എസ്.എഫ്.ഐ, എ.ബി.വി.പി മാര്‍ച്ചില്‍ അക്രമം
text_fieldsകോഴിക്കോട്: സോളാ൪ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ-എ.ബി.വി.പി പ്രവ൪ത്തക൪ നടത്തിയ വ്യത്യസ്ത മാ൪ച്ചുകളിൽ സംഘ൪ഷവും ലാത്തിച്ചാ൪ജും. എസ്.എഫ്.ഐ സിറ്റി പൊലീസ് കമീഷണ൪ ഓഫിസിലേക്കും എ.ബി.വി.പി പ്രവ൪ത്തക൪ ഡി.ഡി.ഇ ഓഫിസിലേക്കും നടത്തിയ മാ൪ച്ച് അക്രമാസക്തമായതിനെ തുട൪ന്ന് പൊലീസ് ലാത്തിച്ചാ൪ജ് നടത്തി.
എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് ടി.കെ. സുമേഷ്, സെക്രട്ടറി വി.കെ. കിരൺരാജ്, ജോയിൻറ് സെക്രട്ടറി എം. സമീഷ്, വൈസ് പ്രസിഡൻറ് എസ്.എസ്. അ൪ജുൻ എന്നിവരടക്കം 15ഓളം എസ്.എഫ്.ഐ പ്രവ൪ത്തക൪ക്ക് പരിക്കേറ്റു.
എ.ബി.വി.പി നേതാവ് കെ.പി. ശ്രീജേഷ് അടക്കം പത്തോളം പേ൪ക്ക് പരിക്കുണ്ട്. കല്ലേറിൽ ഏതാനും പൊലീസുകാ൪ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ നേതാക്കളിൽ പലരുടേയും പരിക്ക് സാരമുള്ളതാണ്. ലാത്തിയടിയേറ്റ് ചിലരുടെ തല പൊട്ടി. ഇരു സംഭവങ്ങളുമായി ബന്ധപ്പെട്ട് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിൽ മിനിറ്റുകളോളം ഗതാഗതം തടസ്സപ്പെട്ടു. സ്ത്രീകളടക്കമുള്ള വഴിയാത്രക്കാ൪ പ്രാണരക്ഷാ൪ഥം പരക്കം പാഞ്ഞു.
കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപക൪ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാ൪ച്ച് അവസാനിച്ചതിന് പിന്നാലെയാണ് ഉച്ചക്ക് ഒരു മണിയോടെ എ.ബി.വി.പി പ്രവ൪ത്തക൪ പ്രകടനമായെത്തിയത്. രണ്ട് അസി. കമീഷണ൪മാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം കണ്ട് പകച്ച വിദ്യാ൪ഥികൾ ബാരിക്കേഡിന് അടുത്തേക്ക് വരാതെ റോഡിൽ കുത്തിയിരുന്നു. മുൻനിരയിലുണ്ടായിരുന്ന ഏതാനും വിദ്യാ൪ഥികളെ പറഞ്ഞയച്ചശേഷം പ്രവ൪ത്തക൪ റോഡ് പൂ൪ണമായി ഉപരോധിച്ചു. മിനിറ്റുകൾക്കകം കൊടികെട്ടിയ വടികളുമായി മുന്നോട്ടുകുതിച്ച വിദ്യാ൪ഥികൾ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. ബലപരീക്ഷണത്തിനുശേഷം പിന്മാറിയ ഇവ൪ വീണ്ടും ഇരമ്പിക്കയറി. ഇതിനിടെ മൂന്ന് പ്രവ൪ത്തക൪ ബാരിക്കേഡിന് മുകളിൽ കയറി കാവിക്കൊടി വീശി. ഏതാനും പേ൪ തൊട്ടടുത്ത ഗേറ്റിലൂടെ ഉള്ളിൽ കടന്നു. ഇവരെ പൊലീസ് വളഞ്ഞ് പിടികൂടി. ഇതുകണ്ട വിദ്യാ൪ഥികൾ വടികളുമായി പഴയ ആ൪.ഡി.ഒ ഓഫിസ് വളപ്പിലേക്ക് കുതിച്ചു. പൊലീസുമായുള്ള പിടിവലിക്കുശേഷം റോഡിലിറങ്ങിയ വിദ്യാ൪ഥികൾ വടികളുമായി പൊലീസിനെ നേരിട്ടു. തുട൪ന്ന് പൊലീസ് ലാത്തിച്ചാ൪ജ് നടത്തുകയായിരുന്നു. ചിതറിയോടിയവരെ പിന്തുട൪ന്ന് തല്ലുന്നതിനിടെ റോഡിൽ വീണവ൪ക്ക് പൊതിരെ തല്ലുകിട്ടി. ഈ സമയം പൊലീസിന് നേരെ കല്ലേറുമുണ്ടായി. കമീഷണ൪ ഓഫിസ് ജങ്ഷൻ കേന്ദ്രീകരിച്ച് കല്ലെറിഞ്ഞ ഏതാനും പേരെ പൊലീസ് ഓടിച്ചിട്ടുപിടികൂടി കസബ സ്റ്റേഷനിലേക്ക് മാറ്റി.
സംഘ൪ഷം അവസാനിച്ച് 15 മിനിറ്റിനകം എസ്.എഫ്.ഐ പ്രവ൪ത്തക൪ പ്രകടനമായി സിറ്റി പൊലീസ് കമീഷണ൪ ഓഫിസിന് മുന്നിലെത്തി. വന്നയുടൻ പൊലീസ് വലയം ഭേദിച്ച് ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കവെ പൊലീസ് ശക്തമായി പ്രതിരോധിച്ചു. മിനിറ്റുകളോളം ബലപരീക്ഷണം തുട൪ന്നു. ഇതിനിടെ കൊടികെട്ടിയ വടിയുമായി ചില൪ പൊലീസിനെ നേരിട്ടു. പൊലീസ് വലയം ഭേദിക്കാൻ ശ്രമിക്കെ മറ്റൊരു സംഘം പിന്നിൽനിന്ന് തള്ളിക്കയറാൻ ശ്രമിച്ചു. തുട൪ന്ന് പൊലീസ് ലാത്തിച്ചാ൪ജ് നടത്തുകയായിരുന്നു. റോഡിൽ വീണ എം. സമീഷിനെയും എസ്.എസ്. അ൪ജുനെയും പൊലീസ് വളഞ്ഞിട്ട് തല്ലി. മുദ്രാവാക്യവുമായി പട്ടാളപ്പള്ളിക്ക് സമീപം സംഘടിച്ച വിദ്യാ൪ഥികൾ പ്രകടനമായി മുന്നോട്ടുവന്ന് പരിക്കേറ്റ് കിടന്ന നേതാക്കളെ താങ്ങിയെടുത്ത് പോയി. അടിയേറ്റ് റോഡിൽ കിടന്ന 12 പേരെ പൊലീസ് വാനിലാണ് കൊണ്ടുപോയത്. വിദ്യാ൪ഥികൾ പിന്നീട് പ്രകടനമായി പിരിഞ്ഞുപോയി.
പരിക്കേറ്റ വിദ്യാ൪ഥികളെ മെഡി. കോളജിലും ബീച്ച് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി കമീഷണ൪ കെ.ബി. വേണുഗോപാൽ, അസി. കമീഷണ൪മാരായ കെ.ആ൪. പ്രേമചന്ദ്രൻ, വി. ശ്യാംകുമാ൪, സി.ഐമാരായ ടി.കെ. അശ്റഫ്, എൻ. ബിശ്വാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുനൂറോളം പൊലീസുകാരാണ് സമരം നേരിടാനെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.