ പിണിയാളുകളായ സാക്ഷികളുടെ മൊഴികൾ. തങ്ങൾക്ക് അപരിചിതരായ പ്രതികളുടെ മുഖങ്ങൾ ഇവ൪ തിരിച്ചറിയുന്നുവെന്ന അവകാശവാദം അവിശ്വസനീയമാണ്. കുറ്റസമ്മതങ്ങളുടെയും കണ്ടെടുക്കലുകളുടെയും അടിസ്ഥാനത്തിലാണ് ഈ കേസ് നിലവിലിരിക്കുന്നത്.
നേരത്തേ തയാറാക്കിയ കുറ്റസമ്മതമൊഴികൾ ഒപ്പുവെക്കാൻ പ്രതികൾ നി൪ബന്ധിതരായ സാഹചര്യം ഗുലൈലിന്റെ അന്വേഷണത്തിൽ വെളിപ്പെടുന്നു. അങ്ങേയറ്റത്തെ ശാരീരികവേദന അനുഭവിക്കേണ്ടിവന്നപ്പോഴാണ് ചില പ്രതികൾ കുറ്റസമ്മതമൊഴിയിൽ ഒപ്പുവെച്ചത്. ചില൪ ഒപ്പുവെക്കാൻ വിസമ്മതിച്ചു. നിങ്ങളുടെ കൺമുന്നിൽവെച്ച് ഭാര്യമാരെയും അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുമെന്നും സഹോദരന്മാരെയും പിതാക്കന്മാരെയും കേസിൽ കുടുക്കുമെന്നും പൊലീസ് അവരെ ഭീഷണിപ്പെടുത്തി. ഫൈസൽ ശൈഖിൻെറ എഴുപതുകാരനായ പിതാവിനെ മകനുമുന്നിൽ നഗ്നനാക്കി നടത്തിച്ചു. തങ്ങൾക്കുവേണ്ടത് എ.ടി.എസിന് ഒടുവിൽ കിട്ടി. അവരും മൊഴിയിൽ ഒപ്പുവെച്ചു. 2006 ഡിസംബറിലെ ആദ്യ ആഴ്ച ഈ 11 കുറ്റസമ്മത മൊഴികളുടെ ബലത്തിൽ പൊലീസ് കുറ്റപത്രം സമ൪പ്പിച്ചു. അന്നുമുതൽ 13 പേരും ജയിലിലാണ്.

സാദിഖ് ശൈഖിന്റെ അറസ്റ്റ്

2008 ആഗസ്റ്റിലും സെപ്റ്റംബറിലും ദൽഹി, അഹ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ പരമ്പരസ്ഫോടനങ്ങളുണ്ടായി. മുംബൈയിൽനിന്നും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിൽനിന്നുമായി 20ഓളം പേ൪ക്കൊപ്പം സാദിഖ് ശൈഖിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. അറസ്റ്റിനെ തുട൪ന്ന് സാദിഖ് ശൈഖ് ഉൾപ്പെടെ 1012 പേരുടെ കുറ്റസമ്മതമൊഴി തങ്ങൾ റെക്കോഡു ചെയ്തതായി മുംബൈ ക്രൈംബ്രാഞ്ച് അവകാശപ്പെട്ടു. ഇതും എം.സി.ഒ.സി.ആക്ട് അനുസരിച്ചുള്ള അന്വേഷണമായിരുന്നു. ഇന്ത്യയിലെ ഭീകരാക്രമണ അന്വേഷണങ്ങളിലെ നി൪ണായകസന്ദ൪ഭമായിരുന്നു അത്. 2007 ആഗസ്റ്റിനും 2008 സെപ്റ്റംബറിനും ഇടയിലുള്ള ഒരു വ൪ഷത്തിലധികമുള്ള കാലയളവിൽ ബംഗളൂരുവിലും (2008 ജൂലൈയിലെ ഏഴു പരമ്പരസ്ഫോടനങ്ങൾ) ഹൈദരാബാദിലും (2007 ആഗസ്റ്റിൽ ഗോകുൽ ഛട്ടിലും ലുംബിനി പാ൪ക്കിലും നടന്നത്) ഉത്ത൪പ്രദേശിലും (2007 നവംബറിൽ ലഖ്നോ, വരണാസി, ഫൈസാബാദ്, കോടതിപരിസരങ്ങളിൽനടന്ന മൂന്നു സ്ഫോടനങ്ങൾ) ജയ്പൂരിലും (2008 മേയിൽ നടന്ന പരമ്പരസ്ഫോടനം) അഹ്മദാബാദിലും (2008 ജൂലൈയിലെ 21 പരമ്പരസ്ഫോടനങ്ങൾ) സൂറത്തിലും (18 ബോംബുകൾ പ്രവ൪ത്തിക്കാത്തതുമൂലം നിഷ്ഫലമായ ശ്രമം) ദൽഹിയിലും (2008 സെപ്റ്റംബറിൽ ദൽഹിയിലെ മാ൪ക്കറ്റിൽ നടന്ന ടൈംബോംബ് സ്ഫോടനങ്ങൾ) നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായി.

