അരിപ്പ സമരം 200 ദിവസം പിന്നിട്ടു; ഞാറ്റുവേല മഹോത്സവം നാളെ
text_fieldsകൊല്ലം: അരിപ്പ ഭൂസമരം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ കൃഷിക്കൊരുക്കിയ എട്ട് ഏക്കറോളം ഭൂമിയിൽ ശനിയാഴ്ച രാവിലെ ഒമ്പതിന് ഞാറ്റുവേല മഹോത്സവം സംഘടിപ്പിക്കുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
നൂറ്റാണ്ടോളം കൃഷിചെയ്യാതെ കിടന്ന ചതുപ്പുനിലം ആയിരത്തോളം സമരപ്രവ൪ത്തകരുടെ കഠിനാധ്വാനംകൊണ്ടാണ് കൃഷിക്കനുയോജ്യമാക്കിയത്. 15 പറ നെല്ല് പാകി മുളപ്പിച്ചെടുത്ത ഞാറ് പറിച്ചുനടീലാണ് ശനിയാഴ്ച ഉത്സവാന്തരീക്ഷത്തിൽ നടക്കുന്നത്. കെ. രാജു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എസ്. ജയമോഹൻ, മുൻമന്ത്രി ഡോ. എം.എ. കുട്ടപ്പൻ, ദലിത് ചിന്തകൻ കെ.കെ. കൊച്ച്, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.ഇ. സഞ്ജയ്ഖാൻ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ് സുഭിലേഷ് കുമാ൪ തുടങ്ങിയവ൪ സംബന്ധിക്കും. വയൽവരമ്പിൽ ഗോത്രകലയായ വട്ടക്കളിയുടേയും നാടൻ പാട്ടിൻെറയും അകമ്പടിയോടെയാണ് ഞാറ്റുവേല മഹോത്സവം ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക പരിപാടികൾക്ക് കവി കുരീപ്പുഴ ശ്രീകുമാ൪, സി.എസ്. രാജേഷ്, സംവിധായകൻ ദേവപ്രസാദ് എന്നിവ൪ നേതൃത്വം നൽകും.
വൈകുന്നേരം നാലിന് ചോഴിയക്കോട്ട് ഭൂസമര സന്ദേശറാലിയെ തുട൪ന്ന് നടക്കുന്ന പൊതുസമ്മേളനം വെൽഫെയ൪ പാ൪ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു, കൂടങ്കുളം ആണവവിരുദ്ധ സമിതി കൺവീന൪ (കേരളം) എൻ. സുബ്രഹ്മണ്യൻ എന്നിവ൪ സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.