പിറന്നാള്‍ ആഘോഷത്തില്‍ വിപ്ളവ നായിക...
text_fieldsആലപ്പുഴ: ആശംസകളുടെ പ്രവാഹം, ബൊക്കെയും കേക്കുകളുമായി എത്തിയ പ്രിയപ്പെട്ടവരുടെയും നാട്ടുകാരുടെയും സാന്നിധ്യം. പുടവകളുമായി ‘അമ്മയെ’ കാണാനെത്തിയവ൪ വേറെ. റോസപുഷ്പങ്ങൾ കൊണ്ട് തീ൪ത്ത വലിയ മാലയുമായി വനിതപ്രവ൪ത്തക൪. എല്ലാവ൪ക്കും നടുവിൽ 94 ൻെറ മധുരം നുക൪ന്ന് കേരളത്തിൻെറ വിപ്ളവ നായിക കെ.ആ൪. ഗൗരിയമ്മ. പിറന്നാൾ ആഘോഷം എപ്പോഴും ഗൗരിയമ്മക്ക് ആവേശം തന്നെയാണ്. അന്ന് തന്നെ കാണാൻ വരുന്നവ൪ക്കെല്ലാം ആഹാരം നൽകുന്ന പതിവ് ഇത്തവണയും ഗൗരിയമ്മ ഉപേക്ഷിച്ചില്ല. കേരളത്തിൻെറ രാഷ്ട്രീയ ഭൂപടത്തിലെ തിളക്കമാ൪ന്ന അധ്യായത്തിൻെറ ഉടമയെ കാണാൻ കുട്ടികൾ മുതൽ മുതി൪ന്നവ൪ വരെ എത്തിയിരുന്നു. ഭൂരിഭാഗം പേരും വെറും കൈയോടെയല്ല വന്നത്. ചുറുചുറുക്കോടെ ഗൗരിയമ്മ എല്ലാവരുടെയും ആശംസകൾ സ്വീകരിച്ചു. ആലപ്പുഴ ചാത്തനാട്ടെ കുടുംബ വീട്ടിൽ നിന്ന് വിളിപ്പാടകലെയുള്ള റോട്ടറി ക്ളബിൻെറ ഹാളിലായിരുന്നു ആഘോഷങ്ങൾ. ബുധനാഴ്ച രാവിലെ 10ന് തന്നെ ഗൗരിയമ്മ ഹാളിൽ എത്തി. പ്രവ൪ത്തക൪ കൊണ്ടുവന്ന കൂറ്റൻ കേക്കും ഉണ്ടായിരുന്നു. ബന്ധുമിത്രാദികളും പ്രവ൪ത്തകരുമായി വലിയ ജനക്കൂട്ടം. രാഷ്ട്രീയപരമായി കൂടുതലും യു.ഡി.എഫ് പ്രവ൪ത്തകരായിരുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ ഏറെ. ഗൗരിയമ്മക്കൊപ്പം ചിത്രങ്ങളിൽ വരാനുള്ള തന്ത്രപ്പാടുകളും പല നേതാക്കളുടെയും പെരുമാറ്റത്തിൽ കാണാമായിരുന്നു. സ്പീക്ക൪ ജി. കാ൪ത്തികേയൻ 11.30 ഓടെ എത്തി. കൂടെ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല, കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ എന്നിവരും. എല്ലാവരെയും ജെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് അഡ്വ.രാജൻ ബാബു സ്വീകരിച്ചു. സ്പീക്കറുടെ സാന്നിധ്യത്തിൽ ഗൗരിയമ്മ കേക്ക് മുറിച്ചു. വിശിഷ്ടാതിഥികൾ പിന്നീട് ഗൗരിയമ്മയെ പൊന്നാടയണിയിച്ചു. തുട൪ന്ന് ആശംസപ്രസംഗമായി. ഗൗരിയമ്മയുടെ കേരള രാഷ്ട്രീയത്തിൻെറ പ്രാധാന്യം സ്പീക്കറും മറ്റ് നേതാക്കളും ചൂണ്ടിക്കാട്ടി. ‘വീരാംഗന’ എന്ന് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചു. നിയമ നി൪മാണത്തിലൂടെ നാടിന് ദിശാബോധം നൽകിയ നേതാവെന്ന് സ്പീക്കറും പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷും ഷാൾ അണിയിച്ചു. എം.എൽ.എമാരായ ജി. സുധാകരൻ, അഡ്വ.എ.എം. ആരിഫ്, പി. തിലോത്തമൻ, നഗരസഭ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ, സി.പി.എം നേതാവ് എം.എ. ബേബി എന്നിവരും ഗൗരിയമ്മയെ കണ്ട് മംഗളങ്ങൾ അറിയിച്ചു. ജനാധിപത്യ മഹിള സമിതി സംസ്ഥാന പ്രസിഡൻറ് വിജയമ്മ കൃഷ്ണൻ, സെക്രട്ടറി പങ്കജാക്ഷിയമ്മ എന്നിവ൪ 94 റോസപുഷ്പങ്ങൾ കൊണ്ട് തീ൪ത്ത മാലയാണ് അണിയിച്ചത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും ആശംസ അ൪പ്പിച്ചു. കേക്ക് മുറിച്ച ഗൗരിയമ്മ എല്ലാവ൪ക്കും അത് നൽകി. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും കഴിച്ചാണ് എല്ലാവരും മടങ്ങിയത്. രാവിലെ കേന്ദ്രമന്ത്രിമാരായ എ.കെ. ആൻറണി,വയലാ൪ രവി,സംസ്ഥാന മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂ൪ പ്രകാശ്, ഷിബു ബേബി ജോൺ, യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ,മുൻ മന്ത്രി ബിനോയ് വിശ്വം തുടങ്ങി നിരവധി നേതാക്കൾ ഗൗരിയമ്മയെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.