മലബാറിലെ പ്രവാസികള്‍ ബഹുദൂരം പിറകിലെന്ന് പഠനം
text_fieldsജിദ്ദ: സാമ്പത്തിക, സാമൂഹികരംഗങ്ങളിൽ ഇതര മേഖലകളിലുള്ളവരേക്കാൾ ബഹുദൂരം പിറകിലാണ് മലബാറിലെ പ്രവാസികളെന്ന് പഠനം. വിദ്യാഭ്യാസയോഗ്യതയിലും തൊഴിൽശേഷിയിലും സ്വന്തം ഭാവിക്കു വേണ്ടി പ്രവാസജീവിതത്തെ ചിട്ടപ്പെടുത്തുന്നതിലും ഏറെ പരാജയപ്പെടുന്നത് മലബാറുകാരാണെന്നും ഗൾഫിൽ ഉടലെടുത്ത തൊഴിൽപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് മലബാറിലെ അവിദഗ്ധ തൊഴിലാളികളെയാണെന്നും പഠനം വ്യക്തമാക്കുന്നു. പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചത്തെിയ 1200 കുടുംബങ്ങൾക്കിടയിൽ വയനാട് ആസ്ഥാനമായ സൈൻ ഹ്യൂമൺ റിസോഴ്സ് ആൻഡ് ഡവലപ്മെൻറ് സെൻറ൪ ജിദ്ദയിലെ അൽഅബീ൪ മെഡിക്കൽ ഗ്രൂപ്പിൻെറ മേൽനോട്ടത്തിൽ നടത്തിയ സ൪വേയിലാണ് നാടണഞ്ഞ പ്രവാസികൾ അനുഭവിക്കുന്ന സാമ്പത്തിക സാമൂഹികപ്രതിസന്ധികളിലേക്ക് വിരൽചൂണ്ടുന്ന കണക്കുകൾ ലഭിച്ചത്. മലബാറിലെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂ൪ ജില്ലകളെയും തിരുവനന്തപുരം, കൊല്ലം , കോട്ടയം, തൃശൂ൪ എന്നീ മലബാ൪ ഇതര ജില്ലകളെയും പ്രാദേശികമായി വകതിരിച്ചും സമുദായ അടിസ്ഥാനത്തിൽ തരം തിരിച്ചുമുള്ള സ൪വേയാണ് ‘സൈൻ’ നടത്തിയത്.
12 ലക്ഷം പ്രവാസികൾ ഇതിനകം കേരളത്തിൽ തിരിച്ചത്തെിയിട്ടുണ്ട്. ദുബൈയിലെ സാമ്പത്തികമാന്ദ്യകാലം അടങ്ങുന്നതാണ് ഈ കണക്കെങ്കിലും സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ പുതിയ തൊഴിൽനിയമങ്ങളുടെ ഫലങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. കൂലി കുറവും അനാരോഗ്യവും കാരണവും ഉദ്ദേശ്യം പൂ൪ത്തിയായതിനാലും തിരിച്ചത്തെിയവരുണ്ട്. മലബാറിൽ 79.22 ശതമാനം അനാരോഗ്യം മൂലവും 79.22 ശതമാനം കൂലി കുറഞ്ഞതിനാലും 75.09 ശതമാനം രേഖയില്ലാത്തതിനാലും 75.51 ശതമാനം അമിത ജോലി മൂലവും പ്രവാസം അവസാനിപ്പിച്ചു. എന്നാൽ മലബാ൪ ഇതര മേഖലയിൽ ഭൂരിഭാഗവും ലക്ഷ്യം സാക്ഷാത്കരിച്ച് തിരിച്ചു വരികയായിരുന്നു.
പ്രവാസത്തെക്കുറിച്ചോ അവിടത്തെ തൊഴിൽസാധ്യതകളെക്കുറിച്ചോ സമ്പാദ്യലക്ഷ്യത്തെ സംബന്ധിച്ചോ വ്യക്തമായ ബോധമില്ലാതെയാണ് ശരാശരി 26ാം വയസ്സിൽ മിക്കവരും ഗൾഫിലേക്ക് പറക്കുന്നത്. സ൪വേ നടത്തിയതിൽ 38.71 ശതമാനം പേരും പ്രവാസം തെരഞ്ഞെടുത്തത് കുടുംബബാധ്യത തീ൪ക്കാനാണ്. 12.22 ശതമാനം കുടുംബത്തിൻെറ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാണെങ്കിൽ 24.75 ശതമാനം സാമ്പത്തികനില മെച്ചപ്പെടുത്താൻ കടലിനിക്കരേക്കു വന്നവരാണ്. ഇതിൽ 36.33 ശതമാനം ബന്ധുമിത്രാദികളിൽ നിന്നു വായ്പയെടുത്തും 14.83 സ്വ൪ണം പണയം വെച്ചുമാണ്. ഇതിൽ മാതാപിതാക്കളുടെ സഹായം കൂടുതൽ ലഭിച്ചത് ക്രിസ്ത്യൻവിഭാഗത്തിനാണ്. പണ്ടപ്പണയത്തിലാണ് മുസ്ലിംകളിൽ ഭൂരിഭാഗവും ഇക്കരെ പറ്റിയത്.
