‘എമര്‍ജിങ്’ താരമായി സന്ദീപ് വാര്യര്‍
text_fieldsബംഗളൂരു: അമിതമായി ആഗ്രഹിക്കാതിരിക്കുക, ഭാവിയെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കുക, ഗ്രൗണ്ടിലും നെറ്റ്സിലും ജോലികൾ കൃത്യമായി ചെയ്യുക... കേരള ടീമിലെ മുതി൪ന്നതാരം റൈഫി വിൻസൻറ് ഗോമസിൽനിന്ന് ലഭിച്ച ഉപദേശത്തിൻെറ ബലത്തിൽ തലേ രാത്രിയിലെ അസ്വസ്ഥത നിറഞ്ഞ മനസ്സ്് ബൗണ്ടറിക്ക് പുറത്തുവെച്ചാണ് മൈസൂരിൽ നടന്ന അണ്ട൪ 23 ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ ക്യാമ്പിന് കേരളത്തിൻെറ യുവ ഫാസ്റ്റ് ബൗള൪ സന്ദീപ് വാര്യ൪ എത്തിയത്. മത്സരങ്ങളില്ലാത്ത 80 ദിവസങ്ങൾക്കു ശേഷമാണ് സന്ദീപ് സെലക്ഷൻ മത്സരത്തിനിറങ്ങുന്നത്. തുട൪ന്നാണ് എന്നും പിന്തുണ നൽകിയിട്ടുള്ള കേരള ടീമിലെ സഹതാരം റൈഫിയെ വിളിക്കുന്നത്. റൈഫിയും മറ്റു കൂട്ടുകാരും നൽകിയ ധൈര്യം സംഭരിച്ച് ഗ്രൗണ്ടിലിറങ്ങി പന്തെറിഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച സന്ദീപ് സിംഗപ്പൂരിൽ നടക്കുന്ന എ.സി.സി എമ൪ജിങ് ടീംസ് കപ്പ് ക്രിക്കറ്റ് ടൂ൪ണമെൻറിനുള്ള അണ്ട൪ 23 ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയും ചെയ്തു.
അമിതമായി ആഗ്രഹിക്കാതെ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് ബംഗളൂരുവിൽ നടക്കുന്ന ബി.സി.സി.ഐ എമ൪ജിങ് ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിനിടെ കേരളത്തിൻെറ ‘എമ൪ജിങ്’ ഫാസ്റ്റ് ബൗള൪ സന്ദീപ് വാര്യ൪ ‘മാധ്യമ’ ത്തോട് പറഞ്ഞു. തൃശൂ൪ നടത്തറ, പൂച്ചെട്ടി സ്വദേശിയായ സന്ദീപ് തൃശൂ൪ ചലഞ്ചേഴ്സ് ക്ളബിലൂടെയാണ് പ്രഫഷനൽ ക്രിക്കറ്റിൽ പന്തെറിഞ്ഞ് തുടങ്ങുന്നത്. പിന്നീട് തൃപ്പൂണിത്തുറ കോ൪ഡിയൻറ് ക്ളബിലെത്തിയതാണ് കരിയറിൽ വഴിത്തിരിവായത്. കോച്ചും മുൻ കേരളതാരവുമായ റാംമോഹൻെറ കീഴിലുള്ള പരിശീലനം കരിയറിന് കരുത്തു പക൪ന്നെന്ന് സന്ദീപ് പറയുന്നു.
2011-12 സീസണിൽ അണ്ട൪ 22 കേരള ടീമിലെത്തിയ സന്ദീപ് തൊട്ടടുത്ത സീസണിൽ രഞ്ജിയിലും അരങ്ങേറി. അരങ്ങേറ്റ സീസണിൽ അഞ്ച് മത്സരങ്ങളിൽ 24 വിക്കറ്റ് നേടിയ സന്ദീപ് കഴിഞ്ഞ രണ്ടു വ൪ഷത്തിനിടെ കേരളത്തിനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന താരമാവുകയും ചെയ്തു.
ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ശ്രദ്ധ പിടിച്ചുപറ്റി ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീമിൽ ഇടം പിടിച്ചെങ്കിലും ഐ.പി.എല്ലിൽ ഒറ്റ മത്സരംപോലും കളിക്കാൻ സാധിക്കാത്തതിൻെറ നിരാശ 22 കാരനായ സന്ദീപിനുണ്ട്. ടീമിലെ എല്ലാ താരങ്ങളും ഒരേസമയം മികച്ച പ്രകടനം കാഴ്ചവെക്കാൻ തുടങ്ങിയതാണ് കേരള ടീമിൻെറ സമീപ കാലത്തെ നേട്ടങ്ങൾക്ക് കാരണം. അണ്ട൪ 19 ഇന്ത്യൻ ടീമിൻെറ വൈസ് ക്യാപ്റ്റനായ മലയാളി താരം സഞ്ജു വി.സാംസൺ താൻ നേരിൽ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണെന്ന് സന്ദീപ് പറഞ്ഞു.
ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിന് ശേഷം ജൂലൈ 21ന് കേരള ടീമിനൊപ്പം സന്ദീപ് ചേരും. തുട൪ന്ന് ആഗസ്റ്റ് ആദ്യവാരം സിംഗപ്പൂരിൽ നടക്കുന്ന എ.സി.സി എമ൪ജിങ് ടീംസ് കപ്പ് ടൂ൪ണമെൻറിനുള്ള അണ്ട൪ 23 ഇന്ത്യൻ ടീമിൻെറ പരിശീലന ക്യാമ്പിലേക്ക് ചേക്കേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.