കാതിക്കുടം: പൊലീസ് നടപടി ആസൂത്രിതം
text_fieldsചാലക്കുടി: ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി നിറ്റാജലാറ്റിൻ കമ്പനി ചാലക്കുടിപ്പുഴ മലിനീകരിക്കുന്നതിനെതിരെ നടന്ന് വരുന്ന സമരത്തെ അടിച്ചമ൪ത്താൻ പൊലീസ് നടത്തിയത് ആസൂത്രിത നരവേട്ട. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് സമരക്കാ൪ക്ക് നേരെ ലാത്തിച്ചാ൪ജ് നടത്തിയത്. പാരിസ്ഥിതികപ്രശ്നത്തിൻെറ പേരിൽ സമരം നടത്തുന്നവ൪ക്കെതിരെ കേരളത്തിൽ നടക്കുന്ന ആദ്യത്തെ പൊലീസ് അതിക്രമമാണ് ഇത്. നിറ്റാ ജലാറ്റിന് എതിരെ സമരം നടത്താൻ ഇനി ആ൪ക്കും ധൈര്യം വരരുതെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ പൊലീസ് നൽകാൻ ശ്രമിച്ചത്്. വളരെ ആസൂത്രിതമായിരുന്നു പൊലീസിൻെറ നീക്കം.
പുഴയിലേക്ക് തുറക്കുന്ന മാലിന്യക്കുഴൽ എടുത്ത മാറ്റുമെന്ന് പ്രഖ്യാപിച്ച് സമാധാനപരമായി പ്രതീകാത്മക സമരം നടത്തുക മാത്രമായിരുന്നു മലിനീകരണ വിരുദ്ധ സമിതി. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾ സമരത്തിൽ പങ്ക് ചേരാൻ എത്തിയിരുന്നു. ടി.എൻ. പ്രതാപൻ എം.എൽ.എ, സി.ആ൪. നീലകണ്ഠൻ, സാറാ ജോസഫ് തുടങ്ങിയവ൪ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനെത്തിയിരുന്നു. മാ൪ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പൈപ്പ് സ്ഥാപിച്ച സ്ഥലം ലക്ഷ്യമാക്കി സമരക്കാ൪ നീങ്ങി. കമ്പനിയുടെ സുഗമമായ പ്രവ൪ത്തനം ഉറപ്പാക്കണമെന്നുള്ള ഹൈകോടതി ഉത്തരവ് പാലിക്കുന്നതിൻെറ ഭാഗമായി മലിനീകരണ കുഴലിന് പൊലീസ് കനത്ത സുരക്ഷ ഏ൪പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ മുന്നോട്ട് പോകാൻ സമരക്കാ൪ ശ്രമിച്ചില്ല. സമാധാനപരമായി മുദ്രാവാക്യം വിളിയും പ്രസംഗങ്ങളും മറ്റുമായി ഉപരോധം നടക്കുന്നതിനിടെ സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്ത് മാറ്റാൻ പൊലീസ് തീരുമാനിച്ചു. ഇതിന്പിറകെ സമരത്തിന് നേതൃത്വം കൊടുക്കാൻ പുറത്ത് നിന്നെത്തിയ നേതാക്കളെയും അറസ്റ്റ് ചെയ്തു. മൂന്നരയോടെ സ്ഥലത്ത് അവശേഷിച്ചത് സമരസമിതി നേതാക്കന്മാരും സജീവപ്രവ൪ത്തകരും പ്രദേശവാസികളും മാത്രം.
അപ്പോൾ പെട്ടെന്നായിരുന്നു പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാ൪ജ് നടത്തിയത്. അലറിപ്പാഞ്ഞ പൊലീസുകാ൪ കണ്ണിൽ കണ്ടവരെയൊക്കെ തല്ലിയോടിച്ചു. സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ നോട്ടമിട്ട് തല്ലി. സമീപത്തെ വീടുകളിൽ കയറി തല്ലാനും മടികാട്ടിയില്ല. സമരപ്പന്തൽ പൊലീസ് അടിച്ച് തക൪ത്തത് വ്യക്തമായ ഉദ്ദേശ്യത്തോടെയായിരുന്നു. പരിസരത്ത് പാ൪ക്ക് ചെയ്ത ബൈക്കുകളും തക൪ത്തു.
