മുഖ്യമന്ത്രിയുടെ വാദങ്ങള്‍ സരിതയെ സംരക്ഷിക്കാന്‍ -കോടിയേരി
text_fieldsസ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാ൪ തട്ടിപ്പുകേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാദങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷം. ആദ്യം പറഞ്ഞതിൽ തന്നെയാണ് താൻ നിൽക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ഓരോദിവസവും വ്യത്യസ്തരീതിയിലാണ് സംസാരിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫിസിൻെറ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയെന്നും 10,000 കോടിയുടെ കുംഭകോണമാണെന്നും ആദ്യം പറഞ്ഞത് ചീഫ്വിപ്പ് പി.സി. ജോ൪ജാണ്. ഡിസംബ൪ 27ന് ദൽഹി വിജ്ഞാനഭവനിൽ സരിതയെ കണ്ടുവെന്നാരോപിച്ചപ്പോൾ അന്ന് ദൽഹിയിൽ പോയില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 29നാണ് പോയതെന്നും കേരളഹൗസിൽ കണ്ട ബീനാ മാധവനെന്നയാളെ മാധ്യമങ്ങൾ തെറ്റിദ്ധരിച്ചതാണെന്നും വാദിച്ചു. എന്നാൽ സരിതയെ വിജ്ഞാനഭവനിൽ അദ്ദേഹം കണ്ടുവെന്ന് വീണ്ടും പ്രതിപക്ഷം ആവ൪ത്തിച്ചപ്പോൾ ആൾക്കൂട്ടത്തിൽ എവിടെയോ ഉണ്ടാകാമെന്നായിരുന്നു മറുപടി.
ബിജുവുമായി രണ്ട് മണിക്കൂ൪ സംസാരിച്ചതെന്തെന്ന് വെളിപ്പെടുത്താൻ പറ്റില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും വാദിക്കുന്നത്. എന്നാൽ പരാതി പറയാനെത്തിയ കുരുവിള പറഞ്ഞത് എന്താണെന്ന് വെളിപ്പെടുത്തി.
ശ്രീധരൻനായ൪ കോടതിയെ സമീപിച്ചത് താൻ കബളിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ്. പത്തനംതിട്ട കോടതിയിലെ സ്വകാര്യ അന്യായത്തിലെ കാര്യം തന്നെയാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. അത് തെറ്റാണെന്ന് സമ൪ഥിക്കാൻ മുഖ്യമന്ത്രിയും മന്ത്രി കെ.എം. മാണിയും സരിതക്ക് ശ്രീധരൻനായ൪ അയച്ച നോട്ടീസിലെ കാര്യം പറയുന്നു. എന്നാൽ ജൂലൈ ഒമ്പതിലെ കൂടിക്കാഴ്ചക്ക് മുമ്പുതന്നെ 25 ലക്ഷത്തിൻെറ ചെക്ക് കൊടുത്തുവെന്നാണ് സ്വകാര്യ അന്യായത്തിലും അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയെ കണ്ടശേഷമാണ് ബാക്കി 15 ലക്ഷത്തിൻെറ ചെക്ക് കൈമാറാൻ തീരുമാനിച്ചത്. ശ്രീധരൻനായ൪ സരിതക്കയച്ച നോട്ടീസിന് മുഖ്യമന്ത്രിയും മാണിയും മറുപടി പറയേണ്ട കാര്യമെന്താണ്. സരിതയെ സംരക്ഷിക്കാനുള്ള വാദമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. സരിതക്കയച്ച വക്കീൽ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പേര് പറയുന്നത് എന്തിനാണ്. തനിക്ക് നഷ്ടപ്പെട്ട പണം തിരിച്ചുതരണമെന്ന് പറയുമ്പോൾ മുഖ്യമന്ത്രിയുടെ പേര് പറയേണ്ടതുണ്ടോ.
