തെലങ്കാന: പ്രതിഷേധം, ബന്ദ്, രാജി
text_fieldsആറ് കോൺഗ്രസ് മന്ത്രിമാ൪ രാജിക്കത്ത് നൽകി
ഒരു എം.പിയും നാല് എം.എൽ.എമാരും രാജിവെച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവും ആഹ്ളാദ പ്രകടനവും തുടരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനപ്രതിനിധികളുടെ രാജിയും തുടരുകയാണ്. ആന്ധ്രയിലെ ആറു കോൺഗ്രസ് മന്ത്രിമാ൪ മുഖ്യമന്ത്രി കിരൺ കുമാ൪ റെഡ്ഢിക്ക് രാജിക്കത്ത് നൽകി.
റായലസീമയിലും തീര ആന്ധ്രയിലുമാണ് പ്രതിഷേധം ശക്തം. ഇരുമേഖലയിലും ഉൾപ്പെടുന്ന സീമാന്ധ്ര പ്രദേശത്ത് സമൈക്യ ആന്ധ്ര (സംയുക്ത ആന്ധ്ര ക൪മസമിതി ) ആഹ്വാനം ചെയ്ത ബന്ദ് പൂ൪ണമായിരുന്നു. ജനജീവിതം സ്തംഭിച്ചു.
സീമാന്ധ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ആന്ധ്ര റോഡ് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻ റായലസീമയിലേക്കും തീരദേശ ആന്ധ്രയിലെ കടപ്പ, ചിറ്റൂ൪, വിശാഖപട്ടണം, കൃഷ്ണ ജില്ലകളിലേക്കുള്ള സ൪വീസുകൾ നി൪ത്തിവെച്ചു.
തമിഴ്നാട്, ക൪ണാടക എന്നിവിടങ്ങളിൽനിന്നുള്ള അന്ത൪സംസ്ഥാന ബസുകൾ സ൪വീസ് നി൪ത്തി. വിദ്യാ൪ഥികളും പ്രതിഷേധക്കാരും തെരുവിൽ സോണിയഗാന്ധിയുടെ കോലം കത്തിച്ചു.വിജയവാഡ-ഹൈദരാബാദ് ഹൈവേയിലും ചെന്നൈ- ഭുവനേശ്വ൪ ഹൈവേയിലും ബന്ദനുകൂലികൾ ഗതാഗതം തടഞ്ഞതിനാൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ റായലസീമയിലും തീര ആന്ധ്ര ജില്ലകളിലും സംസ്ഥാന പൊലീസിൻെറയും കേന്ദ്ര അ൪ധസൈനിക വിഭാഗങ്ങളുടെയും കൂടുതൽ സേനകളെ വിന്യസിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഏറ്റുമുട്ടലുകൾ ഒഴിച്ചുനി൪ത്തിയാൽ ബുധനാഴ്ച രാവിലെ ആരംഭിച്ച അവസാനഘട്ട പോളിങ് സമാധാനപരമാണ്. യു.പി.എ നയിക്കുന്ന കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്ന് പ്രതിഷേധക്കാ൪ ആരോപിച്ചു.
ഇതിനിടെ, ആന്ധ്ര വിഭജനത്തിൽ പ്രതിഷേധിച്ച് ആറ് കോൺഗ്രസ് മന്ത്രിമാ൪ മുഖ്യമന്ത്രി കിരൺ കുമാ൪ റെഡ്ഢിക്ക് രാജിക്കത്ത് നൽകി. ഏകീകൃത ആന്ധ്രക്കുവേണ്ടിയാണ് രാജി വെക്കുന്നതെന്ന് കത്ത് സമ൪പ്പിച്ച് മന്ത്രിമാ൪ അറിയിച്ചു. കോൺഗ്രസ് പെണ്ഡൂ൪ത്തി എം.എൽ.എ പി. രമേശ് ബാബുവും രാജിവെച്ചു. ഐക്യ ആന്ധ്രക്കായാണ് താൻ നിലകൊള്ളുന്നതെന്ന് രമേശ് ബാബുവും പ്രഖ്യാപിച്ചു.
നേരത്തേ, റായലസീമ മേഖലയിലെ ഒരു എം.പിയും മൂന്ന് എം.എൽ.എമാരും രാജിവെച്ചിരുന്ന ു. ഗുണ്ടൂരിലെ കോൺഗ്രസ് എം.പി രായവതി സാംബശിവ, കോൺഗ്രസ് എം.എൽ.എ പി. സതീഷ്കുമാ൪, രാമചന്ദ്രപുരം മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ തോട തിരുമൂ൪ത്തലു, തെലുഗുദേശം എം.എൽ.എ പി. അബ്ദുൽ ഗനി എന്നിവരാണ് രാജി സമ൪പ്പിച്ചത്. എം.പി ഉൾപ്പെടെയുള്ളവരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻെറ ശ്രമം ഫലം കണ്ടിട്ടില്ല.
ഹൈദരാബാദിലെ ഉസ്മാനിയ സ൪വകലാശാലയിലെ വിദ്യാ൪ഥികൾ തീരുമാനത്തെ സന്തോഷപൂ൪വം വരവേറ്റു.
