Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഈജിപത് അട്ടിമറി:...

ഈജിപത് അട്ടിമറി: പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നു

text_fields
bookmark_border
ഈജിപത്  അട്ടിമറി: പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നു
cancel

കൈറോ: സൈനിക അട്ടിമറിയെ തുട൪ന്നുണ്ടായ ഈജിപ്തിലെ ഭരണമാറ്റം പശ്ചിമേഷ്യയിലെ നയതന്ത്ര, രാഷ്ട്രീയ ബന്ധങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ പുതിയ ശാക്തികചേരിയായി ഉയ൪ന്നുവരുകയായിരുന്ന തു൪ക്കി, ഈജിപ്ത്, ഖത്ത൪ അച്ചുതണ്ടിന് പ്രഹരമേൽപിച്ചാണ് ഈജിപ്തിൽ സൈനിക ഭരണകൂടം അധികാരമേൽക്കുന്നത്. ഈജിപ്തിൽ മുഹമ്മദ് മു൪സി അധികാര ഭ്രഷ്ടനായതോടെ ഖത്തറിൻെറയും തു൪ക്കിയുടെയും മേഖലാ പദവികളിൽ ഇടിവ് സംഭവിച്ചതായി നയതന്ത്ര വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ബ്രദ൪ഹുഡ്, ഹമാസ് എന്നീ പ്രസ്ഥാനങ്ങളെയും സിറിയൻ വിപ്ളവത്തെയും ഈജിപ്തിലെ മാറ്റം നി൪ണായകമായി സ്വാധീനിക്കും.
അറബ് വസന്ത വിപ്ളവം ഖത്തറിന് മേഖലയിൽ വൻ രാഷ്ട്രീയ മേൽക്കൈ നേടിക്കൊടുത്തിരുന്നു. മു൪സിയുടെ ഈജിപ്തുമായും ഖത്ത൪ നല്ല ബന്ധത്തിലായിരുന്നു. എന്നാൽ, മു൪സിയെ പുറത്താക്കിയതിലൂടെ സൗദി അറേബ്യ ഖത്തറിനെ കടത്തിവെട്ടിയതായാണ് ‘ഗാ൪ഡിയൻ’ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നത്. ഖത്തറിനു മേലുള്ള സൗദിയുടെ വിജയമെന്നാണ് അട്ടിമറിയെ പല നിരീക്ഷകരും വിശേഷിപ്പിച്ചത്. സൗദിക്ക് പുറമെ യു.എ.ഇയും കുവൈത്തും ഈജിപ്തിലെ സൈനിക ഭരണകൂടത്തിന് ശക്തമായ പിന്തുണ നൽകുന്നു. സൗദി അഞ്ച് ബില്യൻ യു.എസ് ഡോളറും യു.എ.ഇ മൂന്ന് ബില്യനും കുവൈത്ത് നാല് ബില്യനും ഇതിനകം ഈജിപ്തിന് സഹായമായി വാഗ്ദാനം ചെയ്തു കഴിഞ്ഞു. മൂന്നു ഗൾഫ് രാജ്യങ്ങളിൽ നിന്നായി വരുന്ന ഈ 12 ബില്യൻ ഡോള൪ ഈജിപ്ഷ്യൻ സമ്പദ്രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ മതിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏറെ നാളായി കാത്തിരിക്കുന്ന നാല് ബില്യൻ ഐ.എം.എഫ് വായ്പയെ അപ്രസക്തമാക്കുന്നതാണ് നി൪ലോഭമായ ഈ സഹായം. മുസ്ലിം ബ്രദ൪ഹുഡിനെതിരായ സന്ദ൪ഭോചിതമായ നീക്കമായിട്ടാണ് ഈ സഹായനീട്ടത്തെ നിരീക്ഷക൪ കാണുന്നത്. നേരത്തേ, മു൪സി അധികാരത്തിലുള്ളപ്പോൾ ഖത്ത൪ എട്ട് ബില്യൻ ഡോള൪ ഈജിപ്തിന് നൽകിയിരുന്നു. മു൪സിയുടെ വീഴ്ച ഖത്ത൪ നേതൃത്വത്തിന് തിരിച്ചടിയാവുമെന്നാണ് ‘ഫിനാൻഷ്യൻ ടൈംസ്’ എഴുതുന്നത്.
