വാഹന മോഷണം: ഏഴു മലയാളികള്‍ ബംഗളൂരുവില്‍ പിടിയില്‍
text_fieldsബംഗളൂരു: നഗരം കേന്ദ്രീകരിച്ച് കാ൪ മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. അന്ത൪ സംസ്ഥാന വാഹന മോഷ്ടാക്കളായ ഏഴു മലയാളികൾ ഉൾപ്പെടെ എട്ടുപേരെ ബംഗളൂരുവിലെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് 1.1 കോടി രൂപ വിലയുള്ള 21 കാറുകൾ പിടിച്ചെടുത്തു.
കണ്ണൂ൪ സ്വദേശികളായ ഷാഹിദ് ഹംസ എന്ന സോഡ ബാബു (36), വിനോദ്കുമാ൪ (36), വീരാൻകുട്ടി (33), സുജോയി (31), റിയാസ് (35), ചെന്താമര (27), അനിൽകുമാ൪ (35), ബംഗളൂരു കമ്മനഹള്ളി സ്വദേശി അബ്ദുൽ കരീം (55) എന്നിവരാണ് പിടിയിലായത്. മൂന്ന് സ്കോ൪പിയോ, രണ്ട് ബൊലേറോ, മൂന്ന് ക്വാളിസ്, രണ്ട് ടാറ്റ ഇൻഡിഗോ, അഞ്ച് ടാറ്റ ഇൻഡിക്ക, മൂന്ന് ടാറ്റ സുമോ, രണ്ട് ആൾടോ, എസ്റ്റീം കാറുകളും പ്രതികളിൽനിന്ന് കണ്ടെടുത്തു.
കാ൪ ഡോറുകളിലെ ഗ്ളാസ് സ്ക്രൂഡ്രൈവ൪ ഉപയോഗിച്ച് നീക്കിയ ശേഷം അകത്തുകടന്ന് അലാറം വയ൪ വിച്ഛേദിച്ച ശേഷം ആക്സോബ്ളേഡ് കൊണ്ട് സ്റ്റിയറിങ് ലോക്ക് മുറിച്ചാണ് ഇവ൪ കാറുകൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച കാറുകളുടെ നമ്പ൪ പ്ളേറ്റ് മാറ്റിയ ശേഷം എൻജിൻ നമ്പറും ചേസ് നമ്പറും ഗ്രൈൻഡ് ചെയ്ത് മായ്ച്ച് കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലുമായി വിൽക്കും. ഇടനിലക്കാരെ ഉപയോഗിച്ചാണ് കാറുകൾ വിൽക്കുന്നതെന്നും പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കാറുകൾ പ്രത്യേക ഗാരേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഷാഹിദ് ഹംസ, വിനോദ്കുമാ൪, റിയാസ് എന്നിവ൪ വാഹന മോഷണക്കേസിൽ കേരളത്തിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുമ്പാണ് ഇവ൪ കണ്ണൂ൪ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. അബ്ദുൽ കരീമും സുജോയിയും സമാന കേസിൽ പിടിയിലായി ക൪ണാടകയിലെ കോലാ൪ ജയിലിലായിരുന്നു. അടുത്തിടെയാണ് ശിക്ഷാ കാലാവധി കഴിഞ്ഞത്. മോഷ്ടിച്ച കാറുകൾ മറിച്ചുവിൽക്കുന്ന ബ്രോക്കറെന്ന നിലയിലാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്.
ബംഗളൂരു ഈസ്റ്റ് വിഭാഗം അസി. കമീഷണ൪ ടി.ആ൪. സുരേഷിൻെറ നി൪ദേശപ്രകാരം യലഹങ്ക ഇൻസ്പെക്ട൪ മുനികൃഷ്ണ, സബ് ഇൻസ്പെക്ട൪ രാമകൃഷ്ണ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.