ഉള്ളിലെ ശുദ്ധബോധം
text_fieldsരാവണരാക്ഷസൻെറ ലങ്കയിൽ അദ്ദേഹത്തിന് ഒരു രാജസേവകനുണ്ടായിരുന്നു. പേര് ശുകൻ. ഇദ്ദേഹം ആദ്യം, എല്ലാ ലൗകികതയും വേണ്ടെന്നുവെച്ച് കാട്ടിൽ തപസ്സനുഷ്ഠിച്ചുകഴിഞ്ഞിരുന്ന ഒരു സാധു ബ്രാഹ്മണനായിരുന്നു. പക്ഷേ, എന്തോ ഒരു പ്രാരബ്ധം അദ്ദേഹത്തെ എങ്ങനെയോ ലങ്കയിലത്തെിച്ചതാണെന്നേ പറയാൻ കഴിയൂ.
തപോനിഷ്ഠയെക്കാളും നല്ലത് രാജസേവകനായി ഇരിക്കുന്നതാണെന്നും രാജാവിൻെറയും പ്രജകളുടെയുമൊക്കെ പ്രീതി പിടിച്ചുപറ്റുന്നതാണെന്നും ഒരിക്കൽ അദ്ദേഹത്തിന് തോന്നി. കാരണം, കൊട്ടാരത്തിലാണെങ്കിൽ നല്ല വസ്ത്രവും ഭക്ഷണവും എല്ലാവരുടെയും ബഹുമാനവും മറ്റു സുഖഭോഗങ്ങളും കിട്ടും. മാത്രമല്ല, പരിചാരകരെയെല്ലാം ശാസിച്ച് സുഖമായി വലിയ ആളായി ജീവിക്കുകയും ചെയ്യാം. പിന്നെയെന്തിനാണ് ഇതെല്ലാമുപേക്ഷിച്ച് കാട്ടിൽ ജീവിക്കുന്നത് എന്നൊക്കെയുള്ള തോന്നൽ. അങ്ങനെ അതെല്ലാം ഒഴിവാക്കി ഒടുവിൽ അരമനയിൽ എത്തി.
ഒരു ദിവസം, സീതയെ രക്ഷിക്കാൻ ശ്രീരാമനും വാനരസംഘവും ലങ്കയിലേക്കു വരാൻ തയാറെടുക്കുന്നതറിഞ്ഞ രാവണൻ സുഗ്രീവനോട് ഒരു സന്ദേശമറിയിക്കാൻ വേണ്ടി ശുകനെ ദൂതനായി അയക്കാൻ തീരുമാനിച്ചു. ഇയാൾ ഒരു ഭീരുവാണെന്നറിയാവുന്ന രാവണൻ ആദ്യംതന്നെ ഇതിന് കഴിയുമോ എന്നാണ് ശുകനോട് ചോദിച്ചത്. പക്ഷേ, അഭിമാനം രക്ഷിക്കാൻ ശുകൻ സമ്മതിച്ചു.
പുറമേ ധൈര്യം കാണിച്ചെങ്കിലും ഓരോ കാൽവെപ്പിലും വാനരസംഘത്തിൻെറ അടി കിട്ടുമോ എന്ന ഭയത്തോടെയാണ് നടന്നത്. എന്നാലും ശുകന് ഒരു ബുദ്ധി തോന്നി. ആകാശത്തിലൂടെ പോയി, ആകാശത്തുവെച്ചുതന്നെ സന്ദേശമറിയിക്കാം എന്ന്. വാനരന്മാ൪ ആകാശത്തിലേക്ക് വരില്ലല്ളോ. അങ്ങനെ സകല ധൈര്യവും സംഭരിച്ച്, തൻെറ യോഗശക്തികൊണ്ട് പറന്നുചെന്ന് ആകാശത്തിൽ നിന്നുകൊണ്ടുതന്നെ സുഗ്രീവനോട് സന്ദേശം വിളിച്ചുപറഞ്ഞു. പക്ഷേ, ഇത് കേട്ടതാമസം, ചില വിരുതന്മാരായ വാനരന്മാ൪ മേലോട്ട് ചാടി ശുകനെ പിടിച്ച് താഴെയിറക്കി നല്ല ചവിട്ടുകൊടുത്തു. ഭാഗ്യത്തിന് ശുകൻ ‘ഭഗവാനേ!’ എന്ന് വിളിച്ചു. ശ്രീരാമൻ അവരുടെ പിടിയിൽ നിന്ന് ശുകനെ രക്ഷിച്ചു.
എന്നിട്ട്, രാവണൻെറ എല്ലാ പദ്ധതികളും ചോദിച്ചറിഞ്ഞിട്ട്, ലങ്കയിൽ എത്തിയശേഷം, ശ്രീരാമൻ ശുകനെ വെറുതെവിട്ടു. പക്ഷേ, ജീവൻ തിരിച്ചുകിട്ടിയശേഷം, ശുകൻ നേരെ രാവണൻെറയടുത്തുചെന്ന്, അദ്ദേഹത്തിൻെറ അനുവാദം ചോദിച്ച്, എല്ലാ സുഖഭോഗങ്ങളും വേണ്ടെന്നുവെച്ച് വനത്തിലേക്കുതന്നെ തിരിച്ചുപോയി.
ഈ സന്ദ൪ഭത്തിൽനിന്ന് എന്താണ് മനസ്സിലാവുന്നത്? ജീവിതത്തിലെ സുഖഭോഗങ്ങളിലും ബന്ധനങ്ങളിലും പെട്ടുപോകുന്നതിൽനിന്നൊരു മോക്ഷം നേടി സമാധാനമായിട്ടിരിക്കുന്നതിനെ തടസ്സപ്പെടുത്താൻ പലതുമുണ്ടാവും; ശുകൻ ആഗ്രഹിച്ച സുഖഭോഗങ്ങളെപ്പോലെ. പക്ഷേ, ഇതിനൊന്നും ശാശ്വതമായ സമാധാനം തരാൻ കഴിയില്ല എന്ന് ശുകനെപ്പോലെ തിരിച്ചറിയാൻ കഴിയുകയും ഭഗവാൻെറ (ഉള്ളിലെ ശുദ്ധബോധത്തിൻെറ) സാന്നിധ്യം ഉണ്ടാവുകയും ചെയ്താൽ തീ൪ച്ചയായും സമാധാനം നഷ്ടപ്പെടാതിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.