വാര്‍ക്ക കമ്പി മോഷണസംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍
text_fieldsതൊടുപുഴ: വടക്കൻ ജില്ലകളിലെ ഇരുമ്പ് കടകളിൽനിന്ന് ടൺ കണക്കിന് വാ൪ക്ക കമ്പി മോഷ്ടിച്ച് ഇടുക്കി, എറണാകുളം ജില്ലകളിൽ വിൽപ്പന നടത്തിവന്ന അഞ്ചംഗ സംഘത്തിലെ മൂന്ന് പേ൪ പിടിയിലായി. സംഘത്തിലെ ഒരാളുടെ പേരിലുളള നാഷനൽ പെ൪മിറ്റ് ലോറിയും അതിലുണ്ടായിരുന്ന ഒരു ടൺ കമ്പിയും അടക്കമാണ് പ്രതികൾ പിടിയിലായത്. തൊടുപുഴ നെല്ലാപ്പാറ കുറ്റിപൂവത്തിങ്കൽ ശ്രീജിത് (29), പുറപ്പുഴ തോന്നിക്കരത്തടത്തിൽ ജോമോൻ (36), കരിമണ്ണൂ൪ വയലിങ്കര വീട്ടിൽ രാജീവ് (28) എന്നിവരെയാണ് തൊടുപുഴ പൊലീസ് തിങ്കളാഴ്ച സന്ധ്യയോടെ വെങ്ങല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവ൪ക്കായി തിരച്ചിൽ ഊ൪ജിതമാക്കി.
കണ്ണൂ൪, വയനാട്, കോഴിക്കോട് ജില്ലകളിലെ ഇരുമ്പ് വ്യാപാര സ്ഥാപനങ്ങളാണ് സംഘം കവ൪ച്ചക്ക് തെരഞ്ഞെടുത്തിരുന്നത്. ശ്രീജിത്തിൻെറ ഉടമസ്ഥതയിലുള്ള നാഷനൽ പെ൪മിറ്റ് ലോറിയിൽ അ൪ധരാത്രിക്ക് ശേഷം കറങ്ങിനടന്ന് കടകളുടെ യാ൪ഡിൽ സൂക്ഷിച്ചിരുന്ന എട്ട് മില്ലിമീറ്റ൪ കമ്പികൾ മോഷ്ടിക്കുകയായിരുന്നു രീതി. ഇവ തൊടുപുഴ, മൂവാറ്റുപുഴ മേഖലയിലെ നി൪മാണ കരാറുകാ൪ക്കും വീട് നി൪മിക്കുന്നവ൪ക്കും കുറഞ്ഞ വിലയ്ക്ക് നൽകുകയായിരുന്നു പതിവ്.
കൂത്തുപറമ്പിൽ നിന്നാണ് കൂടുതൽ കവ൪ച്ചയും നടത്തിയിട്ടുള്ളത്. 30 കേസുകൾ കൂത്തുപറമ്പ് സ്റ്റേഷനിൽ മാത്രം ഇതു സംബന്ധിച്ചുണ്ട്. വെങ്ങല്ലൂരിൽ പിടിയിലാകുമ്പോൾ കണ്ണൂ൪ മാമ്പ്രയിലെ ഒരു കടയിൽനിന്ന് മോഷ്ടിച്ച മൂന്നര ടൺ കമ്പിയിൽ ഒരു ടൺ വാഹനത്തിലുണ്ടായിരുന്നു. രണ്ടര ടൺ മൂവാറ്റുപുഴ, തൊടുപുഴയിലെ ഏഴല്ലൂ൪ എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയിരുന്നു. രണ്ടു മാസം മുമ്പ് ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ച തൊടുപുഴ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. രണ്ടുവട്ടം ലോറി പൊലീസിൻെറ കണ്ണിൽപെട്ടെങ്കിലും അതിൽ കമ്പിയില്ലാതിരുന്നതിനാൽ പിടികൂടിയില്ല. കേസും പ്രതികളെയും കൂത്തുപറമ്പ് പൊലീസിന് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.