പത്തു ഗോള്‍ ജയത്തോടെ സ്പെയിന്‍ സെമിയില്‍
text_fieldsറിയോ ഡെ ജനീറോ: ബൈബ്ൾ കഥയിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദാവാൻ താഹിതിക്ക് കഴിഞ്ഞില്ല. എങ്കിലും ലോക ഫുട്ബാളിലെ ഒന്നാമനും 138ാമനും തമ്മിലെ മാറ്റുരക്കലിൽ ആരാധക മനസ്സ് കീഴടക്കി ഓഷ്യാനിയക്കാ൪ മാറക്കാന അവിസ്മരണീയമാക്കി. സ്പാനിഷ് വെറ്ററൻ ഫെ൪ണാണ്ടോ ടോറസിൻെറ നാലും ഡേവിഡ് വിയ്യയുടെ ഹാട്രിക്കും വലനിറച്ചതിനേക്കാൾ വലതൊടാതെ പോയ പന്തുകളെക്കുറിച്ചോ൪ത്ത് സന്തോഷിക്കുകയാണ് കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാളിൽ ‘ഉജ്ജ്വല’മായി തോറ്റ ഓഷ്യാനിയ രാജ്യം താഹിതി.
വലനിറയെ ഗോളുകൾ വാങ്ങിക്കൂട്ടിയപ്പോഴും നിരാശരാവാതെ നിന്ന താഹിതി, ടോറസിൻെറ പെനാൽറ്റി കിക്ക് ബാറിലടിച്ച് വഴിതെറ്റിയപ്പോഴും വിയ്യയുടെ ഷോട്ട് ഉന്നത്തിലെത്താതെ പാഴായപ്പോഴും സിൽവയുടെ ആക്രമണം തടുത്തിട്ടപ്പോഴും ആഘോഷമാക്കി.
മറുപടിയില്ലാത്ത പത്ത് ഗോളുകൾക്ക് ലോകയൂറോ ചാമ്പ്യന്മാരോട് തക൪ന്ന താഹിതി ഫിഫ ടൂ൪ണമെൻറിലെ റെക്കോഡ് തോൽവിയുമായി അരങ്ങേറ്റത്തിൽതന്നെ ചരിത്രപുസ്തകത്തിലും ഇടംനേടി. ബ്രസീലിൻെറ കളിഹൃദയം കവ൪ന്നാണ് കോൺഫെഡറേഷൻസ് കപ്പെന്ന വലിയ മാമാങ്കത്തിൽ നിന്ന് താഹിതി നാട്ടിലേക്ക് മടങ്ങുന്നത്. തോൽവി ഉറപ്പിച്ചതാണെങ്കിലും സ്പെയിനിൻെറ ഗോളെണ്ണം രണ്ടക്കം തൊടീക്കില്ലെന്നായിരുന്നു മത്സരത്തിനുമുമ്പ് താഹിതി ഗോൾകീപ്പ൪ മൈകൽ റോഷെയുടെ ശപഥം.
എന്നാൽ, കാലിൽ ഒട്ടിച്ച പന്തുമായി ടോറസും സംഘവും തങ്ങളുടെ പാതിയിൽ വട്ടംകറങ്ങി ഗോളടിച്ചുകൂട്ടുമ്പോൾ തലതല്ലി നിരാശ തീ൪ക്കാനേ മൈകൽ റോഷെക്ക് കഴിഞ്ഞുള്ളൂ. 1954 ലോകകപ്പിൽ ഹംഗറി 90ത്തിന് ദക്ഷിണ കൊറിയയെയും 1982ൽ ഹംഗറി തന്നെ 101ന് എൽസാൽവദോറിനെയും 1974ൽ യൂഗോസ്ലാവിയ 90ത്തിന് സയറിനെയും തരിപ്പണമാക്കിയ റെക്കോഡുകളാണ് ഒരൊറ്റ മാച്ചിലൂടെ താഹിതിയും സ്പെയിനും പങ്കിട്ടെടുത്തത്.
ആദ്യ മത്സരത്തിൽ ഉറുഗ്വായിയെ തോൽപിച്ച സ്പെയിൻ തുട൪ച്ചയായ രണ്ടാം ജയവുമായി ഗ്രൂപ് ‘ബി’യിൽനിന്ന് കോൺഫെഡറേഷൻസ് കപ്പിൻെറ സെമിയിൽ ഇടംനേടി.
ഉറുഗ്വായിയെ തോൽപിച്ച സംഘത്തിൽനിന്ന് 10 മാറ്റങ്ങളുമായാണ് കോച്ച് വിസെൻെറ ഡെൽ ബോസ്ക് ടീമിനെ ഇറക്കിയത്. ഒന്നാം നമ്പ൪ ഗോൾകീപ്പ൪ ഐക൪ കസിയസ്, സ്ട്രൈക്ക൪ പെഡ്രോ, റോബ൪ട്ടോ സൊൾഡാഡോ, മിഡ്ഫീൽഡ൪മാരായ സാവി, സെസ്ഫാബ്രിഗസ്, ഇനിയേസ്റ്റ, ബുസ്ക്വറ്റ്സ്, ഡിഫൻഡ൪മാരായ ജോ൪ഡി ആൽബ, ജെറാ൪ഡ് പിക്വെ ആൽവാരോ ആ൪ബെലോവ എന്നിവരെല്ലാം പകരക്കാരുടെ നിരയിലായപ്പോൾ പ്രതിരോധത്തിൽ സെ൪ജിയോ റാമോസിനെ മാത്രം നിലനി൪ത്തി.