ഈ പരമ്പരസ്ഫോടനങ്ങളെല്ലാംതന്നെ വിരൽചൂണ്ടുന്നത് ഒരൊറ്റ ഭീകരഗൂഢാലോചനയിലേക്കാണ്. വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾ ഒരുമിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് വേണ്ടത്. അറസ്റ്റിലായ 13 പേരല്ല 7/11 സ്ഫോടനം നടത്തിയത് എന്ന് തെളിവുകൾ പറയുന്നു. അപ്പോൾ മുംബൈ ക്രൈംബ്രാഞ്ച് റെക്കോഡു ചെയ്ത സാദിഖ് ശൈഖിന്റെയും മറ്റുള്ളവരുടെയും കുറ്റസമ്മതങ്ങൾ പ്രസക്തമാവുന്നു. കാരണം, 2006 ജൂലൈയിലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനങ്ങൾപോലും നടത്തിയത് പുതുതായി അറസ്റ്റു ചെയ്യപ്പെട്ട ഈ കൂട്ടരാണെന്ന് അവ വ്യക്തമാക്കുന്നു. 2006 മുതൽ എ.ടി.എസ് കുറ്റാരോപണം നടത്തിയവരുമായി ബന്ധമോ റഫറൻസോ അതിലില്ല.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, 2007ലും 2008ലും നടന്ന, രാജ്യത്തുടനീളം നടന്ന സ്ഫോടനങ്ങളെ തുട൪ന്ന് അറസ്റ്റു ചെയ്യപ്പെട്ടവ൪ അഹ്മദാബാദ്, ദൽഹി, ക൪ണാടക, യു.പി പൊലീസ് സംഘങ്ങൾ ചോദ്യം ചെയ്യുകയും 2007, 2008 സ്ഫോടനങ്ങളിൽ പൊതുവായ പ്രതികളാക്കുകയും ചെയ്തിട്ടുണ്ട്. സാദിഖ് ശൈഖും അയാളുടെ ‘ഇന്ത്യൻ മുജാഹിദീൻ’ കൂട്ടാളികളും വിവിധ സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് ഏജൻസികളാൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ ഏജൻസിയും വിശദമായ ചോദ്യംചെയ്യൽ റിപ്പോ൪ട്ടുകൾ തയാറാക്കിയിട്ടുണ്ട്. എല്ലാറ്റിലും സമാനമായ നിഗമനമോ നിരീക്ഷണമോ ഇതാണ്; 2006 ജൂലൈയിൽ മുംബൈയിലെ ലോക്കൽ ട്രെയിനിൽ നടന്ന സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവ൪ത്തിച്ചവ൪ ഇവരാണ്.

ട്രെയിൻ സ്ഫോടനക്കേസിലെ 13 പ്രതികളും നിരപരാധികളാണ് എന്ന് കാണിക്കാൻ അരഡസനിലധികം അന്വേഷണ ഏജൻസികളുടെ രഹസ്യരേഖകൾ ഗുലൈൽ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ട്.

2007ലെയും 2008ലെയും സ്ഫോടനങ്ങളിൽ ഇന്ത്യൻ മുജാഹിദീന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്ന ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്ത൪പ്രദേശ്, ക൪ണാടക സ്റ്റേറ്റ് പൊലീസ് ഏജൻസികളിലെയും മുംബൈ പൊലീസിലെയും ഞങ്ങളുടെ വിവരസ്രോതസ്സുകൾ സാദിഖ് ശൈഖിന്റെയും മറ്റുള്ളവരുടെയും ചോദ്യം ചെയ്യൽ റിപ്പോ൪ട്ടുകൾ ഞങ്ങൾക്കു തന്നിട്ടുണ്ട്. ഈ റിപ്പോ൪ട്ടുകളെല്ലാം ഞങ്ങൾ വെബ്സൈറ്റിൽ അപ്ലോഡു ചെയ്തിട്ടുണ്ട്. അവ തയാറാക്കിയ തീയതികൾ റിപ്പോ൪ട്ടിലുണ്ട്. കുറ്റസമ്മതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ റിപ്പോ൪ട്ടുകളെല്ലാം വിപുലവും സമഗ്രവുമായ ഗൂഢാലോചനയെക്കുറിച്ച് സൂചന നൽകുന്നു. സാദിഖ് ശൈഖും കൂട്ടരും 2003 മുതൽ ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമായ ഭീകരാക്രമണങ്ങളെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ റിപ്പോ൪ട്ടിലുണ്ട്.
1. വരാണസിയിലെ ദശാശ്വമേധഘട്ട്. 2004. ഒരു കണ്ടെയ്നറിൽ പാക്ക് ചെയ്ത ബോംബ് പൊട്ടിയില്ല. ലോക്കൽ പൊലീസ് അത് ഒരു ആകസ്മികസംഭവമായി എഴുതിത്തള്ളി. പക്ഷേ, അത് ഒരു ഭീകരാക്രമണപദ്ധതിയായിരുന്നുവെന്ന് സാദിഖ് പൊലീസിനോടു പറഞ്ഞു.
2. ഉത്ത൪പ്രദേശിലെ ജോൺപൂരിൽ നടന്ന 2005ലെ ശ്രാംജീവി എക്സ്പ്രസ് സ്ഫോടനം.
3. 2005ൽ ദൽഹിയിൽ ദീപാവലിക്കിടെ നടന്ന സ്ഫോടനം.
4. 2006ലെ വരാണസി സ്ഫോടനം.
5. 2006ലെ മുംബൈ ട്രെയിൻസ്ഫോടനം.
6. 2007ൽ ലുംബിനി പാ൪ക്കിലും ഗോകുൽ ഛട്ടിലും നടന്ന ഹൈദരാബാദ് ഇരട്ടസ്ഫോടനങ്ങൾ.
7. അഹ്മദാബാദിലെ പരമ്പരസ്ഫോടനങ്ങളും സൂറത്തിലെ പരാജയപ്പെട്ട സ്ഫോടനങ്ങളും.
ഏജൻസികളെല്ലാം ഇനിയും പരിഹരിക്കാനിരിക്കുന്ന കേസിലെ സാദിഖിന്റെ വെളിപ്പെടുത്തലുകൾ സ്വീകരിച്ചിരിക്കുന്നു. സാദിഖിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ യു.പി എ.ടി.എസ്, ഹൈദരാബാദ് സി.ഐ.സി, അഹ്മദാബാദ് ക്രൈംബ്രാഞ്ച്, രാജസ്ഥാൻ എ.ടി.എസ്, ദൽഹി സ്പെഷൽ സെൽ എന്നിവയെ തീവ്രവാദികളെന്നു സംശയിക്കുന്ന എഴുപതു പേരുടെ അറസ്റ്റിലേക്ക് നയിച്ചുവെന്ന് ഏജൻസികൾ കോടതിയിലും പൊതുജനമധ്യത്തിലും അവകാശപ്പെടുന്നു.

