പരസ്യം ഫേസ്ബുക്കിലൂടെ, വിതരണം നേരിട്ട്; നിയമം ലംഘിച്ച് മരുന്ന് വിപണനം
text_fieldsകണ്ണൂ൪: മരുന്നുകളുടെ പരസ്യ വിതരണ നിയമം മറികടന്ന് ഫേസ്ബുക്ക് വഴി മരുന്നുകൾ വീട്ടകങ്ങളിലേക്ക്. ഫേസ്ബുക്കിലൂടെ പരസ്യം ചെയ്ത് മുട്ടുവേദനക്ക് എന്ന പേരിൽ വീടുകളിലെത്തിക്കുന്ന സായിക്ര എന്ന മരുന്ന് സ്വയചികിത്സക്ക് വാതിൽ തുറന്നിരിക്കുകയാണ്. വൈറ്റമിൻ, സൗന്ദര്യവ൪ധക വസ്തുക്കൾ എന്നിവയുടെ പേരിൽ ആരോഗ്യ ഉൽപന്നങ്ങൾ പരസ്യം ചെയ്യുന്നുവെങ്കിലും അസ്ഥിരോഗത്തിൻേറതെന്ന് പരസ്യം ചെയ്ത് വേദനസംഹാരി കൂടിയായ സായിക്ര 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിനെ നോക്കുകുത്തിയാക്കി വിപണനം നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃത൪ പറയുന്നു.
ന്യൂസിലൻഡ് നി൪മിതം എന്ന് പറയുന്ന സായിക്ര ബ്ളോഗ്, ഫേസ്ബുക്ക് എന്നിവ വഴി നേരിട്ട് ഓ൪ഡ൪ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. മെഡിക്കൽ ഷോപ്പുകളിലോ ഡോക്ട൪മാരിൽ നിന്നോ ഈ മരുന്ന് ലഭ്യമല്ല. ഡോക്ട൪മാരുടെ അടുത്ത് ചികിത്സ തേടുന്ന രോഗമാണ് ആ൪ത്രൈറ്റിസ്. ഈ രോഗത്തിന് ഡോക്ടറുടെ ഇടനില വേണ്ടെന്നാണ് പരസ്യത്തിലെ സന്ദേശം. കാപ്സ്യൂൾ മാതൃകയിലുള്ള ഈ മരുന്നിന് 90 എണ്ണത്തിന് 1700 രൂപയാണ് വില. പരസ്യത്തിലൂടെ ഇത് ഉപയോഗിച്ച് രോഗം ‘ഭേദ’മായവരുടെ നീണ്ട പട്ടികയാണ് ‘വിജയ’ത്തിൻെറ സാക്ഷ്യപത്രം.
ഇന്ത്യയിൽ മരുന്ന് വിതരണത്തിന് കേന്ദ്ര ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സിൻെറ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അംഗീകൃത മരുന്നുകളുടെ പട്ടികയുമുണ്ട്.
വിതരണത്തിന് പ്രത്യേക ലൈസൻസും ആവശ്യമാണ്. മരുന്ന് സൂക്ഷിക്കാൻ സ൪ക്കാറിന് അവകാശമുണ്ട്. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലേ സാധാരണ പൗരൻമാ൪ക്ക് മരുന്നു സൂക്ഷിക്കാൻ അവകാശമുള്ളൂവെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോള൪ ഹരിപ്രസാദ്, മുൻ ഫാ൪മസി കൗൺസിൽ പ്രസിഡൻറ് കെ.സി. അജിത് കുമാ൪ എന്നിവ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന മരുന്നുകൾ അമേരിക്കയിലെ ഭക്ഷ്യ-മരുന്ന് വകുപ്പ്, ഭക്ഷ്യ-മരുന്ന് അസോസിയേഷൻ(എഫ്.ഡി.എ) എന്നിവയുടെ അംഗീകാരമുണ്ടോ എന്നത് ഇതര രാജ്യങ്ങളിൽ വിപണനത്തിന് നി൪ണായകമാണ്. എന്നാൽ, സായിക്രയെ ഈ രണ്ട് സ്ഥാപനങ്ങളും അംഗീകരിച്ചിട്ടില്ല.
വൈറ്റമിൻ, കോസ്മെറ്റിക് ഉൽപന്നങ്ങളുടെ ബലത്തിൽ രോഗത്തിനുള്ള മരുന്ന്, ഡോക്ടറുടെ കുറിപ്പില്ലാതെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് സായിക്രയിലൂടെ. അതേസമയം, കമ്പനിയുടെ ബ്ളോഗിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സായിക്ര ഉപയോഗിച്ചാലുണ്ടാകുന്ന പാ൪ശ്വഫലത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് പ്രത്യേകം പറയുന്നുമുണ്ട്.
ബ്ളോഗിലൂടെ വിവരങ്ങൾ മാത്രമാണ് നൽകുന്നതെന്നും ഇത് മരുന്ന് കഴിക്കാനുള്ള ഉപദേശമല്ലെന്നും കമ്പനി പറയുന്നുണ്ട്. നിയമ നടപടി മറികടക്കാനാണ് ബ്ളോഗിലൂടെ ഈ ജാമ്യമെടുക്കൽ. മരുന്നിൻെറ പുറത്ത് അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ രേഖപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്.
എന്നാൽ, സായിക്ര അതും പാലിക്കുന്നില്ല. മരുന്നിനുള്ള ഓ൪ഡ൪ സ്വീകരിക്കാൻ ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ, ഓ൪ഡ൪ സ്വീകരിക്കാനുള്ള വിലാസം മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നാണ് സായിക്ര അധികൃതരുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.