കിക്കോഫിന് വിസിൽ ഉയ൪ന്ന് അഞ്ചാം മിനിറ്റിലായിരുന്നു റാമോസ് വലകുലുക്കിയത്. പിന്നാലെ, കൊതിച്ചവരെല്ലാം ഗോളടിക്കാരായി. 33, 57, 78 മിനിറ്റുകളിൽ വീണ്ടും ഗോൾവല കുലുക്കിയ ടോറസാണ് ആദ്യം ഹാട്രിക് കടന്നത്. പിന്നാലെ ഡേവിഡ് വിയ്യയും കുറിച്ചു ഹാട്രിക്. 39, 49, 64 മിനിറ്റുകളിലാണ് വിയ്യ ഗോൾനേട്ടം മൂന്ന് തികച്ചത്. 31ാം മിനിറ്റിലാണ് ഡേവിഡ് സിൽവയിലൂടെ സ്പെയിനിൻെറ രണ്ടാം ഗോൾ പിറന്നത്. അവസാന ഗോളും സിൽവയുടെ ബൂട്ടിൽനിന്ന് 89ാം മിനിറ്റിൽ പിറന്നു. യുവാൻ മാറ്റ 66ാം മിനിറ്റിലും ലക്ഷ്യംകണ്ടു. ഇതോടെ 10 ഗോളെന്ന സ്പെയിനിൻെറ പട്ടികയും പൂ൪ത്തിയായി.
ആദ്യ അരമണിക്കൂ൪ ഒരു ഗോൾ മാത്രം വഴങ്ങിയ താഹിതി ലോക ചാമ്പ്യന്മാ൪ക്കെതിരെ മികച്ച തുടക്കമായിരുന്നു കുറിച്ചത്. എന്നാൽ, പിന്നീട് കഥമാറി. ഒന്നാം പകുതി പിരിയുമ്പോഴേക്കും നാലു ഗോളും രണ്ടാം പകുതിയിൽ ആറ് ഗോളും വാങ്ങിക്കൂട്ടി. ഒന്നാം നമ്പറുകാ൪ക്കൊപ്പം ഓടിയെത്താൻ പാടുപെട്ട താഹിതിയുടെ താരങ്ങൾക്ക് കളി പഠിപ്പിക്കുകയായിരുന്നു ടോറസും വിയ്യയുമെല്ലാം. ഇത് പലപ്പോഴും കളത്തിൽ സൗഹൃദത്തിൻെറ തിരയിളക്കവുമായി.
77ാം മിനിറ്റിൽ ടോറസിൻെറ പെനാൽറ്റി കിക്ക് ബാറിൽ തട്ടി പാഴായത് ഗോൾനേട്ടത്തിൻെറ ആവേശത്തോടെയാണ് താഹിതി താരങ്ങൾ ആഘോഷിച്ചത്.
മനംകവ൪ന്ന് താഹിതി
ഗാലറിയിൽ ആ൪ത്തിരമ്പിയ ബ്രസീലുകാരുടെ മാത്രമല്ല, തങ്ങളുടെ വല നിറച്ച സ്പെയിനിൻെറയും മനംകവ൪ന്നാണ് താഹിതി മടങ്ങുന്നത്. തൻെറ നാലു ഗോൾ നേട്ടത്തേക്കാൾ വലുതാണ് തഹിതിയുടെ കളിയോടുള്ള സമീപനമെന്നാണ് ടോറസ് പ്രതികരിച്ചത്. ‘അവ൪ ആസ്വദിച്ചു കളിച്ചു. 100 ശതമാനം നല്ല ഫുട്ബാൾ കളിച്ച എതിരാളികൾ അനാവശ്യ ഫൗളുകൾക്ക് മുതിരാത്തത് ശ്രദ്ധേയമാണ്. കളിയിൽ ഞങ്ങൾ കണ്ട ഏറ്റവും വലിയ പാഠവും ഇതാണ്. കളിക്കുശേഷം താഹിതി താരങ്ങൾക്കൊപ്പം ചിത്രമെടുത്തിരുന്നു. അവസാന മിനിറ്റുവരെ സന്തോഷത്തോടെ കളിച്ച എതിരാളിയുടെ സമീപനം മനം നിറക്കുന്നു’ ടോറസ് പറഞ്ഞു.
സ്പാനിഷ് കോച്ച് ഡെൽ ബോസ്കും താഹിതിയെ അഭിനന്ദിച്ചു. പന്ത് കിട്ടുമ്പോഴെല്ലാം ആക്രമിച്ച് മുന്നേറാൻ ശ്രമിച്ച എതിരാളിയുടെ സ്പിരിറ്റിനെ അഭിനന്ദിക്കുന്നു. പ്രഫഷനൽ ഫുട്ബാളും അമച്വ൪ ഫുട്ബാളും തമ്മിലെ വ്യത്യാസമായിരുന്നു മത്സരഫലം ലോകചാമ്പ്യൻ കോച്ച് പറഞ്ഞു.
ജയിക്കില്ലെന്ന് ഉറപ്പാണെങ്കിലും വഴങ്ങുന്ന ഗോളുകളുടെ എണ്ണം കുറക്കുകയായിരുന്നു ലക്ഷ്യമെന്ന് താഹിതി കോച്ച് എഡ്ഡി എതയിറ്റ പറഞ്ഞു. ‘നന്നായി കളിച്ചെങ്കിലും ബ്രസീലുകാരുടെ ഹൃദയത്തിലിടം നേടിയതാണ് ഞങ്ങളുടെ വലിയ വിജയം’ കോച്ച് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.