സൗദിയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് പദവി ശരിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ -രാജീവ് മെഹ്റിഷി
text_fieldsറിയാദ്: ഇളവുകാലം കൂടുതൽ ആനുകൂല്യങ്ങളോടെ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ ഇന്ത്യക്കാ൪ക്ക് നിയമപരമായ രേഖകൾ ശരിയാക്കി സൗദിയിൽ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി രാജീവ് മെഹ്റിഷി. റിയാദിലത്തെിയ അദ്ദേഹം ഇന്ത്യൻ എംബസി ചാ൪ജ് ദ അഫയേഴ്സ് ഡി.സി.എം സിബി ജോ൪ജ് ഒരുക്കിയ വിരുന്നിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയിൽ പ്രവാസികാര്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഉന്നതതല സന്ദ൪ശനത്തിൻെറ തുട൪നടപടിയാണ് മഹ൪ഷിയുടെ പര്യടനം.
ബുധനാഴ്ച രാവിലെ സൗദി തൊഴിൽകാര്യ സഹമന്ത്രി ഡോ. മുഫ്രിജ് ബിൻ സഈദ് അൽഹഖ്ബാനിയെ മെഹ്റിഷി സന്ദ൪ശിച്ചു. ഡി.സി.എം സിബി ജോ൪ജ്, കോൺസൽ കോൺസുല൪ ധ൪മേന്ദ്ര ഭാ൪ഗവ, എംബസി പൊളിറ്റിക്കൽ-ഇൻഫ൪മേഷൻ-കോമേഴ്സ്യൽ സെക്രട്ടറി സുരീന്ദ൪ ഭഗത് എന്നിവരും ഒപ്പമുണ്ടായിരുന്നു. പുതിയ ഇളവുകളെ കുറിച്ചും ഇതുവരെ നടന്ന പ്രവ൪ത്തനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇന്ത്യ-സൗദി സുഹൃദ്ബന്ധത്തിൻെറ ഊഷ്മളത സൗദി തൊഴിൽമേഖലയിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കാൻ ഇന്ത്യ നൽകിയ സഹകരണത്തിലും പ്രകടമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇതുവരെ സൗദിയിലെ ഇന്ത്യൻ മിഷനിൽ നിയമലംഘകരായ 94,000 ഇന്ത്യക്കാരാണ് രജിസ്റ്റ൪ ചെയ്തത്. ഏതാണ്ട് 50,000 പേ൪ ഒൗട്ട്പാസ് വാങ്ങി. അപേക്ഷ നൽകി കാത്തുനിൽക്കുന്നവരുമുണ്ട്. ഇളവുകാലാവധി കൂടുതൽ ആനുകൂല്യങ്ങളോടെ നീട്ടിയ സ്ഥിതിക്ക് പദവി ശരിയാക്കി സൗദിയിൽ തുടരാൻ ആഗ്രഹിക്കുന്നവ൪ നിരവധിയുണ്ടാവാം. അവ൪ക്കസൗകര്യം ചെയ്തുകൊടുക്കാൻ സന്നദ്ധമാണെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യം നേരിടാൻ തക്ക മാനവശേഷി ഇന്ത്യൻ മിഷനുണ്ടോ എന്ന് പരിശോധിക്കും. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരോട് കൂടിയാലോചിക്കും. വൻതോതിൽ ഒരു പ്രവാഹം ഇന്ത്യയിലേക്കുണ്ടാവും എന്ന പ്രതീക്ഷയിൽ റിയാദ്, ജിദ്ദ പോ൪ട്ടുകളിൽനിന്ന് പ്രത്യേക വിമാനസ൪വീസുകൾ നടത്തുന്ന കാര്യം ആലോചിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ അത്തരത്തിൽ കൂട്ടമായ ഒഴിച്ചുപോക്കുണ്ടാവില്ല. പ്രത്യേക വിമാനസ൪വീസിൻെറ ആവശ്യം ഇപ്പോഴില്ല. ഫൈനൽ എക്സിറ്റിൽ പോകുന്ന നി൪ധന൪ക്ക് സൗജന്യ വിമാനടിക്കറ്റ് നൽകാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ളെന്നായിരുന്നു മറുപടി. അതേസമയം, എയ൪ ഇന്ത്യ ഈ സീസണിൽ ടിക്കറ്റ് ചാ൪ജുയ൪ത്തിയതിനെ കുറിച്ച് ബന്ധപ്പെട്ട മന്ത്രാലയത്തോട് ച൪ച്ച ചെയ്യും.
പ്രവാസി മന്ത്രാലയം പ്രത്യേക പ്രവാസി പുനരധിവാസപദ്ധതികളൊന്നും ആരംഭിച്ചിട്ടില്ളെന്നും കേന്ദ്ര ഗവൺമെൻറിൻെറ കീഴിലുള്ള ജനക്ഷേമകരമായ പല പദ്ധതികളും പ്രവാസികളുടെ പുനരധിവാസത്തിനു ഉപയോഗിക്കാൻ കഴിയുന്നതാണെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് പെൻഷൻ നൽകാൻ ആവിഷ്കരിച്ച ‘മഹാത്മ ഗാന്ധി പ്രവാസി സുരക്ഷായോജന’ ദേശീയ പ്രവാസി പെൻഷൻ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റിൽ യു.എ.ഇയിൽ നടപ്പാക്കുമെന്നും അതിനുശേഷം ഇതര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും രാജിവ് മെഹ്റിഷി അറിയിച്ചു. സിബി ജോ൪ജിൻെറ ഒൗദ്യോഗിക വസതിയിലെ വിരുന്നിന് ശേഷം അദ്ദേഹം ഇന്ത്യൻ എംബസിയിലെ വളണ്ടിയ൪ സേവനപ്രവ൪ത്തനങ്ങൾ നോക്കിക്കണ്ടു. വൈകീട്ട് അഞ്ചിന് എംബസിയിൽനടന്ന ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടേയും വളണ്ടിയ൪മാരുടേയും യോഗത്തേയും അദ്ദേഹം അഭിനന്ദിച്ചു. രാത്രിയോടെ അദ്ദേഹം ദൽഹിയിലേക്ക് മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.