ദേശീയ പാത: കേന്ദ്രമന്ത്രി പറഞ്ഞ സത്യം
text_fieldsകേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാ൪ ഫെ൪ണാണ്ടസ് ജൂലൈ 14ന് (ഞായ൪) കോട്ടയത്ത് നടത്തിയ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞ ഒരുകാര്യം, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്, കേരള സ൪ക്കാ൪ അടുത്ത കാലം വരെ പറഞ്ഞുകൊണ്ടിരിക്കുന്ന വാദത്തിൻെറ കടക്കൽ കത്തിവെക്കുന്നതാണ്. ദേശീയപാത 45 മീറ്ററിൽ തന്നെ വികസിപ്പിക്കണമെന്ന് കേന്ദ്രത്തിന് കടുംപിടിത്തമില്ളെന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. ഓസ്കാ൪ ഫെ൪ണാണ്ടസിൻെറ ഈ വാക്കിന് പല നിലക്കും വലിയ അ൪ഥവ്യാപ്തിയുണ്ട്. കാസ൪കോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ ദേശീയപാതകളുടെ ഇരുവശവും കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി ഉയ൪ന്നു പൊങ്ങുന്ന ഒരു രോദനമുണ്ടായിരുന്നു. എൻ.എച്ച് വികസനത്തിൻെറ പേരിൽ തങ്ങളുടെ കിടപ്പാടവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നത് കാണേണ്ടിവരുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ വേദനയായിരുന്നു അത്. വികസനത്തിൻെറ പേരിൽ ജനിച്ച ഭൂമിയിൽ നിന്ന് പിഴുതെറിയപ്പെടുന്നുവെന്ന് കണ്ട അവ൪, മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികളിൽ ഒന്നിൻെറയും പിന്തുണയില്ലാതെ ജനകീയ സമരത്തിനൊരുങ്ങി. എന്നല്ല, ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള രാഷ്ട്രീയ പാ൪ട്ടികൾ ഏതാണ്ട് മുഴുവൻ അവരുടെ സമരത്തിന് എതിരായിരുന്നു. എന്നിട്ടും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ തങ്ങളുടെ സമരം സജീവമായി നിലനി൪ത്താൻ ഈ ജനങ്ങൾക്കായി.
ജനങ്ങളുടെ പൊതു സ്വത്തായ ദേശീയപാത 45 മീറ്ററിൽ വീതി കൂട്ടി, കുത്തക ബി.ഒ.ടി ലോബികൾക്ക് കൈമാറാനുള്ള സ൪ക്കാ൪-രാഷ്ട്രീയ ഗൂഢാലോചനക്കെതിരായ സമരമായി ആ ജനകീയ മുന്നേറ്റങ്ങൾ വികസിച്ചുവന്നു. തുടക്കത്തിൽ സമരത്തെ അവഗണിച്ചിരുന്ന ഭരണകൂടത്തിന് സമരത്തെ അഭിമുഖീകരിക്കാതെ മുന്നോട്ടു പോവാൻ കഴിയില്ല എന്ന അവസ്ഥ വന്നുചേ൪ന്നു. ‘എന്തു ചെയ്യാൻ കഴിയും; 45 മീറ്ററിൽ വികസിപ്പിക്കണമെന്നത് കേന്ദ്ര നി൪ദേശമാണ്; അല്ളെങ്കിൽ കേന്ദ്രത്തിൻെറ ഫണ്ട് കിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയും മറ്റു ബന്ധപ്പെട്ടവരും ഇതിനെക്കുറിച്ച് പറഞ്ഞുപോന്നിരുന്നത്. എന്നാൽ, കേന്ദ്രത്തിന് അമ്മാതിരി ഒരു പിടിവാശിയുമില്ളെന്നാണ് ഓസ്കാ൪ ഫെ൪ണാണ്ടസ് വ്യക്തമാക്കിയിരിക്കുന്നത്. കേരള സ൪ക്കാ൪ കൊണ്ടുനടന്നിരുന്ന കള്ളവാദമാണ് ഇവിടെ പൊളിഞ്ഞുവീഴുന്നത്.
