രമേശിന്റേത് ഏകപക്ഷീയ പ്രഖ്യാപനം- ഉമ്മന്‍ചാണ്ടി
text_fieldsന്യൂദൽഹി: മന്ത്രിസഭയിലേക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരും പ്രസ്താവന രമേശ് ചെന്നിത്തല നടത്തിയതെന്ന് അറിയില്ല. ഇക്കാര്യത്തിൽ തന്റെ അതൃപ്തി ഹൈകമാൻഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളെല്ലാം ഹൈകമാൻഡിന് വിട്ട് തീരുമാനത്തിന് കാത്തിരിക്കുമ്പോഴാണ് രമേശിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം. തന്നെ അറിയിക്കാതെയാണ് രമേശ് തീരുമാനമെടുത്തത്. ഹൈകമാൻഡിന്റെ ഏതു തീരുമാനവും കോൺഗ്രസുകാരൻ എന്ന നിലയിൽ അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേ൪ത്തു.
‘ഉമ്മൻചാണ്ടിമന്ത്രിസഭ’യിലേക്ക് ഇല്ലെന്ന രമേശിന്റെ പ്രഖ്യാപനത്തോട് എ-ഗ്രൂപ്പും ഉമ്മൻചാണ്ടിയും അമ്പരപ്പാണ് മാധ്യമങ്ങൾക്കു മുന്നിൽ പ്രകടിപ്പിച്ചത്. അഹ്മദ് പട്ടേലിനെയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെയും കണ്ട് ഉമ്മൻചാണ്ടി സാഹചര്യം വിശദീകരിച്ചു. തന്നോട് ആലോചിക്കാതെയാണ് രമേശ് തീരുമാനമെടുത്തതെന്ന അതൃപ്തി ഉമ്മൻചാണ്ടി ഹൈകമാൻഡിനെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.