Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2013 5:05 PM IST Updated On
date_range 15 July 2013 5:05 PM ISTഒടുക്കത്തെ ടെലിഗ്രാമയക്കാന്‍ വന്‍ തിരക്ക്
text_fieldsbookmark_border
കൊല്ലം: ഗൃഹാതുര സ്മരണകൾ മാത്രം ബാക്കിയാക്കി ചരിത്രത്തിലഭയം തേടിയ ടെലിഗ്രാമിൽ സന്ദേശമയക്കാൻ അവസാന ദിനം വൻ തിരക്ക്. പലരും അയച്ചത് സ്വന്തം വിലാസത്തിലേക്ക്. സുഹൃത്തുക്കൾ പരസ്പരം സന്ദേശങ്ങളയച്ചു. ടെലിഗ്രാം നി൪ത്തലാക്കുന്നു എന്ന വാ൪ത്ത വന്നതോടെ അവസാനമായി ടെലിഗ്രാം സന്ദേശമയക്കാൻ ഞായറാഴ്ചയായിട്ടുകൂടി ആളുകൾ കൂട്ടമായി എത്തുകയായിരുന്നു. വ൪ഷങ്ങൾക്ക് മുമ്പ് ടെലിഗ്രാം കൗണ്ടറിനുമുന്നിലുണ്ടാകുന്ന അതേ തിരക്കായിരുന്നു ഞായറാഴ്ച ചിന്നക്കടയിലെ ജില്ലാ ടെലിഗ്രാഫ് ഓഫിസിൽ കാണാനായത്. പ്രായമായവ൪ മുതൽ പുതുതലമുറയിൽപെട്ടവ൪ വരെ ക്യൂവിൽ ക്ഷമയോടെ കാത്തുനിന്നു. വൈകുന്നേരം അഞ്ചു മണിവരെയെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാലിന് ക്ളോസ് ചെയ്തു. 222 പേരാണ് അവസാന ദിവസം സന്ദേശമയക്കാനെത്തിയത്. അധികവും അനുമോദന-ആശംസാ സന്ദേശങ്ങളായിരുന്നു.
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂ൪ സജീബ് ആണ് അവസാനമായി സന്ദേശമയച്ചത്. കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലക്കായിരുന്നു സന്ദേശം. അഞ്ചു മണിവരെ സമയമുണ്ടെന്ന് കരുതി സന്ദേശമയക്കാനെത്തിയ സ്കൂൾകുട്ടികളടക്കമുള്ള പലരും നിരാശരായി.
അവസാനമെത്തിയ ഏഴാം ക്ളാസ് വിദ്യാ൪ഥിക്ക് അഴിമതി തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കാണ് സന്ദേശമയക്കാനുണ്ടായിരുന്നത്. ടെലിഗ്രാം സംവിധാനം ക്ളോസ് ചെയ്തതിനാൽ ഫോണോഗ്രാമിൽ തൃപ്തിപ്പെടേണ്ടി വന്നു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കുവരെ ഞായറാഴ്ച കൊല്ലത്ത് നിന്ന് ടെലിഗ്രാം സന്ദേശം പോയിട്ടുണ്ട്. കാലം മാറിയെങ്കിലും ദിവസവും 25വരെ എണ്ണം ടെലിഗ്രാം സന്ദേശങ്ങൾ ഉണ്ടാകുമായിരുന്നെന്ന് ചീഫ് ടെലിഗ്രാഫ് മാസ്റ്റ൪ എം.എൻ. അശോകൻ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ‘ചീഫ് ടെലിഗ്രാഫ് മാസ്റ്റ൪’ എന്ന തസ്തികയും ഇല്ലാതായി. ബി.എസ്.എൻ.എല്ലിൻെറ ബ്രോഡ്ബാൻഡ് വിഭാഗത്തിലോ മൊബൈൽ വിഭാഗത്തിലോ ആകും ടെലിഗ്രാഫ് സെക്ഷനിലെ ഉദ്യോഗസ്ഥരുടെ ഇനിയുള്ള സേവനം. ജില്ലയിൽ ചിന്നക്കടയിലെ ഈ ഓഫിസിൽ മാത്രമാണ് ടെലിഗ്രാം സൗകര്യമുണ്ടായിരുന്നത്.
ടെലിഗ്രാം ഞായറാഴ്ചയോടെ അവസാനിക്കുമെന്ന വാ൪ത്തയറിഞ്ഞ് നിരവധിപേ൪ തിരുവനന്തപുരത്തെ കമ്പി ഓഫിസിലും കമ്പിയടിക്കാനെത്തിയിരുന്നു. വന്നവരിൽ ചെറുപ്പക്കാരാണ് ഏറെയും. ടെലിഗ്രാം സേവനം കാണാനും അറിയാനുമെത്തിയ നവാഗതരും അക്കൂട്ടത്തിലുണ്ടായിരുന്നു.
പലരും ആശംസകളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സൗഹൃദസന്ദേശങ്ങളും അയച്ചു. ചില൪ സ്വന്തം വീട്ടിലേക്ക് തന്നെ സന്ദേശം അയച്ചു. മറ്റുചില൪ കമ്പിയില്ലാകമ്പി കണ്ടുപിടിച്ച സാമുവൽ മോഴ്സിന് ആദരം അറിയിച്ചുള്ള സന്ദേശങ്ങളയച്ചു.
കമ്പിസന്ദേശങ്ങൾ ഓ൪മയാകുമ്പോഴും തിരുവനന്തപുരത്തെ കമ്പി ആപീസിൻെറ പേര് ഇനി എന്താകുമെന്ന ആശങ്ക ജീവനക്കാ൪ക്കുണ്ട്. കമ്പിയില്ലാകമ്പിയുടെ ഓ൪മക്കായെങ്കിലും ഓഫിസ് ആ പേരിൽ തന്നെ നിലനി൪ത്തണമെന്ന ആഗ്രഹം അവ൪ അവശേഷിപ്പിക്കുന്നു. സങ്കടവും സന്തോഷവും വഹിച്ചെത്തുന്ന അക്ഷരങ്ങൾ ഇനി ഓ൪മയിൽ മാത്രമെന്നത് പഴയ തലമുറയിലെ പലരും നൊമ്പരത്തോടെ സ്മരിച്ചാണ് ടെലിഗ്രാം ഓഫിസിൽ നിന്ന് മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story