മൂന്നിരട്ടി കള്ളനോട്ട് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘം പിടിയില്‍
text_fieldsമലപ്പുറം: നൽകുന്ന പണത്തിന് മൂന്നിരട്ടി കള്ളനോട്ട് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആറു പേരെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി പാലമഠത്തിൽ ചിനയിലെ പാലമഠത്തിൽ വീട്ടിൽ മജീദ് (39), സഹോദരൻ അൻവ൪ (35), പാലമഠത്തിൽ ചിന മേലേ കിഴക്കേതിൽ വീട്ടിൽ അസീസ് (39), തമിഴ്നാട് ശിവകാശി സ്വദേശികളായ അമി൪ ഹംസ (53), എം. മാരിയപ്പൻ (39), അശോകൻ (53) എന്നിവരെയാണ് മലപ്പുറം സി.ഐ.യും സംഘവും അറസ്റ്റുചെയ്തത്.
വേങ്ങര കുറ്റൂ൪ നോ൪ത്തിലെ പകിടേരി മൂസഹാജി വേങ്ങര പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്.
ഭൂമി നൽകാമെന്ന് പറഞ്ഞ് ഒരു കോടി വാങ്ങി മജീദും അൻവറും വഞ്ചിച്ചെന്നാണ് കേസ്. എന്നാൽ, മൂസ ഹാജിക്ക് മൂന്നിരട്ടി കള്ളനോട്ട് നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഒരു കോടിയോളം തട്ടിയത് തെളിഞ്ഞതിനെ തുട൪ന്നാണ് മലപ്പുറം സി.ഐ. ടി.ബി. വിജയൻെറ നേതൃത്വത്തിലെ സംഘം നോട്ടിരട്ടിപ്പ് സംഘത്തിനു പിന്നാലെ കൂടിയത്. പൊലീസ് പറയുന്നത് ഇങ്ങനെ: തമിഴ്നാട്ടിൽ പണം കൊടുത്താൽ ഒറിജിനലിനെ വെല്ലുന്ന മൂന്നിരട്ടി കള്ളനോട്ട് ലഭിക്കുമെന്ന സുഹൃത്ത് അൻവറിൻെറ പ്രലോഭനമാണ് മൂസഹാജിയെ വെട്ടിലാക്കിയത്. ഇതിനായി മൂസഹാജിയെ കഴിഞ്ഞ ഫെബ്രുവരി 20ന് ശിവകാശിയിലെത്തിച്ചു. ഒരു ലക്ഷം മുൻകൂറായി അസീസും അമി൪ ഹംസയും വാങ്ങി. രണ്ട് ദിവസം കഴിഞ്ഞ് 29 ലക്ഷം കോഴിക്കോട് എത്തിച്ച് നൽകി. മേയ് 28ന് 50 ലക്ഷവും 12 ലക്ഷത്തിൻെറ ചെക്കും നൽകി. പിന്നീട്, ചെക്ക് മടക്കിവാങ്ങി ആ തുകക്കുള്ള പണവും നൽകി. ഈ സംഖ്യയത്രയും ബാങ്കിൽനിന്ന് പിൻവലിച്ചാണ് നൽകിയത്. 92 ലക്ഷം കൈക്കലാക്കിയ പ്രതികൾ കള്ളനോട്ട് ശിവകാശിയിൽനിന്ന് രണ്ട് കെട്ടുകളായി കോഴിക്കോട്ടേക്ക് പാ൪സലായി അയക്കുമെന്ന് ധരിപ്പിച്ചു. ശിവകാശിയിലെ വി.ആ൪.എൽ ലോജിസ്റ്റിക്സ് ലിമിറ്റഡ് എന്ന പാ൪സൽ സ൪വീസ് മുഖേന രണ്ട് കെട്ട് പഴയ തമിഴ്പത്രങ്ങൾ കള്ളനോട്ടെന്ന വ്യാജേന അൻവറിൻെറ മേൽവിലാസത്തിൽ അയച്ചു. പാ൪സലായി വന്ന കെട്ടുകൾ വിട്ടുകിട്ടാൻ മൂസഹാജി ഒന്നര ലക്ഷംകൂടി പ്രതികൾക്ക് നൽകി. എന്നാൽ, കൊടുവള്ളിയിലെ ചില൪ക്ക് നൽകാനുള്ള അഞ്ച് കോടിയും പാ൪സലിൽ ഉണ്ടെന്നും അവ൪ എത്തുംവരെ തുറക്കില്ലെന്നും പറഞ്ഞ് പാ൪സൽ കൈമാറൽ നീട്ടിക്കൊണ്ടുപോയി.
ഇതിനു ശേഷം നേരിട്ട് തമിഴ്നാട്ടിൽനിന്ന് നോട്ടുകൾ വാങ്ങാമെന്ന് പറഞ്ഞ് മൂസഹാജിയെ അൻവറും അസീസും ശിവകാശിയിൽ എത്തിച്ചു. വാഹനത്തിൽ ആദ്യ കെട്ട് എടുത്തുവെച്ചപ്പോഴേക്കും അമീ൪ ഹംസയും മജീദും ചേ൪ന്ന് പൊലീസ് വേഷം കെട്ടിച്ച മാരിയപ്പനും അശോകനും മറ്റ് മൂന്നുപേരും കൂടി എത്തി. ഇതോടെ എല്ലാവരും ഓടിമറഞ്ഞു. വന്നത് യഥാ൪ഥ പൊലീസാണെന്ന് വിശ്വസിച്ച മൂസഹാജി ഇക്കാര്യം വെളിപ്പെടുത്താതെ ഒരു കോടി വാങ്ങി വഞ്ചിച്ചെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു.
മജീദിനെയും അൻവറിനെയും സ്റ്റേഷനിൽ വരുത്തി വ്യാഴാഴ്ച വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തി.
അസീസിനെ നാട്ടിൽവെച്ചണ് അറസ്റ്റുചെയ്തത്. ഇവരെ തമിഴ്നാട്ടിൽ കൊണ്ടുപോയാണ് മറ്റുള്ളവരെ വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്തത്. പൊലീസായി വേഷം കെട്ടിയ മൂന്നുപേരെ കൂടി കിട്ടാനുണ്ട്. പ്രതികളെ വെള്ളിയാഴ്ച ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.