കഥ, തിരക്കഥ, സംവിധാനം: ആദിത്യദേവ് -ക്ളാസ് എട്ട് എ
text_fieldsകോഴിക്കോട്: എട്ടാം ക്ളാസുകാരൻ ആദിത്യദേവ് കഥയും തിരക്കഥയും സംവിധാനവും നി൪വഹിച്ച ‘ദി വൂണ്ട്’ (മുറിവ്) സിനിമ ഇന്ന് സ്ക്രീനിൽ. സിൽവ൪ ഹിൽസ് സ്കൂളിലെ എട്ടാംക്ളാസുകാരനാണ് കൊച്ചുപ്രായത്തിൽ ചലച്ചിത്രകാരനാവുന്നത്. 17 മിനിറ്റ് നീണ്ട സിനിമയാണ് ഈ മിടുക്കൻ കലാചാരുതയോടെ ആവിഷ്കരിച്ചത്. പ്രശസ്ത ഛായാഗ്രാഹകൻ വേണുഗോപാലിൻെറയും പ്രീതിയുടെയും മകനാണ് ആദിത്യദേവ്.
ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൻെറ ആഴങ്ങൾ സ്പ൪ശിക്കുന്ന സിനിമയാണിതെന്ന് ആദിത്യൻ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഹ്രസ്വചിത്രങ്ങളുടെ മത്സരത്തിൽ പങ്കെടുക്കുമെന്ന് കൊച്ചുസംവിധായകൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ ഹ്രസ്വചിത്രം ഒരുക്കിയിരുന്നു. അതിൻെറ പ്രവ൪ത്തന പരിചയം കൈമുതലാക്കിയാണ് ഒരു ‘സീരിയസ് പടം’ ചെയ്യാമെന്നുവെച്ചത്.
കഥാപാത്രങ്ങളൊക്കെ പുതുമുഖങ്ങളാണ്. വിജയൻ ഇല്ലത്ത്, സതീഷ്കുമാ൪, അനൂപ് നമ്പ്യാ൪, വിനോദ്, മുരളീമഠത്തിൽ അമ്പിളി എന്നിവരാണ് കഥാപാത്രങ്ങൾ. സ്വന്തം വീടും, മെഡിക്കൽ കോളജ് ആശുപത്രിയുമാണ് ലൊക്കേഷൻ. രണ്ടര ദിവസംകൊണ്ടാണ് പടം പൂ൪ത്തിയാക്കിയത്. അനൂപ് നമ്പ്യാ൪, രത്തൻജിത്ത് എന്നിവരാണ് നി൪മാതാക്കൾ.
ചിത്രത്തിൻെറ ആദ്യ പ്രദ൪ശനം ശനിയാഴ്ച വൈകീട്ട് നാലിന് ഹോട്ടൽ ‘വെസ്റ്റ്വേയിൽ’ നടക്കും.
മുൻ ജില്ലാ കലക്ടറും റൂറൽ ഡെവലപ്മെൻറ് കമീഷണറുമായ കെ.വി. മോഹൻകുമാ൪ പ്രദ൪ശനം ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാ൪ മുഖ്യാതിഥിയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.