കാണാതായ അറുപതുകാരിയെ സെപ്റ്റിക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
text_fieldsഒല്ലൂ൪: ഒരാഴ്ച മുമ്പ് ചിയ്യാരത്തുനിന്ന് കാണാതായ മധ്യവയസ്കയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തി. ചിയ്യാരം മണികണ്ഠേശ്വരം പറമ്പൻവീട്ടിൽ പരേതനായ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയുടെ (60) മൃതദേഹമാണ് പൊന്നൂക്കരയിലുള്ള ഒരു വീടിൻെറ സെപ്റ്റിക് ടാങ്കിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടത്. ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പ്രാഥമികനിഗമനം. ഇവ൪ ധരിച്ചിരുന്ന ഏഴ് പവൻെറ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.
കൊച്ചുത്രേസ്യയുടെ പരിചയക്കാരിയായ ലത താമസിക്കുന്ന പൊന്നൂക്കരയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടത്. ലതയെയും കാമുകനെന്ന് പറയുന്ന സുധീഷിൻെറ (രാജേഷ്) സഹോദരി സിന്ധുവിനെയും ദിണ്ടിഗലിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ലതക്കൊപ്പം വാടകവീട്ടിലാണ് സുധീഷും അമ്മയും സഹോദരി സിന്ധുവും രണ്ട് മക്കളും താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം പൊലീസ് വിളിപ്പിച്ചതിനെത്തുട൪ന്ന് എല്ലാവരും വീട് പൂട്ടി ദിണ്ടിഗലിൽ താമസിക്കുന്ന സുധീഷിൻെറ മറ്റൊരു സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു.
കൊച്ചുത്രേസ്യയെ ഈമാസം എട്ടുമുതൽ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ നെടുപുഴ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കൊച്ചുത്രേസ്യ താമസിക്കുന്ന ചിയ്യാരത്തെ വീട്ടിൽ രണ്ടു ദിവസം മുമ്പ് ലത എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇത് അന്വേഷിക്കാൻ ഒരുങ്ങുന്നതിനകം ലതയെയും സുധീഷിനെയും കാണാതായി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയും തിങ്കളാഴ്ച രാത്രി ലതയുടെ വാടക വീട്ടിൽ പരിശോധന നട ത്തുകയും ചെയ്തു. സെപ്റ്റിക് ടാങ്കിൻെറ സ്ളാബ് സിമൻറ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയതായും പുറത്ത് കടലാസും തുണികളും കത്തിച്ചതായും കണ്ടെത്തി. രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു. തുട൪ന്ന് സ്ളാബ് തുറന്നപ്പോഴാണ് ചാക്ക് കണ്ടത്. ഇതോടെ ചൊവ്വാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ടാങ്ക് തുറക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോ൪ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിന്നീട് ഒല്ലൂ൪ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
റീന, സീന, പരേതയായ ബിന്ദു എന്നിവരാണ് കൊച്ചുത്രേസ്യയുടെ മക്കൾ. മരുമക്കൾ: ഷാജൻ, നിക്സൺ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.