ബീഹാര്‍ ഉച്ചക്കഞ്ഞിദുരന്തത്തിന് കാരണം മാരക കീടനാശിനിയെന്ന് സ്ഥിരീകരിച്ചു
text_fieldsപട്ന: ബിഹാറിലെ ചപ്രയിൽ സ൪ക്കാ൪ പ്രൈമറി സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച 23 കുട്ടികൾ മരിക്കാനിടയാക്കിയ വിഷബാധക്ക് കാരണം ആഗോളവ്യാപകമായി നിരോധിച്ചതും മാരക വിഷാംശവുമുള്ള കീടനാശിനി മോണോക്രോട്ടോഫസ് ആണെന്ന് ഫോറൻസിക് റിപ്പോ൪ട്ട്.
രൂക്ഷ ഗന്ധമുള്ള ഈ കീടനാശിനി അൽപം കല൪ന്നാൽ പോലും തിരിച്ചറിയാമെന്നിരിക്കെ, ദുരന്തം അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടിരിക്കയാണ്. പാചകം ചെയ്യാനുപയോഗിച്ച എണ്ണയും ഭക്ഷണ സാമ്പ്ളും പരിശോധിച്ചാണ് പട്നയിലെ ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃത൪ കീടനാശിനി കല൪ന്നകാര്യം സ്ഥിരീകരിച്ചത്. അപകടത്തിൽപെട്ട കുട്ടികളുടെ വായിൽനിന്നുവന്ന പതയിൽപോലും കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണപദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യേന്ദ്രകുമാ൪ സിങിനെ ബീഹാ൪ സ൪ക്കാ൪ സസ്പെൻഡ് ചെയ്തു.
ഒരു കിലോയിൽ 20 മില്ലിഗ്രാം കല൪ന്നാൽപോലും മരണം സംഭവിക്കാവുന്നത്ര മാരകമായ ഓ൪ഗാനോ ഫോസ്ഫറസ് അടങ്ങിയ കീടനാശിനിയാണിത്. ലോകത്തിൽ പക്ഷികളുടെ മരണത്തിന് ഏറ്റവും കൂടുതൽ ഇടവരുത്തുന്നത് ഇതാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആഗോളവ്യാപകമായി മോണോക്രോട്ടോഫസ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ഗ്രാമങ്ങളിൽ പേര് മാറ്റി ഇത് വിപണിയിൽ ഇറങ്ങുന്നുണ്ട്. ചോളത്തിനും കരിമ്പിനും ഉപയോഗിക്കാനായി ഹിൽക്രോൺ, നൊവിക്രോൺ, ഡിക്രോൺ എന്നീ പേരുകളിലാണ് ഇവയെത്തുന്നത്.
കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനിക്കൂട്ടിൽ കാണപ്പെടുന്നതിൻെറ അഞ്ചിരട്ടി മാരക വിഷമാണ് എണ്ണയിൽ കണ്ടെത്തിയിട്ടുള്ളത്. കീടനാശിനി കല൪ന്നത് എവിടെനിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടങ്ങി. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഫോറൻസിക് റിപ്പോ൪ട്ടിൻെറ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ദുരന്തത്തെ തുട൪ന്ന് മുങ്ങിയ സ്കൂൾ പ്രധാനാധ്യാപികയേയും ഭ൪ത്താവിനെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
കുട്ടികൾ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടിട്ടും പ്രധാനാധ്യാപിക അത് പരിഗണിക്കാതെ കഴിക്കാൻ നി൪ബന്ധിച്ചതാണെന്ന് പരാതിയുണ്ട്. സോയാബീൻ കറിയിൽ കല൪ന്ന വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്ന് പോസ്റ്റ് മോ൪ട്ടം റിപ്പോ൪ട്ടിൽ വ്യക്തമായിരുന്നു. ഇതിനിടെ, ഉച്ചഭക്ഷണ പദ്ധതി മെച്ചപ്പെടുത്താനുള്ള മാ൪ഗ നി൪ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.