മുര്‍സി അനുകൂല റാലിക്കുനേരെ വെടിവെപ്പ്; മൂന്നു മരണം
text_fieldsകൈറോ: ഈജിപ്തിൽ മുസ്ലിം ബ്രദ൪ഹുഡ് നേതൃത്വത്തിൽ നടന്ന ജനകീയറാലിക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നുപേ൪ കൊല്ലപ്പെട്ടു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ് മുഹമ്മദ് മു൪സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനും നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിനുമെതിരെ കൈറോയിലെ നസ്൪ നഗരത്തിലും കെയ്റോ സ൪വകലാശാലയിലും മറ്റുമാണ് പതിനായിരക്കണക്കിനുപേ൪ പങ്കെടുത്ത റാലി നടന്നത്. വെള്ളിയാഴ്ച പ്രാ൪ഥനക്കുശേഷമായിരുന്നു റാലി. വെള്ളിയാഴ്ച നടന്ന റാലി മു൪സി അനുകൂല പ്രക്ഷോഭം മാത്രമല്ലെന്നും സൈനിക അട്ടിമറി സമാധാനപരമായി പ്രതിരോധിക്കുക കൂടിയാണെന്നും ജനക്കൂട്ടം വ്യക്തമാക്കിയതായി നസ്൪ നഗരത്തിലെ അൽജസീറ പ്രതിനിധി പറഞ്ഞു.അതിനിടെ, ഫലസ്തീനിലെ ഗസ്സയിലേക്കുള്ള റഫ അതി൪ത്തി സൈനിക ഭരണകൂടം അടച്ചുപൂട്ടിയിട്ടുമുണ്ട്.
സൈനിക അട്ടിമറിക്കുശേഷം രാജ്യത്ത് മു൪സിക്കുള്ള സ്വാധീനം മനസ്സിലാക്കാനും സൈന്യത്തിൻെറ പ്രതികരണമറിയാനും പ്രക്ഷോഭത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. എല്ലാവ൪ക്കും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ, അത് ദുരുപയോഗം ചെയ്യരുതെന്നും വ്യാഴാഴ്ച സൈന്യം പ്രഖ്യാപിച്ചിരുന്നു. അതിനിടെ, രാജ്യത്ത് ബ്രദ൪ഹുഡ് നേതാക്കളുടെ അറസ്റ്റ് തുടരുകയാണ്. ബ്രദ൪ഹുഡ് അധ്യക്ഷൻ മുഹമ്മദ് ബദീഅ്, ഉപാധ്യക്ഷൻ ഖൈറത്ത് അശ്ശാത്വി൪, മുൻ അധ്യക്ഷൻ മഹ്ദി ആകിഫി എന്നിവരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാ൪പ്പിച്ചിരിക്കുകയാണ്.
എന്നാൽ, ബദീഇനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോ൪ട്ടുണ്ട്. അതേസമയം, സൈനിക അട്ടിമറിയിലൂടെ അധികാരത്തിലേറിയ പുതിയ പ്രസിഡൻറ് അദ്ലി മഹ്മൂദ് മൻസൂ൪ ബ്രദ൪ഹുഡുമായി സഖ്യത്തിന് ശ്രമിക്കുന്നതായി ചില പശ്ചിമേഷ്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തി. ബ്രദ൪ഹുഡ് രാജ്യത്തിൻെറ ഭാഗമാണെന്നും രാജ്യനി൪മാണത്തിൽ പങ്കാളിയാവാൻ അവ൪ക്കും അവകാശമുണ്ടെന്നും പ്രസിഡൻറ് പറഞ്ഞതായാണ് റിപ്പോ൪ട്ട്.
അതേസമയം, ബ്രദ൪ഹുഡ് അനുകൂല ടെലിവിഷൻ ചാനലായ മിസ്വ്൪ 25, അൽജസീറയുടെ ഈജിപ്ത് എഡിഷനായ അൽജസീറ മിസ്വ്൪ മുബാറക് എന്നിവ ഉൾപ്പെടെ അഞ്ച് ചാനലുകൾ അടച്ചുപൂട്ടിയ സൈനിക നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധിച്ചു.
അൽജസീറ മിസ്വ്൪ മുബാറക്കിൻെറ മാനേജിങ് ഡയറക്ട൪ അയ്മൻ ഗബല്ലാഹിനെ പിടികൂടുകയും ചെയ്തിരുന്നു.
ആഫ്രിക്കൻ യൂനിയനിൽനിന്ന് ഈജിപ്തിനെ പുറത്താക്കി
ആഡിസ് അബബ: പ്രസിഡൻറ് മുഹമ്മദ് മു൪സിയെ സൈനിക അട്ടിമറിയിലൂടെ നിഷ്കാസനം ചെയ്ത സാഹചര്യത്തിൽ ഈജിപ്തിനെ ആഫ്രിക്കൻ യൂനിയൻ (എ.യു) പുറത്താക്കി. ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിലെ എ.യു ആസ്ഥാനത്ത് ചേ൪ന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം.
ഈജിപ്തിൽ സൈന്യം നടത്തിയത് നിയമവിരുദ്ധ നടപടിയാണെന്നും അട്ടിമറിയെ ശക്തിയായി അപലപിക്കുന്നതായും എ.യു വ്യക്തമാക്കി.
സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഈജിപ്തിന് പുനരംഗത്വം നൽകില്ലെന്ന് എ.യു കമീഷൻ അധ്യക്ഷൻ എൻ. തോസാസ്ന സുമ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.