ഏറ്റുപിടിക്കേണ്ട ന്യൂനപക്ഷ മാനിഫെസ്റ്റോ
text_fieldsവസ്തുതാന്വേഷണ റിപ്പോ൪ട്ടുകളും കമ്മിറ്റി ശിപാ൪ശകളുംകൊണ്ട് ഗുണംപിടിക്കുമെങ്കിൽ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തോളം സുസ്ഥിതി പ്രാപിച്ച മറ്റൊരു വിഭാഗമുണ്ടാകില്ല. അത്രമേൽ പഠനങ്ങൾ വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ മുസ്ലിം അഭ്യുദയത്തിനു വേണ്ടി പല കാലങ്ങളിലായി നടന്നിട്ടുണ്ട്; ശിപാ൪ശകൾ സമ൪പ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മുസ്ലിം ദു$സ്ഥിതി പരിഹരിക്കാൻ ഇവയൊന്നും ഇടയാക്കിയിട്ടില്ല. എന്നല്ല, വമ്പിച്ച കൊട്ടിഘോഷത്തോടെ നടക്കുന്ന ഈ വൃഥാവ്യായാമങ്ങൾ ഇന്ത്യൻ മുസ്ലിംകൾ അവിഹിതമായതെന്തൊക്കെയോ നേടിയെടുക്കുന്നു എന്ന തെറ്റായ പ്രതീതി ജനിപ്പിച്ചിട്ടുമുണ്ട്. തങ്ങൾ സാമാന്യേന പരിഗണിക്കപ്പെടുന്നു എന്നൊരു ധാരണയിൽ മുസ്ലിംകൾതന്നെ വീണുപോകാനും ഇത് ഇടയാക്കി. സച്ചാ൪ സമിതിയും രംഗനാഥ മിശ്ര കമീഷനും സമ൪പ്പിച്ച റിപ്പോ൪ട്ടുകൾതന്നെ ഉദാഹരണം. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിൻെറ അതിദയനീയ ചിത്രം സച്ചാ൪സമിതി സവിസ്തരം വരച്ചുവെച്ചു. ജസ്റ്റിസ് രംഗനാഥ മിശ്രയുടെ കമീഷൻ മൂ൪ത്തമായ നി൪ദേശങ്ങൾ സമ൪പ്പിച്ചു. ഇതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സ൪ക്കാ൪ ഇന്ത്യൻ മുസ്ലിംകൾക്ക് എന്തൊക്കെയോ വാരിക്കോരി നൽകിയെന്ന മട്ടിലായി പ്രചാരണങ്ങൾ.
എന്നാൽ, ഇതൊന്നും എങ്ങുമത്തെിയില്ല എന്നു പറയുന്നു, സച്ചാ൪ സമിതിയിൽ പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറ ഓഫിസ൪ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി പ്രവ൪ത്തിച്ച ഡോ. സയ്യിദ് സഫ൪ മഹ്മൂദ്. കഴിഞ്ഞ ഒമ്പതു വ൪ഷമായി രാജ്യത്ത് ഏറെ കോലാഹലങ്ങൾക്ക് വഴിവെച്ച സച്ചാ൪ സമിതി, മിശ്ര കമീഷൻ റിപ്പോ൪ട്ടുകളിന്മേൽ ഒരു നടപടിയും ഉണ്ടായില്ളെന്നും ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും അതിൻെറ മറപിടിച്ചുള്ള വാഗ്ദാനങ്ങൾ മാത്രമാണുണ്ടാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാജ്യത്തെ ജനസംഖ്യയുടെ 13.4 ശതമാനവും ന്യൂനപക്ഷ ജനസംഖ്യയുടെ 73 ശതമാനവും വരുന്ന 18 കോടി മുസ്ലിംകൾക്ക് അ൪ഹതപ്പെട്ടതായി മിശ്ര ചൂണ്ടിക്കാട്ടിയതൊന്നും യു.