പ്രധാനമന്ത്രിയും സോണിയയും കശ്മീരില്‍; തീവ്രവാദത്തിനെതിരെ താക്കീത്
text_fieldsകിശ്ത്വാ൪ ( കശ്മീ൪): എട്ടു സൈനികരുടെ മരണത്തിൽ കലാശിച്ച ഭീകരാക്രമണത്തിൻെറ നടുക്കം മാറുംമുമ്പെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും രണ്ടു ദിവസത്തെ കശ്മീ൪ സന്ദ൪ശനത്തിനായി താഴ്വരയിലത്തെി. ശ്രീനഗറിനെയും ജമ്മുവിലെ ബനിഹൽ നഗരത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാത ഉദ്ഘാടനം ചെയ്യുന്നതിനും 850 മെഗാവാട്ട് ജലവൈദ്യുതി പദ്ധതിക്ക് തറക്കല്ലിടുന്നതിനുമാണ് ഇരുവരും എത്തിയത്.
വൈദ്യുതി പദ്ധതി ഉദ്ഘാടനത്തിൻെറ ഭാഗമായി ജമ്മുവിലെ കിശ്ത്വാറിൽ നടന്ന പൊതുയോഗത്തിൽ തീവ്രവാദ പ്രവ൪ത്തനങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. തിങ്കളാഴ്ച നടന്നതു പോലുള്ള ആക്രമണങ്ങൾ ആവ൪ത്തിക്കില്ളെന്ന് നാം ഉറപ്പുവരുത്തണമെന്ന് മൻമോഹൻ പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. തീവ്രവാദ പ്രവ൪ത്തനം ഗണ്യമായി കുറഞ്ഞു. 2012 ഭീകരാക്രമണം ഏറ്റവും കുറഞ്ഞ വ൪ഷമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാവാൻ യുവാക്കൾ മുന്നോട്ടുവരണം. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രതിഫലിക്കുന്നതാണ് തെരഞ്ഞെടുപ്പ്. സ൪ക്കാറിൻെറ വികസനനയങ്ങൾ വിജയകരമാവണമെങ്കിൽ രാഷ്ട്രീയ, സാമ്പത്തിക പ്രക്രിയ ജനാധിപത്യ രീതിയിൽ നടപ്പാക്കണം. തെരഞ്ഞെടുപ്പ് ഈ പ്രക്രിയയുടെ ഭാഗമാണ്. അതിനാൽ തന്നെ എല്ലാവരും തെരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അടുത്ത വ൪ഷം നടക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഹു൪റിയത്ത് കോൺഫറൻസ് ആവശ്യപ്പെട്ടിരുന്നു.
ജമ്മുവിൽനിന്ന് ശ്രീനഗറിലേക്കു പറന്ന പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷയും ഭീകരാക്രമണത്തിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദ൪ശിച്ചു. വി.വി.ഐ.പികളുടെ സന്ദ൪ശനം പ്രമാണിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ശ്രീനഗറിൽ ഏ൪പ്പെടുത്തിയിരുന്നത്. കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ശ്രീനഗറിൽ ഗതാഗതവും നിരോധിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.