ടീം സോളാര്‍ പ്രമുഖ ലീഗ് നേതാവില്‍നിന്ന് 50,000 തട്ടി
text_fieldsപെരിന്തൽമണ്ണ: വിവാദ കമ്പനി ടീം സോളാ൪ ജില്ലയിലെ പ്രമുഖ മുസ്ലിംലീഗ് നേതാവിൽ നിന്ന് 50,000 രൂപ തട്ടി. മലപ്പുറം ജില്ലാ പഞ്ചായത്തിൻെറ സൗരോ൪ജ പാനൽ പദ്ധതിയുടെ കരാ൪ തരപ്പെടുത്താനും കമ്പനി ശ്രമിച്ചു. എന്നാൽ, ജില്ലാപഞ്ചായത്ത് ഇവരുൾപ്പെടെയുള്ള സ്വകാര്യ കമ്പനികളെ ഒഴിവാക്കി പൊതുമേഖലാ സ്ഥാപനത്തിന് കരാ൪ നൽകുകയായിരുന്നു.
മതരംഗത്തും രാഷ്ട്രീയരംഗത്തും സജീവമായ നേതാവ് മലപ്പുറത്തിനടുത്തെ വീട്ടിൽ സോളാ൪ പാനൽ സ്ഥാപിക്കാനാണ് കഴിഞ്ഞ വ൪ഷം തുക മുൻകൂ൪ നൽകിയത്. എറണാകുളത്ത് നിന്നുള്ള ടീം സോളാറിൻെറ മൂന്ന് ഉദ്യോഗസ്ഥരാണ് ആദ്യം ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. ഒരു മന്ത്രിയെ കണ്ടതിന് ശേഷമാണ് വരുന്നതെന്നാണ് പറഞ്ഞത്.
2.5 ലക്ഷം രൂപയാണ് പാനൽ സ്ഥാപിക്കാൻ വേണ്ടതെന്ന് പറയുകയും അഡ്വാൻസ് തുക ചെക്കായി വാങ്ങുകയും ചെയ്തു. സാധ്യതയുള്ള മറ്റുള്ളവരെ ബന്ധപ്പെടുത്തിത്തരാൻ ആവശ്യപ്പെട്ട ഇവരോട് ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെടാൻ ഇദ്ദേഹം നി൪ദേശം നൽകി.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പാനൽ സ്ഥാപിക്കാതായപ്പോൾ സരിത എസ്. നായരുമായും പിന്നീട് ബിജു രാധാകൃഷ്ണനുമായും നേതാവ് ബന്ധപ്പെട്ടു. ഉടൻ സ്ഥാപിക്കുമെന്നാണ് മറുപടി നൽകിയത്.
പിന്നീട് പല തവണ ഇവരുമായി ബന്ധപ്പെട്ടു. സരിതാ നായ൪ തട്ടിപ്പ് നടത്തുകയാണെന്നും തനിക്കാണ് ടീം സോളാറിൻെറ പ്രധാന ചുമതലയെന്നും പറഞ്ഞ് രക്ഷക വേഷത്തിലായിരുന്നു ആ൪.ബി. നായ൪ എന്ന പേരിൽ ബിജു രാധാകൃഷ്ണൻ തട്ടിപ്പിനിരയായവരെ ബന്ധപ്പെട്ടത്. ന്യൂദൽഹിയിൽനിന്ന് വരികയാണെന്നും കമ്പനിയുടെ സി.ഇ.ഒ ആണെന്നുമായിരുന്നു പരിചയപ്പെടുത്തൽ.
ജില്ലയിലെ 86 ഹൈസ്കൂളുകളിൽ സൗരോ൪ജ പാനൽ സ്ഥാപിക്കാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിൻെറ 1.5 കോടി രൂപയുടെ പദ്ധതി കരാ൪ തരപ്പെടുത്താനാണ് ടീം സോളാ൪ ശ്രമിച്ചത്. അന൪ട്ടിനെ പദ്ധതി ഏൽപ്പിക്കാനായിരുന്നു ജില്ലാ പഞ്ചായത്തിൻെറ ഉദ്ദേശ്യം. എന്നാൽ, ഇവ൪ ഏറ്റെടുത്ത മുമ്പത്തെ പല പദ്ധതികളെയും കുറിച്ചുള്ള പരാതി കാരണം പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇലക്ട്രോണിക്സ് ലിമിറ്റഡിനെ ഏൽപ്പിക്കുകയായിരുന്നു.
സോളാ൪ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നും തട്ടിപ്പിനിരയായ ഡോക്ട൪മാ൪ അടക്കമുള്ളവരോട് വീണ്ടും പരാതി നൽകാൻ നി൪ദേശിച്ചിട്ടുണ്ടെന്നും പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാ൪ പറഞ്ഞു. തട്ടിപ്പിനിരയായ വ്യക്തി നൽകിയ പരാതിയിൽ ഡിവൈ.എസ്.പി ആറ് മാസം മുമ്പ് ബിജു രാധാകൃഷ്ണനെ പെരിന്തൽമണ്ണയിലേക്ക് വിളിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.