പി.എ സ൪ക്കാ൪ ചെവിക്കൊണ്ടില്ല. സച്ചാ൪ കമ്മിറ്റിയും സംയുക്ത പാ൪ലമെൻററി സമിതിയും സമ൪പ്പിച്ച 20 സുപ്രധാന ശിപാ൪ശകൾ മറികടന്ന് അവതരിപ്പിച്ച 2010ലെ വഖഫ് ഭേദഗതി ബിൽ യു.പി.എ സ൪ക്കാറിൻെറ ഇക്കാര്യത്തിലെ വിമുഖത പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഒരു ഡസനോളം സംസ്ഥാനങ്ങളിൽ ഹിന്ദുക്ഷേത്രങ്ങളും എൻഡോവ്മെൻറുകളും സംരക്ഷിക്കാൻ പ്രത്യേകം ഓഫിസ൪മാരുള്ള രാജ്യത്ത് വഖഫ് കാര്യങ്ങൾ നോക്കിനടത്തുന്നവ൪ക്കായി ഇന്ത്യൻ വഖഫ് സ൪വീസിന് രൂപംകൊടുക്കാനുള്ള സച്ചാറിൻെറ നി൪ദേശം ന്യൂനപക്ഷമന്ത്രാലയം തള്ളി. പട്ടികജാതിക്കാ൪ക്കുള്ള സബ് പ്ളാൻ ഫണ്ട് 18 ശതമാനം വ൪ധിപ്പിച്ചു 37,113 കോടി രൂപയാക്കി ഉയ൪ത്തിയ ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ മുസ്ലിംകൾക്കോ മറ്റു പിന്നാക്കക്കാ൪ക്കോ ശ്രദ്ധേയമായ വകയിരുത്തലുകളൊന്നുമുണ്ടായില്ല. കാരണം മറ്റൊന്നുമല്ല, നടപ്പു സാമ്പത്തികവ൪ഷത്തിൽ മുസ്ലിം വോട്ടുബാങ്ക് ശ്രദ്ധിക്കേണ്ട കാര്യം കേന്ദ്രത്തിനില്ല. 2011 ഡിസംബറിൽ കേന്ദ്രമന്ത്രിമാ൪ മുസ്ലിംനേതാക്കളുടെ പ്രത്യേകയോഗം വിളിച്ച് പുതിയ സാമ്പത്തികവ൪ഷത്തിലും പഞ്ചവത്സര പദ്ധതിയിലും ന്യൂനപക്ഷക്ഷേമത്തിന് എന്തു ചെയ്യാമെന്ന് അഭിപ്രായം തേടിയിരുന്നു. എന്നാൽ, ബജറ്റ് എത്തുമ്പോൾ തെരഞ്ഞെടുപ്പ് കടന്നു. അതോടെ മുസ്ലിംകളുടെ പ്രശ്നങ്ങൾ പിന്നെയും കയ്യാലപ്പുറത്തായി.
ഈ അനുഭവങ്ങൾ മുൻനി൪ത്തി അടുത്ത പാ൪ലമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് ജൂലൈ മുതൽ ഡിസംബ൪ വരെയുള്ള അവശേഷിക്കുന്ന ആറു മാസത്തിനകം നടപ്പാക്കേണ്ട 20 ശിപാ൪ശകൾ ഡോ. സഫ൪ മഹ്മൂദ് യു.പി.എ ഗവൺമെൻറിൻെറ ആക്ഷൻ പ്ളാൻ ആയി മുന്നോട്ടുവെക്കുന്നു. മുസ്ലിം യുവാക്കൾക്കെതിരായ ഭീകര ആരോപണ കേസുകൾ അന്വേഷിക്കാൻ സമയബന്ധിത അതിവേഗ കോടതികൾ, വിട്ടയക്കപ്പെട്ട നിരപരാധികൾക്ക് അരക്കോടി നഷ്ടപരിഹാരം, പാ൪ലമെൻറ് പ്രമേയത്തിലൂടെ ‘പട്ടികജാതി’ക്ക് മതാതീത നി൪വചനം, മുസ്ലിം സ്വാധീന മണ്ഡലങ്ങളുടെ പുനഃസംവരണത്തിന് പുന൪നി൪ണയ കമീഷൻ, പ്രധാന ഒൗദ്യോഗികതസ്തികകളിലേക്ക് മുസ്ലിം നാമനി൪ദേശം, ന്യൂനപക്ഷസംവരണത്തിൽ 67 ശതമാനം നീക്കിയിരിപ്പ്, ബജറ്റിൽ പ്രത്യേക പ്ളാൻ, ആകെ പദ്ധതിവിഹിതത്തിൻെറ 19 ശതമാനത്തിന് 15 ഇന പരിപാടികളുടെ ആസൂത്രണം, അടിസ്ഥാനസൗകര്യവികസനത്തിനുള്ള എം.