30 മീറ്ററിൽ ദേശീയപാത വികസിപ്പിക്കുകയാണെങ്കിൽ അതോട് സഹകരിക്കാമെന്ന് ദേശീയപാത സംരക്ഷണ സമിതിയടക്കമുള്ള സമര സംഘടനകൾ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാവശ്യമുള്ള ഭൂമിയാകട്ടെ, ഏതാണ്ട് 70 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞതുമാണ്. ബാക്കി 30 ശതമാനം ഏറ്റെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല താനും. ഏറ്റെടുത്ത 70 ശതമാനം ഭൂമിയിൽ തന്നെ നല്ളൊരുപങ്കും മൂന്ന് പതിറ്റാണ്ട് മുമ്പെങ്കിലും ഏറ്റെടുത്തതാണ്. ഇത്രയും കാലമായി കാടുപിടിച്ചും തരിശായും പച്ചക്കറിത്തോട്ടങ്ങളായും വാഹന പാ൪ക്കിങ് കേന്ദ്രങ്ങളായും നിലനിൽക്കുകയാണ് ദേശീയപാതയുടെ ഇരുവശത്തുമുള്ള ഈ ഭൂമി. ദേശീയപാത വികസിപ്പിക്കുന്ന കാര്യത്തിൽ സ൪ക്കാറിന് യഥാ൪ഥത്തിൽ ആത്മാ൪ഥതയുണ്ടായിരുന്നെങ്കിൽ പതിറ്റാണ്ടുകളായി ഏറ്റെടുത്ത ഈ ഭൂമി ഉപയോഗപ്പെടുത്തി പാതയുടെ വീതി കൂട്ടുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, അത് ചെയ്യാതെ പിന്നെയും പിന്നെയും നിസ്സാര തുക നഷ്ടപരിഹാരം നൽകി ജനങ്ങളെ കുടിയിറക്കി വികസനം കൊണ്ടുവരാനായിരുന്നു സ൪ക്കാറിൻെറ ശ്രമം.
45 മീറ്ററിൽ തന്നെ റോഡ് വികസനം വേണമെന്ന് സംസ്ഥാന സ൪ക്കാ൪ വാശിപിടിക്കുന്നതിന് പിന്നിൽ ദുരൂഹമായ മറ്റുചില ലക്ഷ്യങ്ങൾ ജനങ്ങൾ സംശയിക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുത്ത്, ജനങ്ങളുടെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ റോഡുകൾ വൻകിട ബി.ഒ.ടി കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാനുള്ള കുത്സിത നീക്കത്തിൻെറ ഭാഗമാണ് അത് എന്നതാണ് ആ ദുരൂഹ സത്യം. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി കമ്പനികളാണ് ബി.ഒ.ടി പിരിവിനായി ഒരുങ്ങി നിൽക്കുന്നത് എന്നു വരെ സമരസമിതി ഭാരവാഹികൾ ആരോപിക്കുന്നു. ബി.ഒ.ടി പാൽ ചുരത്തണമെങ്കിൽ 45 മീറ്ററിൽ തന്നെ വികസിപ്പിക്കണം എന്ന് അവ൪ക്ക് അറിയാം. അതുകൊണ്ടാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഏറ്റെടുത്ത ഭൂമി ഉപയോഗിച്ച് പാതകൾ 30 മീറ്ററിൽ വികസിപ്പിച്ച്, കേരളത്തിലെ ഗതാഗത പ്രശ്നത്തിന് നല്ല പരിഹാരമുണ്ടാക്കുന്ന പദ്ധതിക്ക് അവ൪ മുതിരാത്തത്. ഖജനാവിന് വൻ നഷ്ടം വരുത്തുന്നതും ജനങ്ങളുടെ പണം പിടുങ്ങുന്നതുമായ ബി.ഒ.ടി പദ്ധതിയിൽ മാത്രമാണ് അവ൪ക്ക് താൽപര്യം. അതിനിടയിൽ എത്ര കുടുംബങ്ങൾ തെരുവിലേക്ക് എടുത്തെറിയപ്പെട്ടാലും അവ൪ക്ക് പ്രശ്നമില്ല.
ജനങ്ങളോട് ബാധ്യതയുള്ളവരാണ് തങ്ങളെങ്കിൽ എത്രയും വേഗം 30 മീറ്ററിൽ ദേശീയപാത വികസിപ്പിക്കാനുള്ള നടപടികൾ തുടങ്ങുകയാണ് സ൪ക്കാ൪ വേണ്ടത്. കള്ളവാദങ്ങൾക്ക് അധികകാലം നിലനിൽപുണ്ടാവില്ല. ജനങ്ങളുടെ അതിജീവന സമരങ്ങളെ അത്രയെളുപ്പം മറികടക്കാനുമാവില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.