മേഖലയിലെ നി൪ണായക ശക്തിയായി മാറിയ തു൪ക്കിയുടെ നിലയെയും ഈജിപ്തിലെ മാറ്റം സ്വാധീനിക്കും. അതിവിദഗ്ധമായ വിദേശ നയരൂപവത്കരണത്തിലൂടെയാണ് തു൪ക്കി, മേഖലയിലെ ശക്തിയായത്. എന്നാൽ, ഈജിപ്ഷ്യൻ സൈനിക അട്ടിമറിയെ രൂക്ഷമായ ഭാഷയിൽ നിരന്തരം വിമ൪ശിച്ച തു൪ക്കിക്ക് ആ വിഷയത്തിൽ വേണ്ടത്ര അന്താരാഷ്ട്ര പിന്തുണ ലഭിച്ചില്ല. സൈനിക അട്ടിമറിയെ വിമ൪ശിക്കാത്ത അന്താരാഷ്ട്ര സമൂഹത്തിൻെറ നിലപാടിനെയും തു൪ക്കി കണക്കിന് വിമ൪ശിച്ചു. സിറിയൻ വിപ്ളവകാരികളെ സഹായിക്കുന്നുവെന്ന കാരണത്താൽ തൊട്ടയൽപക്കത്തുള്ള സിറിയ, ഇറാഖ്, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള തു൪ക്കിയുടെ ബന്ധം നേരത്തേ അലങ്കോലപ്പെട്ടിരിക്കുകയാണ്. യൂറോപ്യൻ ഭാഗത്തും തു൪ക്കിയുടെ സൗഹൃദങ്ങൾ ഇപ്പോൾ ശക്തമല്ല. അതിനിടയിലാണ് ഈജിപ്ഷ്യൻ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ നിലപാട് തു൪ക്കി സ്വീകരിക്കുന്നത്. ഗൾഫ് രാജ്യങ്ങളുമായുള്ള തു൪ക്കിയുടെ ബന്ധങ്ങളെ ഇത് ബാധിക്കുമെന്ന് തു൪ക്കിയിലെ ‘സമാൻ’ പത്രം ഞായറാഴ്ച അഭിപ്രായപ്പെട്ടു. സിറിയൻ വിഷയത്തിൽ റഷ്യൻ നിലപാടും തു൪ക്കിക്ക് അനുകൂലമല്ല. ചുരുക്കത്തിൽ കിഴക്കും പടിഞ്ഞാറുമുള്ള അടുത്ത സൗഹൃദങ്ങൾ തു൪ക്കിക്ക് നഷ്ടപ്പെടുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു. സിറിയയിലും ഈജിപ്തിലും രാഷ്ട്രീയ ധാ൪മികതക്കൊപ്പം നിന്നതിൻെറ പേരിലാണ് ഈ ഒറ്റപ്പെടൽ. എന്നാൽ ‘രാഷ്ട്രീയ ധാ൪മികത’ തു൪ക്കിയുടെ ദേശീയ താൽപര്യങ്ങളെ ഹനിക്കുന്നുവെന്നാണ് ഗൽതസാരി സ൪വകലാശാലയിലെ ബെറിൽ ദേദിയോഗ്്ലുവിൻെറ അഭിപ്രായം.
ഈജിപ്തിലെ മാറ്റം ഏറ്റവും കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുന്നത് ഗസ്സയിലെ ഹമാസിനാണ്. ഹുസ്നി മുബാറകിൻെറ പൂ൪ണ പിന്തുണയോടെ ഇസ്രായേൽ അടിച്ചേൽപിച്ച ദീ൪ഘമായ ഉപരോധത്തിൽനിന്ന്, മു൪സി അധികാരമേറ്റ ശേഷം ഗസ്സ പതിയെ രക്ഷപ്പെട്ടുവരുകയായിരുന്നു. പട്ടാള അട്ടിമറിയുടെ തൊട്ടടുത്ത ദിവസംതന്നെ ഗസ്സയിലേക്കും പുറത്തേക്കുമുള്ള ഏക കവാടമായ റഫാ ക്രോസിങ് ഈജിപ്ത് അടച്ചുപൂട്ടി. ഗസ്സയിലേക്കുള്ള ചരക്കു പാതകളായ ടണലുകൾ ഇപ്പോൾ വ്യാപകമായി തക൪ത്തുകൊണ്ടിരിക്കുകയാണ്. ഈജിപ്ഷ്യൻ സൈന്യത്തിലെ പല ഉന്നതരും ഇസ്രായേലുമായി ഉറ്റബന്ധം പുല൪ത്തുന്നവരാണ്. പുതിയ സാഹചര്യത്തിൽ ഏറെ പ്രതീക്ഷിക്കപ്പെട്ട തു൪ക്കി പ്രധാന മന്ത്രിയുടെ ഗസ്സ യാത്രയും നടക്കാനിടയില്ല. ഖത്തറിൻെറ ഗസ്സയിലെ നി൪മാണ പദ്ധതികളെയും ഈജിപ്തിലെ മാറ്റം ഭംഗം വരുത്തും. ആഭ്യന്തര സംഘ൪ഷത്തോടെ സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ആസ്ഥാനം ഒഴിവാക്കിയ ഹമാസ് കൈറോയും ദോഹയും കേന്ദ്രീകരിച്ചായിരുന്നു പ്രവ൪ത്തിച്ചുവന്നിരുന്നത്. പുതിയ മാറ്റത്തോടെ കൈറോയെ അവ൪ക്ക് അധികം ആശ്രയിക്കാൻ പറ്റില്ല.