എസ്.ഡി.പി സ്കീമിൽ ജില്ലക്കു പകരം ഗ്രാമവും നഗരങ്ങളിൽ വാ൪ഡും അടിസ്ഥാന യൂനിറ്റായി അംഗീകരിക്കൽ, 1400 അഡീഷനൽ ഐ.പി.എസ് ഓഫിസ൪മാരുടെ നിയമനം, ഇന്ത്യൻ വഖഫ് സ൪വീസ് രൂപവത്കരണം, സച്ചാ൪ സമിതി-ജെ.പി.സി ശിപാ൪ശകൾ ഉൾക്കൊള്ളുന്ന സമഗ്ര വഖഫ് ബിൽ, കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ കൈവശംവെച്ച വഖഫ് സ്വത്തുക്കൾ കൈമാറാൻ 1976ൽ പ്രധാനമന്ത്രി ഇന്ദിരഗാന്ധി നൽകിയ കത്തിൻെറ തുട൪നടപടി, ഓരോ വ൪ഷവും 50 ലക്ഷം രൂപ അനുവദിക്കുന്ന മദ്റസ സ്കീം ഉ൪ദുവിലും പ്രാദേശികഭാഷകളിലും പരസ്യപ്പെടുത്തൽ, മദ്റസ, ഇതര വിദ്യാഭ്യാസങ്ങളുടെ സമീകരണം, പലിശരഹിത ബാങ്കിന് അനുമതി, കേന്ദ്ര ഉ൪ദു അധ്യാപകപദ്ധതി, അവസരസമത്വ കമീഷൻ രൂപവത്കരണം, ഇൻസെൻറിവ് സ്കീം, ആസൂത്രണത്തിൽ മുസ്ലിം ഗുണഭോക്തൃ പങ്കാളിത്തം, വ്യക്തിതലം വിട്ട് മുസ്ലിംസമൂഹത്തിനു മൊത്തത്തിൽ പ്രയോജനകരമായ പരിപാടികളിൽ കേന്ദ്രീകരണം എന്നിങ്ങനെ 20 നി൪ദേശങ്ങളാണ് സഫ൪ മഹ്മൂദ് സമ൪പ്പിക്കുന്നത്.
ആഭ്യന്തര, നിയമ, ധന, ന്യൂനപക്ഷകാര്യ, മാനവവിഭവശേഷി, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നീ മന്ത്രാലയങ്ങളും ആസൂത്രണകമീഷനും ചേ൪ന്ന് നടപ്പാക്കേണ്ടവയാണിത്. ഇതത്രയും സച്ചാ൪സമിതി, രംഗനാഥ മിശ്ര കമീഷൻ, ജെ.പി.സി തുടങ്ങിയ ഒൗദ്യോഗികവേദികൾതന്നെ നി൪ദേശിച്ചതും. വരുന്ന ആറുമാസത്തിനകം ഇക്കാര്യത്തിൽ കേന്ദ്രം എന്തു നിലപാടെടുക്കുന്നു എന്ന് ഓരോ മുസ്ലിംവോട്ടറും നിരീക്ഷിക്കണമെന്ന സഫ൪ മഹ്മൂദിൻെറ ആവശ്യം ഏറെ പ്രസക്തമാണ്. വരുന്ന പൊതുതെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ന്യൂനപക്ഷത്തിൻെറ കൃത്യമായ മാനിഫെസ്റ്റോയാണ് സഫ൪ മഹ്മൂദ് സമ൪പ്പിക്കുന്നത്. ഇത് ഏറ്റുപിടിക്കാൻ ന്യൂനപക്ഷക്ഷേമവും അതുവഴി രാജ്യപുരോഗതിയും കാംക്ഷിക്കുന്ന സ൪വരും മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.