കല്‍ക്കരി ഇറക്കുമതിക്ക് അനുമതി
text_fieldsന്യൂദൽഹി: വൈദ്യുതി നിരക്ക് വ൪ധനക്ക് വഴിവെച്ച് താപവൈദ്യുത നിലയങ്ങൾക്ക് കൽക്കരി ഇറക്കുമതി ചെയ്യാൻ സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിച്ചു. ഇറക്കുമതി മൂലം വൈദ്യുതോൽപാദനത്തിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വിലക്കയറ്റം പിടിച്ചുനി൪ത്താൻ പൊതു വിപണിയിലേക്ക് അരിയും ഗോതമ്പും ഇറക്കാനുള്ള ഭക്ഷ്യമന്ത്രാലയത്തിൻെറ ശിപാ൪ശയും മന്ത്രിസഭാ സമിതി അംഗീകരിച്ചു.
78,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന തരത്തിൽ കൽക്കരി ലഭ്യമാക്കാനുള്ള ഉടമ്പടിയിൽ ‘കോൾ ഇന്ത്യ ലിമിറ്റഡ്’ ഒപ്പുവെച്ചതായി ചിദംബരം പറഞ്ഞു. രാജ്യത്തെ താപ വൈദ്യുതി നിലയങ്ങൾക്ക് ആവശ്യമുള്ള കൽക്കരി എത്രയാണെന്നും ആഭ്യന്തര ഉൽപാദനം എത്രയാണെന്നും കണക്കാക്കിയാണ് ഇറക്കുമതിക്കുള്ള തീരുമാനമെടുത്തത്. പല താപവൈദ്യുതി നിലയങ്ങളും ഉൽപാദനത്തിന് ഇന്ധനമില്ലാതെ അടച്ചിട്ടിരിക്കയാണ്. ചില നിലയങ്ങൾ ഭാഗികമായാണ് പ്രവ൪ത്തിക്കുന്നത്. എന്നാൽ ചില നിലയങ്ങളുടെ പക്കൽ കൽക്കരിയുണ്ട്. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 65 ശതമാനം ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതിനാൽ അവശേഷിക്കുന്നത് കോൾ ഇന്ത്യ ലിമിറ്റഡ് ഇറക്കുമതി ചെയ്യും. അടുത്ത നാലു വ൪ഷം കൊണ്ട് ആഭ്യന്തര ഉൽപാദനം 75 ശതമാനമായി മാറ്റുമെന്നും അത്രയും ഇറക്കുമതി കുറക്കാൻ കഴിയുമെന്നും ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറക്കുമതി ചെയ്യുന്നത് മൂലം വൈദ്യുതി ഉൽപാദനത്തിൽ നിലയങ്ങൾക്കുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കും. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ ആവശ്യം ഓരോ ന ിലയത്തിനും വ്യത്യസ്ത അളവിലായിരിക്കുന്നതിനാൽ നിരക്കു വ൪ധന നിലയങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്ന് ധനമന്ത്രി തുട൪ന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ നിലവിലുള്ള വിപണിമൂല്യം അനുസരിച്ച് യൂനിറ്റിന് 15 മുതൽ 17 പൈസ വരെ വ൪ധിക്കുമെന്ന് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥൻ പറഞ്ഞു.
അതേസമയം നവീൻ ജിൻഡാലിനെ പോലെ കൽക്കരി ഖനനം നടത്തുന്നവ൪ക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുന്നതാണ് സ൪ക്കാ൪ തീരുമാനമെന്ന് ബി.ജെ.പി വിമ൪ശിച്ചു. ഇറക്കുമതിയുടെ പേരിൽ കൽക്കരി വില വ൪ധിക്കുന്നത് ഇവ൪ ഉപയോഗപ്പെടുത്തുമെന്നും സ്വകാര്യമേഖലയിലെ വില കൂട്ടുമെന്നും ബി.ജെ.പി വക്താവ് പ്രകാശ് ജാവദേക്ക൪ വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനി൪ത്താൻ ഒരു കോടിയിലേറെ ടൺ ഭക്ഷ്യധാന്യം വിപണിയിലിറക്കാനുള്ള ഭക്ഷ്യമന്ത്രാലയത്തിൻെറ ശിപാ൪ശ മന്ത്രിസഭാസമിതി അംഗീകരിച്ചു. ഇതുവഴി ഒരു കോടി ടൺ ഗോതമ്പും അഞ്ചു ലക്ഷം ടൺ അരിയും എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് വിപണിയിലേക്ക് നൽകും. ഓപൺ മാ൪ക്കറ്റ് സെയിൽസ് സ്കീം (ഒ.എം.എസ്.എസ്) വഴിയാണിത് നൽകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.