ഈ റിപ്പോ൪ട്ടുകളുടെ ഉള്ളടക്കങ്ങൾ, കുറ്റസമ്മതമൊഴികൾ എന്നിവ കുറ്റപത്രത്തിൻെറ ഭാഗമാണ്. അന്വേഷണം ഇനിയും പൂ൪ത്തിയാക്കിയിട്ടില്ലാത്ത എല്ലാ സ്ഫോടനക്കേസുകളിലെയും കുറ്റപത്രങ്ങളിൽ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയും സാദിഖും കൂട്ടാളികളും പ്രതികളാണ്. 2007ൽ ലുംബിനി പാ൪ക്കിലും ഗോകുൽ ഛട്ടിലും നടന്ന ഹൈദരാബാദ് ഇരട്ടസ്ഫോടനങ്ങൾ 2008ൽ അഹ്മദാബാദിലും സൂറത്തിലും നടന്ന നിഷ്ഫലമായ സ്ഫോടനശ്രമങ്ങൾ, 2008ലെ ദൽഹി സ്ഫോടനങ്ങൾ എന്നിവയിലെല്ലാം സാദിഖ് ശൈഖ് ഉൾപ്പെടുന്ന ഇന്ത്യൻ മുജാഹിദീൻ അംഗങ്ങൾക്കെതിരെ കുറ്റപത്രം സമ൪പ്പിച്ചിട്ടുണ്ട്. അതേസമയംതന്നെ തികച്ചും വ്യത്യസ്തമായ ഒരു കൂട്ടം ആളുകൾ അതേ കേസിൽ മഹാരാഷ്ട്ര എ.ടി.എസിൻെറ അന്വേഷണത്തിന്റെ ഭാഗമായി വിചാരണചെയ്യപ്പെട്ടിരുന്നുവെന്ന് അവ൪ക്കറിയാം. പക്ഷേ, നേരത്തേ നടന്ന അന്വേഷണങ്ങൾക്ക് കടകവിരുദ്ധമായ സാദിഖിന്റെ വെളിപ്പെടുത്തലുകൾ മറച്ചുവെക്കപ്പെട്ടിരിക്കുന്നു.

ഒന്നുകിൽ സാദിഖും കൂട്ടാളികളുമോ അല്ലെങ്കിൽ ശരിക്കും അറസ്റ്റു ചെയ്യപ്പെട്ട 13 പേരോ 7/11 സ്ഫോടനക്കേസിൽ ഉത്തരവാദികളാണ്. പക്ഷേ, ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത് സാദിഖിന്റെ വെളിപ്പെടുത്തലുകളാണ്. പ്രതികളെ തിരിച്ചറിയുകയോ ബന്ധപ്പെട്ട ഏജൻസികൾ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത അന്വേഷണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ. പക്ഷേ, പൊലീസ് തിയറിക്ക് വിരുദ്ധമായ 7/11 സ്ഫോടനക്കേസിലെ വെളിപ്പെടുത്തലുകൾ സൗകര്യപൂ൪വം അവഗണിക്കപ്പെട്ടു.

ഗുലൈൽ ഡോട്ട് കോമിന്റെ അനുമതിയോടെ മാധ്യമം ആഴ്ചപ്പതിപ്പ് പുനഃപ്രസിദ്ധീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story