ഭാര്യയെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തു; നടുക്കം വിട്ടുമാറാതെ തിരുവനന്തപുരം സ്വദേശി
text_fieldsകുവൈത്ത് സിറ്റി: ഭാര്യയെ കൺമുന്നിൽനിന്ന് ഇൻറ൪പോൾ അറസ്റ്റ് ചെയ്തുകൊണ്ടുപോയതിൻെറ നടുക്കത്തിലാണ് തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി. ഹൗസിൽ സഫീ൪ ഖാൻ. ഭാര്യ നുസൈഫ ബീവിയെ ഈമാസം 12നാണ് കുവൈത്ത് സുപ്രീം കോടതിയിലെ ഇൻറ൪പോൾ ഓഫീസിൽവെച്ച് ഉദ്യോഗസ്ഥ൪ അറസ്റ്റ് ചെയ്തത്. അതിനുശേഷം ഭാര്യയെ കുറിച്ച് ഒരു വിവരവും കിട്ടാതെ വിഷമിക്കുകയാണ് സഫീ൪.
ഒരു വ൪ഷത്തോളമായി കുവൈത്തിൽ സഫീ൪ ജോലി ചെയ്യുന്ന ദാന ദ൪ഖലീ ട്രേഡിങ് കമ്പനിക്ക് കീഴിലുള്ള ക്ളീനിങ് വിഭാഗം ജീവനക്കാരിയായിരുന്നു നുസൈഫയും. മുമ്പ് മൂന്നു വ൪ഷത്തോളം സൗദിയിലെ ദമ്മാമിൽ ജോലി ചെയ്തിരുന്ന നുസൈഫ പിന്നീടാണ് ഭ൪ത്താവിനൊപ്പം കുവൈത്തിലേക്ക് വിമാനം കയറിയത്. കുവൈത്തിലേക്ക് വരാനായി കഴിഞ്ഞവ൪ഷം ജൂണിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിൽനിന്ന് യാത്ര അസാധ്യമാണെന്ന് കാണിച്ച് മടക്കി അയച്ചിരുന്നു. ഇതിൻെറ കാരണം അന്വേഷിച്ചപ്പോഴാണ് കവ൪ച്ച നടത്തി നാടുവിട്ടതായി സൗദിയിലെ സ്പോൺസ൪ കേസ് നൽകിയതിനെ തുട൪ന്ന് ഇൻറ൪പോൾ അന്വേഷിക്കുന്ന കാര്യം അറിയുന്നതെന്ന് സഫീ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പിന്നീട് ദൽഹിയിലെ ഇൻറ൪പോൾ ആസ്ഥാനത്തുനിന്നും കിട്ടിയ ക്ളിയറൻസിൻെറ അടിസ്ഥാനത്തിലാണ് നുസൈഫ കുവൈത്തിലെത്തിയതെന്നും സഫീ൪ പറഞ്ഞു. കുവൈത്ത് വിമാനത്താവളത്തിലും പിന്നീട് വിസ നടപടികൾ പൂ൪ത്തിയാക്കിയപ്പോഴുമൊന്നും പ്രശ്നങ്ങളോ തടസ്സങ്ങളോ ഉണ്ടായിരുന്നില്ല. ഇടക്ക് കുവൈത്തിലെ ഇൻറ൪പോൾ ഓഫീസിൽനിന്ന് വിളിപ്പിച്ച് ചോദ്യംചെയ്തിരുന്നു. ഈ സമയത്ത് ജോലി ചെയ്യുന്ന കമ്പനിയുടെ മന്ദുബൂം അനുഗമിച്ചിരുന്നു. പിന്നീട് ഈ കേസിൻെറ പേരിൽ നുസൈഫക്ക് യാത്രാവിലക്കും ഏ൪പ്പെടുത്തി. ഈ മാസം 12ന് ആവശ്യപ്പെട്ടതുപ്രകാരം ഇൻറ൪പോൾ ഓഫീസിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
പിന്നീട് ഭാര്യയെ കാണാനിയിട്ടില്ലെന്നും കുവൈത്തിലെ ജയിലുകളിലെല്ലാം അന്വേഷിച്ചെങ്കിലും ഒന്നുമറിയാനായില്ലെന്നും സഫീ൪ പറഞ്ഞു. എംബസിയുമായി ബന്ധപ്പെട്ടെങ്കിലും അവ൪ക്കും വിവരമൊന്നുമില്ലെന്നാണത്രെ പറഞ്ഞത്. നിരന്തരം ബന്ധപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം എംബസിയിൽനിന്നാണ് 12ന് അറസ്റ്റിലായ നുസൈഫയുടെ യാത്രാവിലക്ക് 13ന് തന്നെ നീക്കീയതായും പിറ്റേന്നുതന്നെ കുവെത്തിൽനിന്ന് കൊണ്ടുപോയതായും അറിയുന്നത്.
എന്നാൽ, ഭാര്യയെ സൗദിയിലേക്കാണോ കൊണ്ടുപോയത് എന്നുപോലും അറിയില്ലെന്ന് പറഞ്ഞ സഫീ൪ സൗദിയിലുള്ള നുസൈഫയുടെ സഹോദരൻ മുഹമ്മദ് ദമ്മാമിൽ അന്വേഷിച്ചിട്ടും വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് കൂട്ടിച്ചേ൪ത്തു. നാട്ടിൽ നുസൈഫയുടെ മാതാപിതാക്കൾ നോ൪ക്കക്ക് പരാതി നൽകിയിട്ടുണ്ട്. ഏതായാലും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് സഫീ൪. അവിടെ ചെന്ന് മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകി, സൗദിയിൽ വിസിറ്റിങ് വിസയെടുത്ത് ചെന്നിട്ടായാലും ഭാര്യയുടെ വിവരമറിയാൻ ശ്രമിക്കാമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.