പ്രവാസത്തെക്കുറിച്ച സ്വപ്നവും യാഥാ൪ഥ്യവും തമ്മിൽ ഭീമമായ അന്തരമായിരുന്നു. റിക്രൂട്ടിങ് ഏജൻറുമാരുടെയും കമ്പനികളുടെയും ചൂഷണത്തിനിരയായ 30.36 ശതമാനത്തിനും വാഗ്ദത്ത ജോലിയോ ശമ്പളമോ ലഭിച്ചില്ല. 36.74 ശതമാനം പേരും തൊഴിൽകരാറിൽ സംതൃപ്തരല്ല. മടങ്ങിയവരിൽ 67.67 ശതമാനവും എഗ്രിമെൻറ് വിസയിലത്തെിയവരായിരുന്നു. 27.42 ശതമാനം ഫ്രീവിസക്കാരും. മലബാറിൽ നിന്നുള്ള 86.6 ശതമാനം പേരും പോകുന്ന രാജ്യത്തെ നിയമത്തെക്കുറിച്ച് അജ്ഞരാണ്. മലബാറിനു പുറത്തുള്ളവരിൽ 46.8 ശതമാനത്തിനു മാത്രമേ ഈ പ്രശ്നമുണ്ടായിരുന്നുള്ളൂ.
വിദ്യാഭ്യാസം കുറഞ്ഞവരാണ് ഏറ്റവുമധിക കാലം ഗൾഫിൽ തങ്ങുന്നത്. ഏറ്റവും കൂടുതൽ സമയം തൊഴിലെടുക്കേണ്ടി വരുന്നതും അവ൪ തന്നെ. വിദ്യാഭ്യാസയോഗ്യത വ൪ധിക്കുന്നതിനനുസരിച്ച് പ്രവാസകാലയളവ് കുറയുന്നതായാണ് അനുഭവം. 44.2 ശതമാനം പേരും രണ്ടു മുതൽ അഞ്ചുവരെ വ൪ഷത്തെ ഇടവേളയിലാണ് വീട്ടിലത്തെുന്നത്. വിദ്യാഭ്യാസയോഗ്യതയുള്ളവ൪ക്കേ പ്രതിവ൪ഷം വീടണയാൻ കഴിയുന്നുള്ളൂ. നല്ളൊരു വിഭാഗം പ്രവാസികളും അവരുടെ പ്രയാസങ്ങൾ പുറത്തറിയിക്കാതെ സ്വയം സഹിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തിരിച്ചത്തെിയവരിൽ 59.21 ശതമാനം പേ൪ ഗൾഫ്ജീവിതത്തെ നന്നായി കാണുന്നു. 20.55 ശതമാനത്തിന് ഇനിയും ഗൾഫിൽ പോകണമെന്നുണ്ട്.
പ്രവാസിപ്രശ്നങ്ങളുടെ പരിഹാരത്തിനു ഗവൺമെൻറും സന്നദ്ധസംഘടനകളും ഒറ്റക്കും കൂട്ടായും മുൻകൈയെടുക്കണമെന്ന് റിപ്പോ൪ട്ട് വിശദീകരിക്കാൻ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ അൽഅബീ൪ മാനേജിങ് ഡയറക്ട൪ മുഹമ്മദ് ആലുങ്ങലും സൈൻ എക്സിക്യൂട്ടീവ് ഡയറക്ട൪ റാഷിദ് ഗസ്സാലിയും പറഞ്ഞു. പ്രവാസികളുടെ സമ്പൂ൪ണ ഡാറ്റാബേസ്, പ്രവാസി വികസന കോ൪പറേഷൻ, സൗജന്യനിരക്കിൽ പ്രവാസികൾക്ക് ആശുപത്രികൾ തുടങ്ങി വിവിധ നി൪ദേശങ്ങളടങ്ങുന്ന റിപ്പോ൪ട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് സമ൪പ്പിക്കുമെന്നും സമൂഹശാക്തീകരണത്തിന് സൈൻ സ്വന്തം നിലയിൽ പരിപാടികൾ ആവിഷ്കരിക്കുമെന്നും റാഷിദ് പറഞ്ഞു. ‘സൈൻ’ സ൪വേ റിപ്പോ൪ട്ട് വെള്ളിയാഴ്ച വൈകിട്ട് 7.30ന് ജിദ്ദ ഗോൾഡൻ തുലിപ് ഹോട്ടലിൽ ചേരുന്ന പരിപാടിയിൽ സൗദിയിലെ പ്രവാസിസമൂഹത്തിനു സമ൪പ്പിക്കും.
വാ൪ത്താസമ്മേളനത്തിൽ ‘സൈൻ’ വൈസ് ചെയ൪മാന്മാരായ അബ്ദുല്ല ദാരിമി, അഡ്വ. ഇ൪ഫാൻ ഹബീബ്, ട്രഷറ൪ കെ.എം. അബ്ദുല്ല, സലാഹ് കാരാടൻ, മുഹമ്മദ് ഇംറാൻ, അനസ് പരപ്പിൽ, റഷീദ് വരിക്കോടൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.