പേഴ്സണല്‍ സ്റ്റാഫുകളെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് വി.എസ്
text_fields തിരുവനന്തപുരം: പേഴ്സനൽ സ്റ്റാഫിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ. സോളാ൪ കേസിൽ അറസ്റ്റിലാകുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടാനാണ് മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങുന്നത്. ഇതിനായി സംസ്ഥാന പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നും വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
ജോപ്പൻ അറസ്റ്റിലായ കേസിലെ വാദി ശ്രീധരൻ നായരുടെ പരാതിയിൽ പറയുന്നത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ്. കോന്നി പൊലീസ് സ്റ്റേഷനിലെ 656/2013 എന്ന പ്രഥമവിവരറിപ്പോ൪ട്ടും അതിനാധാരമായ പരാതിയും പരിശോധിച്ചാൽ ഇത് ബോധ്യപ്പെടും. ഇത് മറച്ചുവെച്ച് ജോപ്പനിൽ കേസൊതുക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ചേംബറിലെ വീഡിയോ ദൃശ്യങ്ങൾ തെളിവായി പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്യാൻ പോലീസ് അറച്ചുനിൽക്കുന്നു. ഇത്രയും നടപടിതന്നെ ഉണ്ടായത് ശ്രീധരൻ നായ൪ കോടതിയെ സമീപിച്ചതും കോടതി ഇടപെട്ടതും കൊണ്ടാണ്. തട്ടിപ്പിൻെറ ഇരകളെ സരിത സ്വീകരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിനാൽ ക്രിമിനൽ നടപടിക്രമം അനുസരിച്ച് കൃത്യം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് മഹസ൪ തയാറാക്കണമെന്നാണ് നിബന്ധന. ഈ നാണക്കേട് മലയാളികളുടെ തലയിൽ കെട്ടിവെക്കാനാണോ സ൪ക്കാ൪ ശ്രമിക്കുന്നതെന്ന് വി.എസ് ചോദിച്ചു.
ജോപ്പനെതിരെ വഞ്ചനക്കുറ്റം മാത്രമാണ് ചുമത്തിയത്. അടിയന്തരമായി സലിംരാജിൻെറയും ജോപ്പൻെറയും ജിക്കുമോൻെറയും അനധികൃത സ്വത്ത് സംബന്ധിച്ചും ഈ ക്രിമിനൽ തട്ടിപ്പിന് കൂട്ടുനിന്നതിനെക്കുറിച്ചും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണം. മുഖ്യമന്ത്രിയുടെയും മകൻെറയും പോക്കറ്റായ പാവം പയ്യൻെറ ധനസ്രോതസ്സും അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.