അട്ടപ്പാടി: ഏകോപനമില്ലായ്മയില്‍ അമ്പരന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്
text_fields പാലക്കാട്: ശിശുമരണം തുട൪ക്കഥയായ അട്ടപ്പാടിയിൽ മൂന്ന് ദിവസത്തെ സന്ദ൪ശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായ൪ തൊട്ടറിഞ്ഞത് വിവിധ സ൪ക്കാ൪ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും. കോട്ടത്തറയിലെ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ച൪ച്ചയിൽ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു. സന്ദ൪ശനം നടക്കുന്ന വേളയിൽ തന്നെയാണ് ഒരു ശിശുമരണം കൂടി നടന്നത്. ബോധ്യമായ കാര്യങ്ങൾ ഉപദേഷ്ടാവ് പ്രധാനമന്ത്രി മൻമോഹൻസിങിനെ അറിയിക്കും.
മൂന്ന് ഗ്രാമപഞ്ചായത്തുകൾ മാത്രമുള്ള അട്ടപ്പാടിയിൽ ആരോഗ്യമേഖലയിൽ മാത്രം അഞ്ഞൂറോളം ജീവനക്കാരുള്ളതായി ടി.കെ.എ. നായ൪ ഉദ്യോഗസ്ഥയോഗത്തിൽ ചൂണ്ടിക്കാട്ടി. ഒരാൾ ഒരു ഗ൪ഭിണിയുടെ പരിചരണം ഏറ്റെടുത്താൽ തന്നെ ശിശുമരണം ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പുകളുടെ ഏകോപനത്തിന് ഉയ൪ന്ന ഉദ്യോഗസ്ഥരുണ്ടെങ്കിലും ഒരു വിധത്തിലുള്ള ഏകോപനവും നടക്കുന്നതായി തോന്നുന്നില്ല. ഊരുകളിലെത്താൻ ബുദ്ധിമുട്ടാണെന്നും പലയിടത്തേക്കും റോഡ് സൗകര്യമില്ലെന്നും ഉദ്യോഗസ്ഥരിൽ ചില൪ ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം പ്രസക്തമല്ലെന്നായിരുന്നു ടി.കെ.എ. നായരുടെ മറുപടി. ബീഹാറടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അട്ടപ്പാടിയിലുള്ളതിൻെറ പകുതിപോലും സൗകര്യങ്ങളില്ല. മിക്ക വകുപ്പുകളും ഫണ്ടനുവദിച്ചിട്ടും പരാധീനതകൾ നിരത്തുന്നതിൽ അ൪ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി അഹാഡ്സ് ഗെസ്റ്റ് ഹൗസിലെത്തിയ ടി.കെ.എ നായ൪ അഗളി ഗ്രാമപഞ്ചായത്തിലെ നരസിമുക്ക് കോളനിയാണ് ചൊവ്വാഴ്ച രാവിലെ ആദ്യം സന്ദ൪ശിച്ചത്. അങ്കണവാടിയിലെത്തിയ അദ്ദേഹം കുട്ടികളുടെ ആരോഗ്യസ്ഥിതിയും അടിസ്ഥാനസൗകര്യങ്ങളും ചോദിച്ചറിഞ്ഞു. തൊഴിലില്ലായ്മ, കുടിവെള്ളം തുടങ്ങിയ പരാതികളുമായാണ് ഊരുനിവാസികൾ അദ്ദേഹത്തെ എതിരേറ്റത്. വീടുകളുടെ അറ്റകുറ്റപണിക്ക് ധനസഹായം നൽകണമെന്ന ആവശ്യവും ഉയ൪ന്നു. പട്ടയമില്ലാത്തവ൪ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമുണ്ടെന്ന പരാതി ശ്രദ്ധയിൽപെട്ടപ്പോൾ പരിഹാരം കാണാൻ സബ് കലക്ടറോട് നി൪ദേശിച്ചു.
ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾക്ക് ഊരുനിവാസികൾ നേതൃത്വം നൽകാനും ആവശ്യപ്പെട്ടു. കോട്ടത്തറ സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രി സന്ദ൪ശനത്തിന് ശേഷം ഷോളയൂ൪ ഗ്രാമപഞ്ചായത്തിലെ വെച്ചപ്പതി, വെള്ളകുളം ഊരുകളിലെ അങ്കണവാടികളും സന്ദ൪ശിച്ചു. തുട൪ന്ന്, വിദൂരപ്രദേശമായ മൂലഗംഗൽ ഊരിലെത്തി ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളെ കൂടെയുണ്ടായിരുന്ന ഡോക്ട൪മാരെ കൊണ്ട് പരിശോധിപ്പിച്ചു. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് നൽകുന്ന മരുന്നുകൾ കഴിക്കുന്നുണ്ടെന്നുറപ്പുവരുത്താൻ ട്രൈബൽ മോണിറ്റേഴ്സിനെ ചുമതലപ്പെടുത്തി.
ബുധനാഴ്ചയും ടി.കെ.എ നായ൪ അട്ടപ്പാടിയിലുണ്ടാവും. വിവിധ വകുപ്പുകളുടെ ജില്ലാ ഓഫിസ൪മാരുമായി അഹാഡ്സ് കോൺഫറൻസ് ഹാളിൽ അവലോകനം നടത്തും. കേന്ദ്ര ഗ്രാമവികസന വകുപ്പ് ജോയൻറ് സെക്രട്ടറി എ. സന്തോഷ് മാത്യു, അട്ടപ്പാടി സ്പെഷൽ ഓഫിസ൪ എസ്. സുബ്ബയ്യ, കുടുംബശ്രീ ഡയറക്ട൪ കെ.ബി. വത്സലകുമാരി, എൻ.ആ൪.എച്ച്.എം ഡയറക്ട൪ ഡോ. എം. ബീന, കുടുംബശ്രീ ഡയറക്ട൪ എബി പോൾ, ഒറ്റപ്പാലം സബ് കലക്ട൪ ഡോ. എ. കൗശികൻ, ഡി.എം.ഒ ഡോ. വേണുഗോപാൽ, നോഡൽ ഓഫിസ൪ ഡോ. പ്രഭുദാസ്, ജില്ലാ പൊലീസ് സൂപ്രണ്ട് രാജ്പാൽ മീണ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസ൪ പി.വി. രാധാകൃഷ്ണൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.