കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ജൂലൈ 27ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാ൪ലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 27ന് നടക്കും. ബുധനാഴ്ച ചേ൪ന്ന മന്ത്രിസഭാ കൗൺസിൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ഒൗദ്യോഗിക വാ൪ത്താ ഏജൻസിയായ ‘കുന’ റിപ്പോ൪ട്ട് ചെയ്തു. ഇതുസംബന്ധിച്ച ഒൗദ്യോഗിക വിജ്ഞാപനം ഇറങ്ങുന്നതോടെ നാമനി൪ദേശ പത്രിക സ്വീകരിച്ച് തുടങ്ങും.
നേരത്തേ ജുലൈ 25ന് തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പാ൪ലമെൻറ് പിരിച്ചുവിട്ടുകൊണ്ടുള്ള ഭരണഘടനാ കോടതിയുടെ വിധിയിൽ വിശദീകരണം തേടി മുൻ എം.പി അബ്ദുൽ ഹമീദ് ദശ്തി കോടതിയെ സമീപിച്ചതോടെ ഭരണഘടനാ കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ തൽക്കാലം നി൪ത്തിവെക്കാൻ സ൪ക്കാ൪ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.
ഇതേ തുട൪ന്ന് തിങ്കളാഴ്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ് വിജ്ഞാപനം നടന്നിരുന്നില്ല. ചട്ടപ്രകാരം വോട്ടെടുപ്പ് തിയതിക്ക് ഒരു മാസം മുമ്പെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണം.
ബുധനാഴ്ച കോടതി ഹരജി പരിഗണിച്ചപ്പോൾ പിൻവലിക്കുകയാണെന്ന് അബ്ദുൽ ഹമീദ് ദശ്തി അറിയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോവാൻ സ൪ക്കാറിന് അരങ്ങൊരുങ്ങിയത്. ആറു വ൪ഷത്തിനിടെ ഏഴാം തവണയും ഒന്നര വ൪ഷത്തിനിടെ മൂന്നാം തവണയുമാണ് രാജ്യത്ത് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
27 മുൻ എം.പിമാ൪ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും;
അവാസിം ഗോത്രം പിന്മാറി
കുവൈത്ത് സിറ്റി: പാ൪ലമെൻറ് വോട്ടെടുപ്പ് അടുത്തമാസം 27ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. റമദാനിൽ തന്നെ വോട്ടെടുപ്പ് നടന്നേക്കില്ളെന്ന റിപ്പോ൪ട്ടുകൾക്കിടെയാണ് ഭരണഘടനാ കോടതിയിൽ വിശദീകരണം തേടിയുള്ള ഹരജി ഇല്ലാതായതോടെ തെരഞ്ഞെടുപ്പ് ജുലൈ അവസാനം തന്നെ നടക്കുമെന്ന് സ൪ക്കാ൪ വ്യക്തമാക്കിയത്.
ഒരാൾക്ക് ഒരു വോട്ട് എന്ന രീതി മാറ്റിയിട്ടില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് പ്രതിപക്ഷം. കഴിഞ്ഞ വ൪ഷം ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 50ൽ 35 സീറ്റുമായി പ്രതിപക്ഷം ഭൂരിപക്ഷം കരസ്ഥമാക്കിയിരുന്നു. എന്നാൽ, ഈ പാ൪ലമെൻറ് മാസങ്ങൾക്കകം പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിന് മുമ്പാകെ ഒരാൾക്ക് നാലു വോട്ട് ചെയ്യാമെന്ന നിയമം സ൪ക്കാ൪ ഏകപക്ഷീയമായി ഭേദഗതി ചെയ്തതിൽ പ്രതിഷേധിച്ചാണ് ഡിസംബറിൽ നടന്ന വോട്ടെടുപ്പ് രപതിപക്ഷം ബഹിഷ്കരിച്ചത്.
ഇതേ നില തന്നെയാണ് തുടരുന്നത് എന്നതിനാൽ ഇത്തവണയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്നാണ് പ്രതിപക്ഷത്തിൻെറ തീരുമാനം. കഴിഞ്ഞ ദിവസം ചേ൪ന്ന യോഗത്തിൽ 27 മുൻ എം.പിമാ൪ ബഹിഷ്കരണത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ തവണ തങ്ങൾക്കൊപ്പം വോട്ടെടുപ്പ് ബഹിഷ്കരിച്ച രാജ്യത്തെ ഏറ്റവും വലിയ ഗോത്രമായ അവാസിം ഇത്തവണ ബഹിക്രണത്തിനില്ളെന്ന് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടിയ ഗോത്ര പ്രമുഖരുടെ യോഗത്തിനുശേഷം തലവൻ ശൈഖ് ഫലഹ് ബിൻ ജംഅയാണ് ഇക്കാര്യം പ്രഖ്യപിച്ചത്. എന്നാൽ, ഗോത്ര നിലപാടിൽ യോജിപ്പില്ളെന്നും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഗോത്ര പ്രമുഖനും മുൻ എം.പിയുമായ ഫലഹ് അൽ സവ്വാഹ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.