ഭക്ഷ്യസുരക്ഷാ നിയമം ആര്‍ക്കുവേണ്ടി?
text_fieldsകേന്ദ്ര സ൪ക്കാ൪ ഇറക്കിയ ഭക്ഷ്യസുരക്ഷാ ഓ൪ഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി ഒപ്പുവെച്ചതോടെ അതിബൃഹത്തായ ഒരു സാമൂഹികക്ഷേമ പദ്ധതിക്ക് തൽക്കാലത്തേക്കെങ്കിലും നിയമപ്രാബല്യം കിട്ടിയിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങളിൽ 67 ശതമാനത്തോളം പേ൪ക്ക് സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. എന്നാൽ, എതി൪വാദങ്ങൾക്ക് ചെവികൊടുക്കാതെ ഇതുസംബന്ധിച്ച് തിടുക്കത്തിൽ ഓ൪ഡിനൻസ് ഇറക്കിയ രീതി അതിൻെറ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാക്കുന്നു. കൊല്ലംതോറും ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവിൽ 6.2 കോടി പേ൪ക്ക് അഞ്ചു കിലോ വീതം അരിയോ ഗോതമ്പോ മറ്റു ധാന്യങ്ങളോ കിലോക്ക് ഒന്നു മുതൽ മൂന്നുവരെ രൂപക്ക് വിതരണം ചെയ്യുന്ന വൻ പദ്ധതിക്ക് ഉണ്ടായിരിക്കേണ്ട മുന്നൊരുക്കമോ ആസൂത്രണമോ ഉണ്ടായില്ല. ഭക്ഷ്യസുരക്ഷാ നിയമം യു.പി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നിട്ടും നിയമത്തിൻെറ കരട് എഴുതിത്തയാറാക്കുന്നത് നാലാം വ൪ഷത്തിലാണ്. പാ൪ലമെൻറിൽ അത് അവതരിപ്പിച്ചെങ്കിലും അഴിമതിപ്രശ്നത്തിൽ തുട൪ച്ചയായി സഭാസ്തംഭനമുണ്ടായി. എന്നാൽ, പാ൪ലമെൻറിൻെറ അടുത്ത സമ്മേളനത്തിൽ ച൪ച്ചചെയ്ത് കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിനു പകരം ഓ൪ഡിനൻസ് എന്ന അസാധാരണപാത സ്വീകരിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് വ്യക്തമാണ്. 2014ലെ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ഭക്ഷ്യസുരക്ഷാ നിയമം എടുത്തുകാട്ടാൻ കഴിയണം -അത്രമാത്രം. അത് ശരിയായി നടപ്പാകുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞു മാത്രം വരുന്ന പ്രശ്നമാണ്. ആസന്നമായ അസംബ്ളി തെരഞ്ഞെടുപ്പുകൾക്കായി പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ നിയമം ചുട്ടെടുക്കാനാവാതെ വരും. ഇതാണ് പാ൪ലമെൻറിനെ മറികടന്ന് ഓ൪ഡിനൻസ് ഇറക്കുന്നതിനു പിന്നിലെ ചിന്ത. നിയമത്തിൻെറ അന്യൂനതയേക്കാൾ സ൪ക്കാറിന് പ്രധാനം അതിൽനിന്ന് ലഭ്യമാകുന്ന പ്രചാരണ സാധ്യതയാണ്.
പൊതുവിതരണശൃംഖല വ്യാപകവും കാര്യക്ഷമവുമാക്കുക ഇത്തരമൊരു പദ്ധതിയുടെ നി൪വഹണത്തിന് അത്യാവശ്യമാണ്. ആ വശം അവഗണിച്ചിരിക്കുകയാണ്. ഇന്ന് പൊതുവിതരണ സംവിധാനം ഭാഗികവും അഴിമതി നിറഞ്ഞതും കാര്യശേഷി ഇല്ലാത്തതുമാണ്. അതിലേക്ക് അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 40 ശതമാനം കരിഞ്ചന്തയിലേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. ഇത് ശരിയാക്കാതെ പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകാൻ പോകുന്നത്, അഴിമതി ഇപ്പോഴത്തേതിൻെറ അനേകമടങ്ങ് കൂടും എന്നതാണ്. ഉദ്ദിഷ്ട ഗുണഭോക്താക്കൾ ഏറെയും പട്ടിണിക്കാരായി തുടരും. മറ്റൊരു പ്രശ്നം, ഗുണഭോക്താക്കൾ ആരൊക്കെയെന്ന് എങ്ങനെ കണ്ടെത്തും എന്നതാണ്. അക്കാര്യത്തിൽ വ്യക്തതയില്ല. ഒക്ടോബറോടെ ലഭ്യമാകുന്ന കാനേഷുമാരി കണക്കിൻെറ അടിസ്ഥാനത്തിൽ അതത് സംസ്ഥാനങ്ങൾ കണ്ടെത്തട്ടെ എന്നാണ് പറയുന്നത്. ഇതും രാഷ്ട്രീയവും മറ്റുമായ താൽപര്യങ്ങൾക്ക് വിധേയമാകുമെന്നാണ് ന്യായമായ ഭീതി. ഇപ്പോൾതന്നെ പൊതുവിതരണ സബ്സിഡിയുടെ 70 ശതമാനത്തോളം ചോ൪ന്നുപോകുന്നുണ്ടത്രെ.
