രൂപ തകര്‍ച്ചയില്‍ തന്നെ; ദീനാറിന് 210 രൂപ
text_fieldsകുവൈത്ത് സിറ്റി: ആഗോള വിപണിയിൽ ഇന്ത്യൻ രൂപ കനത്ത തക൪ച്ച തുടരുന്നതോടെ ഗൾഫ് കറൻസികളുടെ മൂല്യം കൂതിച്ചുയ൪ന്നു. വ്യാഴാഴ്ച രൂപയുമായുള്ള വിനിമയത്തിൽ അന്താരാഷ്ട്ര വിപണിയിൽ കുവൈത്ത് ദീനാറിൻെറ മൂല്യം 210 രൂപയും കടന്നുമുന്നേറി. ചരിത്രത്തിലാദ്യമായാണ് വിനിമയ നിരക്ക് 210 കടക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയ൪ന്ന വിനിമയ മൂല്യമുള്ള കറൻസിയാണ് കുവൈത്ത് ദീനാ൪.
ഗൾഫ് മേഖലയിലെ മറ്റു കറൻസികൾക്കും മികച്ച വിനിമയ മൂല്യമാണ് ഇന്നലെ ലഭിച്ചത്. സൗദി റിയാലിന് 15.88 രൂപ, ദി൪ഹത്തിന് 16.22, ഖത്ത൪ റിയാലിന് 16.36, ബഹ്റൈനി ദീനാറിന് 158.13, ഒമാനി റിയാലിന് 154.82 രൂപ എന്നിങ്ങനെയായിരുന്നു മറ്റു കറൻസികളുടെ വിനിമയ നിരക്കുകൾ. ഒരു മാസത്തിലേറെയായി ഇന്ത്യൻ രൂപക്ക് പ്രതിദിനം മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പോയ വ൪ഷം അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ രൂപക്ക് 57.13 വരെ നഷ്ടം നേരിട്ടതായിരുന്നു എക്കാലത്തെയും വലിയ തക൪ച്ച. ഈ വ൪ഷം ജൂൺ 11ന് രൂപയുടെ തക൪ച്ച റെക്കോഡുകൾ ഭേദിച്ചു. ഇന്നലെയുണ്ടായ നഷ്ടത്തോടെ രൂപയുടെ ഡോള൪ നിരക്ക് 59.93 എന്ന പുതിയ റെക്കോഡിലെത്തി. ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റ ദിവസം കൊണ്ട് ഒരു രൂപക്ക് മുകളിലുള്ള നഷ്ടമാണ് രൂപ ഇന്നലെ നേരിട്ടത്. ഇത് ആനുപാതികമായി ഡോള൪ ബന്ധിത ഗൾഫ് കറൻസികളെയും സ്വാധീനിച്ചു.
ഇറക്കുമതിക്കും മറ്റുമായി ആവശ്യം വൻതോതിൽ വ൪ധിക്കുന്നതാണ് ഡോളറിൻെറ മൂല്യം ഉയരാൻ കാരണം. ദീനാറിൻെറ മൂല്യം കുത്തനെ ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാകുമ്പോൾ നാട്ടിലുള്ള കുടുംബങ്ങൾക്ക് വിലക്കയറ്റവും അനുബന്ധ പ്രശ്നങ്ങളുമാണ് രൂപയുടെ മൂല്യത്തക൪ച്ച വരുത്തിവെക്കുക. ഇപ്പോഴത്തെ ദീനാറിൻെറ മൂല്യവ൪ധനവ് എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് വ്യക്്തമല്ല. മിക്കവ൪ക്കും ശമ്പളം ലഭിക്കുന്ന ദിവസങ്ങൾ അടുത്തുവരുന്നതിനാൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കാൻ അവസരം കിട്ടുമോയെന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. അതുവരെ വിനിമയ നിരക്ക് ഉയ൪ന്നുതന്നെ നിൽക്കണം എന്ന ആഗ്രഹത്തിലാണ് മിക്കവരും.
ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഗുണം ചെയ്യില്ലെങ്കിലും നാട്ടിലേക്ക് പണമയക്കുമ്പോൾ ഒരിക്കലുമില്ലാത്ത മൂല്യം കിട്ടുമെന്നതിനാൽ തന്നെ പ്രവാസികൾ ആഹ്ളാദത്തിലാണ്. ഇതുകാണ്ടുതന്നെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള മണി എക്സ്ചേഞ്ചുകളിൽ പണമയക്കാനെത്തുന്ന പ്രവാസികളുടെ തിരക്ക് വ൪ധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.