ശ്രീധരൻനായരുടെ സ്വകാര്യ അന്യായത്തിൽ ജോപ്പൻെറ പേരും ഇല്ലായിരുന്നു. പക്ഷേ സ്വകാര്യ അന്യായത്തിൽ പറഞ്ഞതിനെ അടിസ്ഥാനമാക്കി ജോപ്പനെതിരെ കേസെടുത്തു. സരിത ഇ- മെയിൽ സന്ദേശത്തിലൂടെയാണ് ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ശ്രീധരൻനായരെ അറിയിച്ചത്. എന്നാൽ അന്നേ ദിവസം കണ്ടുവെന്ന് ചൊവ്വാഴ്ചയാണ് ഉമ്മൻചാണ്ടി സമ്മതിച്ചത്. ക്വോറി ഉടമകളാണ് ഒമ്പതിന് കണ്ടതെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സരിത തീരുമാനിച്ചറിയിച്ച ദിവസംതന്നെ ക്വോറി അസോസിയേഷൻ ഭാരവാഹികൾ കണ്ടുവെന്നാണ് വ്യക്തമാകുന്നത്. സരിതക്കൊപ്പമല്ല കണ്ടതെന്ന് വാദിക്കാൻ ഇപ്പോൾ ലീഗുകാരനായ അസോസിയേഷൻ നേതാവിനെ രംഗത്തിറക്കിയിരിക്കുകയാണ്.
തൻെറ ഓഫിസിലെ കാമറാ ദൃശ്യങ്ങൾ കുറച്ചുദിവസം കഴിയുമ്പോൾ ഡിലീറ്റായി പോകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷേ അദ്ദേഹത്തിൻെറ ഓഫിസിലെ കൈക്കൂലി വിവാദത്തിൽ ചേമ്പറിലെയും ഓഫിസിലെയും കാമറാദൃശ്യങ്ങൾ മാധ്യമപ്രവ൪ത്തക൪ക്ക് ഏത് നേരവും പരിശോധിക്കാമെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് 2012 നവംബ൪ അഞ്ചിന് പത്രങ്ങൾ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ഈ തീയതിക്ക് ശേഷമാണോ കാമറകൾ കുറച്ചുദിവസം കഴിയുമ്പോൾ ഡിലീറ്റായി പോകുന്ന പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചതെന്ന് ഉമ്മൻചാണ്ടി വിശദീകരിക്കണം. അദ്ദേഹത്തിൻെറ വാദം സമ്മതിച്ചാൽ തന്നെ കൻേറാൺമെൻറ് ഗേറ്റ് മുതൽ മുഖ്യമന്ത്രിയുടെ ഓഫിസിൻെറ ഗേറ്റ് വരെയുള്ള ആറ് സി.സി ടി.വി കാമറകളിൽ ദൃശ്യങ്ങൾ റെക്കോഡ് ചെയ്തിട്ടില്ലേ. ഈ കാമറകൾ പുന$സംപ്രേഷണം ചെയ്താൽ വിവാദം അവസാനിക്കും. സംഭവിച്ച കാര്യങ്ങൾ മുഖ്യമന്ത്രി തുറന്നുപറയണം.
സ൪ക്കാറിനെ അട്ടിമറിക്കാൻ സംഘടിപ്പിച്ച സമരമല്ലിത്. അഴിമതിക്കെതിരായ സമരമാണ്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് റിപ്പോ൪ട്ട് വരുന്നതുവരെ മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കണം. കെ.എം. മാണി, ജി. കാ൪ത്തികേയൻ, ചെന്നിത്തല, വയലാ൪ രവി, ശങ്കരനാരായണൻ എന്നീ എത്രയോ പ്രഗല്ഭ൪ കോൺഗ്രസിലും യു.ഡി.എഫിലും മുഖ്യമന്ത്രിയാകാനുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നിറങ്ങിയാൽ തിരിച്ചുവരാൻ കഴിയില്ലെന്ന ഭയംകൊണ്ടാണോ ഉമ്മൻചാണ്ടി രാജിവെക്കാത്തതെന്നും കോടിയേരി ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.