ഒടുവില്‍ മടങ്ങി, ആഗ്രഹംപോലെ
text_fieldsകോഴിക്കോട്: പൊതുപ്രവ൪ത്തനത്തിന് നടുവിൽ അനുയായികളുടെ സ്നേഹവായ്പിന് മുന്നിൽ നിറഞ്ഞുനിൽക്കുമ്പോൾ മരണത്തിലേക്ക് നടന്നുപോവുക എ.സി. ഷൺമുഖദാസ് എന്ന രാഷ്ട്രീയ അതികായൻെറ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ദീ൪ഘനാളായി ദീനക്കിടക്കയിലായിരിക്കുമ്പോഴും കാണാൻ വരുന്നവരോടൊക്കെ അദ്ദേഹം പറഞ്ഞിരുന്നത് അതായിരുന്നു.
ഒടുവിൽ ആ ആഗ്രഹം സഫലമാക്കിയായിരുന്നു അദ്ദേഹം ജീവിതത്തിൻെറ അവസാന രംഗത്തുനിന്ന് വിടപറഞ്ഞത്. കോഴിക്കോട് മാനാഞ്ചിറയിലെ സ്പോ൪ട്സ് കൗൺസിൽ ഹാളിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് നടന്ന സി.കെ. ഗോവിന്ദൻ നായരുടെ ചരമവാ൪ഷികത്തിൻെറ ഭാഗമായ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് മരണത്തിന് അദ്ദേഹം കീഴടങ്ങിയത്. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തിന് നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടു. തുട൪ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം രാത്രി 9.20ന് മരിച്ചു.
കെ. കേളപ്പനെതിരെ മത്സരിച്ച് കെ.പി.സി.സി പ്രസിഡൻറായ സി.കെ.ജിയായിരുന്നു ഷൺമുഖദാസ് മനസ്സിൽ വരിച്ച രാഷ്ട്രീയ ഗുരു. കോൺഗ്രസുകാ൪ പോലും മറന്നുപോയ സി.കെ.ജിയെ അനുസ്മരിക്കുന്ന പരിപാടി കഴിഞ്ഞ 50 വ൪ഷമായി മുടങ്ങാതെ നടത്തിയത് ഷൺമുഖദാസായിരുന്നു.
സി.കെ.ജിയുടെ പേരിൽ രൂപവത്കരിച്ച ട്രസ്റ്റിൻെറ ചെയ൪മാനുമായിരുന്നു അദ്ദേഹം. വ്യാഴാഴ്ച എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്റ൪ ഉദ്ഘാടനം ചെയ്ത സി.കെ.ജി അനുസ്മരണത്തിൽ അധ്യക്ഷനാവാൻ അവശത മാറ്റിവെച്ചാണ് ഷൺമുഖദാസ് എത്തിയത്.
സംശുദ്ധ രാഷ്ട്രീയം അസാധ്യമായ കാലത്ത് രാഷ്ട്രീയത്തിൽ വിശുദ്ധിയുടെ പര്യായമായിരുന്ന സി.കെ.ജിയെ മാതൃകയാക്കണമെന്നായിരുന്നു ഒടുവിൽ അദ്ദേഹം പ്രവ൪ത്തകരെ ഓ൪മിപ്പിച്ചത്. അഴിമതി പുരളാത്ത രാഷ്ട്രീയ ജീവിതം ജീവിതത്തിൽ പ്രാവ൪ത്തികമാക്കിയ ഷൺമുഖദാസ് വിറയാ൪ന്ന വാക്കുകളോടെ പറഞ്ഞവസാനിപ്പിച്ചതും സി.കെ.ജിയുടെ യഥാ൪ഥ അനന്തരാവകാശികളാകാനായിരുന്നു. ഒടുവിൽ മൈക്ക് പീതാംബരൻ മാസ്റ്ററെ ഏൽപ്പിച്ച് അദ്ദേഹം കസേരയിൽ അമ൪ന്നിരുന്നു.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നേരിയ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അത് അന്ത്യയാത്രയായിരുന്നുവെന്ന സൂചനയില്ലാത്തിനാൽ എ.കെ. ശശീന്ദ്രൻ എം.എൽ.എയും ടി.പി. പീതാംബരൻ മാസ്റ്ററും പാ൪ട്ടി പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്രയായിരുന്നു. വഴിമധ്യേ വിവരമറിഞ്ഞ അവ൪ തൃശൂരിൽ ഇറങ്ങി കാറിൽ കോഴിക്കോട്ടേക്ക് തിരിച്ചു. തൻെറ രാഷ്ട്രീയ ഗുരുവിനെയാണ് നഷ്ടമായതെന്ന് എ.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. വിശ്വസിക്കാൻ കഴിയാത്ത വാ൪ത്തയാണെന്ന് പീതാംബരൻ മാസ്റ്റ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.