കെ.എം. അനിൽകുമാ൪ (44),ജയൻ ജോസ് പട്ടത്ത്(46), ജയ്സൻ പാനിക്കുളങ്ങര(51), എം.എൻ. ഗിരി(44), ചന്ദ്രൻ (45), ന്യൂമാൻ മണി(23),ജി.ഒ. പോൾ(46),ടി.എസ്. ജിനേഷ്(24),കെ.ആ൪. രാജൻ (54), സതീദേവി(62), ഷിനി (26), പി. രജനീഷ് (27), എം.എസ്. സുമേഷ് ( 26), ടി.കെ.ശിവകുമാ൪ (23), ഡോ. ഹരി(42),പി.എസ്. സനീഷ് (28),വി.കെ. ബാബു (58),കെ.ആ൪. സന്തോഷ് , അനൂപ്, മണി, എം.എൻ.സലാവുദ്ദീൻ, സി.എം. താഹ ,പി.എ.അരുൺ ,മി൪സാദ് റഹ്മാൻ, ഖമറുദ്ദീൻ തുടങ്ങിയ ഒട്ടേറെ പേരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് നടപടി അന്വേഷിക്കും -തിരുവഞ്ചൂ൪
തിരുവനന്തപുരം: തൃശൂ൪ നീറ്റാജലാറ്റിൻ കമ്പനിക്കെതിരെ സമരം നടത്തിയവ൪ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോ൪ട്ട് നൽകാൻ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നി൪ദേശം നൽകി. ഡി.ജി.പി യോടാണ് മന്ത്രി റിപ്പോ൪ട്ട് ആവശ്യപ്പെട്ടത്.
ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടരുത് -സോളിഡാരിറ്റി
കോഴിക്കോട്: എൻ.ജി.ഐ.എൽ കമ്പനിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന നാട്ടുകാ൪ക്കെതിരെ പൊലീസ് നടത്തിയ ആക്രമണം ജനാധിപത്യ മര്യാദക്ക് നിരക്കാത്തതാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ പ്രസ്താവിച്ചു. ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടുന്ന നടപടിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം. കമ്പനിയുടെ പങ്കുപറ്റുകാരായി മാറിയ പൊലീസിനെ നിലക്കുനി൪ത്തണം. അല്ലാത്ത പക്ഷം ശക്തമായ ചെറുത്തുനിൽപ് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
പൊലീസിനെതിരെ നടപടി വേണം -വെൽഫെയ൪ പാ൪ട്ടി
തിരുവനന്തപുരം: നിറ്റാജലാറ്റിൻ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ സമരപ്രവ൪ത്തകരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേൽപിച്ച പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ ആവശ്യപ്പെട്ടു. ജനകീയ സമരങ്ങളെ തല്ലിയൊതുക്കാനാണ് സ൪ക്കാ൪ ശ്രമിക്കുന്നതെങ്കിൽ അതിന് വലിയ വിലകൊടുക്കേണ്ടിവരും. കമ്പനി അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുന്നതിന് പകരം സമരക്കാ൪ക്ക് നേരെ പൊലീസിനെ അഴിച്ചുവിടുന്ന രീതി സ൪ക്കാ൪ അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കൊരട്ടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം
ചാലക്കുടി: കാതിക്കുടത്ത് സമരവേദിയിൽനിന്ന് അറസ്റ്റ് ചെയ്ത സ്ത്രീകളും കുട്ടികളും കൊരട്ടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരത്തിൽ. സ്റ്റേഷനിൽ എത്തിച്ചവരെ രാത്രി വിട്ടയച്ചെങ്കിലും അവ൪ കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു. രാത്രി 11 മണി കഴിഞ്ഞിട്ടും 27 ഓളം പേ൪ കുത്തിയിരിപ്പ് തുടരുകയാണ.് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് കാതിക്കുടത്ത് ലാത്തിച്ചാ൪ജ് നടന്നത്. സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. സ്റ്റേഷനിലെത്തിച്ചവരെ രാത്രിയോടെ പോകാൻ പൊലീസ് അനുവദിച്ചിരുന്നു. എന്നാൽ സമാധാനപരമായ സമരത്തിനു നേരെ ലാത്തിച്ചാ൪ജ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.