പദ്ധതിയുടെ പ്രായോഗികത വേണ്ടത്ര പരിശോധിക്കപ്പെട്ടിട്ടില്ലെന്നതിന് വേറെയും തെളിവുകളുണ്ട്. ഭക്ഷ്യസുരക്ഷയുടെ മ൪മമായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല നവ സാമ്പത്തികക്രമത്തിൽ ഉള്ളത്. കൃഷിക്ക് നൽകുന്ന സബ്സിഡികൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ചെറുകിട ക൪ഷകരിൽനിന്ന് വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനായാൽ അത് കൃഷിക്കുകൂടി സഹായകമാകും. എന്നാൽ, ഇതിനായി സ൪ക്കാ൪ വഹിക്കുന്ന അധികച്ചെലവ് സബ്സിഡിയായി കണക്കാക്കുമെന്നാണ് അമേരിക്ക വാദിക്കുന്നത്. അത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ലംഘനമാകുമെന്നും അവ൪ താക്കീത് ചെയ്യുന്നു. ഇക്കാര്യത്തിൽ ഇന്ത്യ അടക്കമുള്ള ജി-33 രാജ്യങ്ങളുടെ നിലപാട് അമേരിക്ക തള്ളുന്നു. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തമ്മിലുണ്ടെന്നു പറയുന്ന അഭിപ്രായവ്യത്യാസത്തിൻെറ കാതൽ ഇതാണത്രെ. ഭക്ഷ്യസുരക്ഷാ പദ്ധതി അന്യൂനമായല്ല നടപ്പാകുന്നതെങ്കിൽ അമേരിക്കയുടെ വാദത്തിന് അത് സാധൂകരണമാവുകയും ഇന്ത്യൻ കൃഷിമേഖല യു.എസ് കാ൪ഷിക കമ്പനികൾക്ക് മേയാനുള്ള ഇടമായി മാറുകയും ചെയ്യും. മറുവശത്ത്, കുറെക്കൂടി ആസൂത്രണത്തോടെ പട്ടിണിനി൪മാ൪ജനം സാധ്യമാക്കുന്ന ബ്രസീലിൻെറ ഉദാഹരണവും നമുക്കു മുന്നിലുണ്ട്. ബ്രസീൽ ജനതക്കുവേണ്ട ഭക്ഷ്യധാന്യങ്ങളുടെ 70 ശതമാനവും അവിടത്തെ കുടുംബകൃഷിയിടങ്ങളിൽനിന്നാണ്. അവക്ക് വൻതോതിൽ താങ്ങുനൽകിക്കൊണ്ട് മുൻ പ്രസിഡൻറ് ലുല ഡാ സിൽവ നടപ്പാക്കിയ ‘പൂജ്യം പട്ടിണി’ പരിപാടി ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. 2001ൽ തുടങ്ങിയ ആ പദ്ധതിപ്രകാരം നാലു കോടിയോളം ജനങ്ങൾ പട്ടിണിയിൽനിന്ന് രക്ഷപ്പെട്ടു. 2015ഓടെ പൂ൪ണമായും പട്ടിണി ഇല്ലാതാകുമെന്നാണ് പറയുന്നത്. അതേസമയം, ഇന്ത്യയിൽ ഓരോ ദിവസവും 2500ഓളം ക൪ഷക൪ കൃഷി ഉപേക്ഷിക്കുന്നു.
നാലു വ൪ഷമെടുത്ത് നിയമം എഴുതിയുണ്ടാക്കുന്നു; അത് പരിശോധിക്കേണ്ട പാ൪ലമെൻറിനെ മറികടന്ന് ഓ൪ഡിനൻസ് ഇറക്കുന്നു. വെറും രണ്ടു ദിവസംകൊണ്ട് രാഷ്ട്രപതി അത് ഒപ്പിട്ട് നിയമമാക്കുന്നു. നമ്മുടെ കാര്യക്ഷമത പ്രകടനപരതയിലും നിയമം ചുട്ടെടുക്കുന്നതിലുമാണ്. ഭരണസംവിധാനത്തിൻെറ കാര്യക്ഷമതയോ പാവങ്ങളുടെ ക്ഷേമമോ നമുക്ക് അത്ര വലിയ വിഷയമാകുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.