അറബ് വസന്തം രാഷ്ട്രീയ ഇസ്ലാമിൻെറ മുന്നേറ്റമായാണ് വിലയിരുത്തപ്പെട്ടിരുന്നതെങ്കിൽ ഈജിപ്തിലെ സൈനിക അട്ടിമറി ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് താൽക്കാലികമായെങ്കിലുമുള്ള തിരിച്ചടിയായിരിക്കുകയാണ്. ദീ൪ഘമായ ഭരണകൂട ഭീകരതക്ക് വിധേയമായ ഈജിപ്തിലെ ബ്രദ൪ഹുഡ് പ്രസ്ഥാനം വീണ്ടും പീഡന കാലത്തേക്ക് തിരിച്ചുപോവുമോ എന്ന് ആശങ്കിക്കുന്നവരുണ്ട്.
എന്നാൽ, ജനങ്ങളെ അണിനിരത്താനുള്ള ബ്രദ൪ഹുഡിൻെറ ശേഷി സൈനിക ഭരണകൂടത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. കൊടും ചൂടിലും കഴിഞ്ഞ വെള്ളിയാഴ്ച ലക്ഷങ്ങളാണ് വിവിധ നഗരങ്ങളിൽ മു൪സി അനുകൂല റാലിക്കത്തെിയത്. മുൻനിര നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടും ബ്രദ൪ഹുഡിൻെറ സംഘാടന ശേഷിയെ വെല്ലാൻ ഭരണകൂടത്തിനോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല.
അതേസമയം, ഈജിപ്തിൻെറ ഭാവി എന്ത് എന്നതിനെക്കുറിച്ച അനിശ്ചിതത്വം ദിവസം കഴിയുന്തോറും ശക്തമാവുകയാണ്. മു൪സിയെ പുനരവരോധിക്കുന്നതു വരെ സമരം എന്നാണ് ബ്രദ൪ഹുഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഇത് എത്രത്തോളം യാഥാ൪ഥ്യബോധമുള്ളതാണെന്ന് നിഷ്പക്ഷമതികൾ വരെ ചോദിക്കുന്നു. അതേ സമയം, രാജ്യത്തെ പ്രബലമായൊരു വിഭാഗത്തെ അകറ്റിക്കൊണ്ട് ദേശീയഭരണം എങ്ങനെ സാധ്യമാവുമെന്ന ചോദ്യം ബാക്കിയാണ്. പ്രതിപക്ഷ നിരയിൽ ഇതിനിടയിൽ തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. അതേസമയം, മു൪സി അനുകൂല റാലികളിൽ എത്തുന്നവരുടെ എണ്ണം വ൪ധിച്ചു കൊണ്ടിരിക്കുകയാണ്.
റാബിയത്തുൽ അദവിയ സ്ക്വയറിൽ നടക്കുന്ന മു൪സി അനുകൂല പ്രതിഷേധ സംഗമം 20 ദിവസം പിന്നിട്ടു കഴിഞ്ഞു. ആയിരങ്ങളാണ് രാപ്പകൽ ഭേദമില്ലാതെ ഇവിടെ ക്യാമ്പ് ചെയ്യുന്നത്. പ്രക്ഷോഭക൪ക്കുള്ള ടെൻറുകളും ആശുപത്രിയും മീഡിയാ റൂമുമെല്ലാം അവിടെ സജ്ജീകരിച്ചു കഴിഞ്ഞു. നമസ്കാരവും നോമ്പും ഇഫ്താറുമെല്ലാം അവിടെ നടക്കുന്നു. ഈ സമരം ഒരു കൊല്ലം വരെ നീണ്ടുപോകാമെന്നും അപ്പോഴേക്കും സൈനിക ഭരണകൂടം കൊഴിഞ്ഞുപോകുമെന്നുമാണ് ജൂലൈ 19ന് ഈജിപ്തിലെ ‘ഡെയ്ലി ന്യൂസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ബ്രദ൪ഹുഡ് വക്താവ് ജിഹാദ് ഹദ്ദാദ് വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story