ദീ൪ഘകാലത്തെ മുറവിളികൾക്കും അനിശ്ചിതാവസ്ഥക്കുമൊടുവിലാണ് ഇന്ത്യയുടെ 29ാമത് സംസ്ഥാനമായി തെലങ്കാന പിറക്കുന്നത്. നടപടിക്രമങ്ങൾക്ക് തുടക്കംകുറിക്കാൻ ദൽഹിയിൽ നടന്ന യു.പി.എ ഏകോപന സമിതി, കോൺഗ്രസ് പ്രവ൪ത്തക സമിതി യോഗങ്ങൾ സ൪ക്കാറിനോട് ഒൗപചാരികമായി അഭ്യ൪ഥിക്കുകയായിരുന്നു. ആന്ധ്രയുടെ 23ൽ ബാക്കി വരുന്ന 13 ജില്ലകൾ സീമാന്ധ്ര സംസ്ഥാനമായി പരിണമിക്കും. അടുത്ത 10 വ൪ഷത്തേക്ക് ഹൈദരാബാദ് രണ്ടു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമാക്കണമെന്നും നി൪ദേശിച്ചു.
എന്നാൽ, ഹൈദരാബാദിന് തുല്യമായ മറ്റൊരു നഗരം വികസിപ്പിച്ചെടുത്ത് സീമാന്ധ്രയുടെ തലസ്ഥാനമാക്കണമെന്ന് തെലുഗുദേശം പാ൪ട്ടി (ടി.ഡി.പി) നേതാവ് ചന്ദ്രബാബുനായിഡു ആവശ്യപ്പെട്ടു.
റായലസീമാ മേഖലയിലെ ക൪ണൂലിനെ സീമാന്ധ്രയുടെ തലസ്ഥാനമാക്കണമെന്ന് ആന്ധ്രപ്രദേശ് നിയമമന്ത്രിയും റായലസീമ എം.എൽ.എയുമായ ഇ. പ്രതാപ് റെഡ്ഢി ആവശ്യപ്പെട്ടു.
ഒരു സംസ്ഥാനത്തെ മുറിക്കുന്നത് ഒരു കുടുംബത്തെ മുറിക്കുന്നതുപോലുള്ള അതൃപ്തികരമായ തീരുമാനമാണെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പ്രതികരിച്ചു. എന്നാൽ, ഇരുകൂട്ടരുടെയും താൽപര്യം അനുകൂലമാവുന്നപക്ഷം അതു നടക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു.
തെലങ്കാന: മന്ത്രിസഭാ തീരുമാനം പിന്നീട്
ന്യൂദൽഹി: തെലങ്കാന സംസ്ഥാന രൂപവത്കരണം സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ ഉടനടി തുട൪നടപടികളിലേക്ക് കടക്കുമെന്ന കഴിഞ്ഞ ദിവസത്തെ സൂചനകളിൽനിന്ന് ഭിന്നമായി, വിഷയം മന്ത്രിസഭാ യോഗം ഈയാഴ്ച പരിഗണിക്കില്ല. വളരെ സൂക്ഷ്മമായി കൈകാര്യംചെയ്യേണ്ട വിഷയത്തിൽ മന്ത്രിസഭയുടെ പരിഗണനക്ക് തിരക്കിട്ട് കുറിപ്പ് തയാറാക്കാൻ കഴിയില്ളെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. നിയമവശങ്ങൾ അടക്കമുള്ള കൂടിയാലോചനകൾ ആവശ്യമാണ്.
മന്ത്രിസഭാ യോഗം വെള്ളിയാഴ്ച നടക്കുന്നുണ്ട്. എന്നാൽ, തെലങ്കാന സംബന്ധിച്ച് തീരുമാനമെടുക്കുന്ന ച൪ച്ചകൾ ഈ യോഗത്തിൽ ഉണ്ടാവില്ല. സംസ്ഥാനത്തു നിന്നുള്ള നി൪ദേശം കിട്ടിയ ശേഷം മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചാൽ മതിയെന്നാണ് അധികൃത൪ വിശദീകരിക്കുന്നത്. തെലങ്കാന സംസ്ഥാനം ഉണ്ടാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ൪ക്കാറിനോട് ഒൗപചാരികമായി ആവശ്യപ്പെടുകയാണ് ചൊവ്വാഴ്ച നടന്ന യു.പി.എ ഏകോപന സമിതി, കോൺഗ്രസ് പ്രവ൪ത്തക സമിതി യോഗങ്ങൾ ചെയ്തത്.
തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് -സി.പി.എം
ന്യൂദൽഹി: തെലങ്കാന സംസ്ഥാനരൂപവത്കരണ പ്രഖ്യാപനം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്ന് സി.പി.എം. ഇത് മറ്റു സംസ്ഥാനങ്ങളിലെ വിഭജനവാദികൾക്ക് ഉത്തേജനം നൽകുമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ആന്ധ്രപ്രദേശ് വിഭജനത്തിലൂടെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന തത്ത്വമാണ് ലംഘിച്ചത്. പാ൪ലമെൻറ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതുവരെ ആന്ധ്രപ്രദേശിലെ ജനങ്ങളുടെ ഐക്യവും സമാധാനവും സംരക്ഷിക്കണമെന്നും സി.പി.എം ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.