പെട്ടിക്കടയിലൂടെ പെരുവഴിയില്‍
text_fieldsഇടുക്കി വെച്ചൂത്താഴത്ത് ദിനീഷ് മോഹനനും ഭാര്യ സജിത കഴിഞ്ഞ ഡിസംബറിൽ നൽകിയ പരാതി ഇങ്ങനെ: 2012 മെയിൽ പെട്ടിക്കട വാങ്ങാൻ ഒരു സ്ത്രീയിൽനിന്ന് ഇവ൪ 90,000 രൂപ പലിശക്കു വാങ്ങി. ആഴ്ചയിൽ 4,750 വീതം അടയ്ക്കണം എന്നതായിരുന്നു വ്യവസ്ഥ. പണം നൽകിയവ൪ റവന്യൂസ്റ്റാമ്പ് ഒട്ടിച്ച പേപ്പറിലും മുദ്രപ്പത്രത്തിലും ഒപ്പിട്ടു വാങ്ങി. രണ്ടുമാസം മുമ്പുവരെ തുക തവണകളായി അടച്ചു. മൊത്തം 1,42,250 തിരികെ നൽകി. പിന്നീട് പലിശക്കാ൪ വീട്ടിലെ ഫ്രിഡ്ജ് ബലമായി എടുത്തുകൊണ്ടുപോയി. 1,90,000 കൂടി നൽകണമെന്നായിരുന്നു ആവശ്യം. ഭീഷണി തുട൪ന്നതോടെ വീട്ടുടമസ്ഥൻ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു. നാലു വയസ്സുള്ള മകനുമായി അന്തിയുറങ്ങാൻ ഇടമില്ലാതെ ഇവ൪ പെരുവഴിയിലായി.
പത്തനംതിട്ടയിൽ വാഹന വായ്പയുടെ പേരിൽ കേട്ടാൽ അതിശയിച്ചുപോകുന്ന തട്ടിപ്പാണ് ഒരു സ്ഥാപനം നടത്തിയത്. 40,000 രൂപ നൽകി സ്ഥാപനത്തിൻെറ വിലാസത്തിൽ ഓട്ടോറിക്ഷ വാങ്ങിയ വള്ളിക്കോട് കോട്ടയം പടിപ്പുരപ്പാട്ട് മേലേതിൽ പി.വി. മനോജാണ് തട്ടിപ്പിനിരയായത്. ബാക്കിതുക 40 തവണകളായി അടക്കണമെന്നായിരുന്നു വ്യവസ്ഥ. ഒരു തവണ അടക്കേണ്ടത് 4838 രൂപ. 11 തവണ മുടക്കം കൂടാതെ അടച്ചു. പക്ഷേ, 4838 രൂപ കൂടാതെ പല കണക്കുകൾ പറഞ്ഞ് ഓരോതവണയും 2000, 3000 രൂപ വീതം കമ്പനി ഈടാക്കി. സാമ്പത്തിക ബുദ്ധിമുട്ടുമൂലം പിന്നീട് തുക അടച്ചില്ല. ഭീഷണിയുമായി ഗുണ്ടകൾ എത്തിയപ്പോൾ മനോജ് ഓട്ടോറിക്ഷ ഫിനാൻസ് കമ്പനിയിൽ മടക്കിനൽകി. ഓട്ടോ വിറ്റ് തങ്ങളുടെ തുക എടുത്തശേഷം ബാക്കി തുക മനോജിന് നൽകാമെന്ന് കമ്പനി പറഞ്ഞു. പക്ഷേ കമ്പനി ഓട്ടോ വിറ്റത് വെറും 9,000 രൂപക്കാണ്. അവ൪ അവരുടെ ബിനാമിക്ക് തുച്ഛവിലക്ക് ഓട്ടോ വിൽക്കുകയായിരുന്നു. മനോജിൻെറ കടം പിന്നെയും ശേഷിച്ചു. 1,54,479 രൂപ വീണ്ടും അടക്കണമെന്ന് കാട്ടി കമ്പനി വക്കീൽ നോട്ടീസ് അയച്ചു. ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി. മനോജ് പൊലീസിൽ പരാതി നൽകിയതോടെയാണ് കമ്പനി അടങ്ങിയത്.
മലപ്പുറത്തടക്കം വാഹനരംഗത്തെ പലിശപ്പണത്തിന് പകരം വാഹനം ഓടിച്ച് ഈടാക്കുന്ന രീതിയും നിലനിൽക്കുന്നുണ്ട്. കടംവാങ്ങുന്ന തുകക്ക് ഈടുവെക്കുന്ന വാഹനം പണംനൽകിയ ആൾ വാടക്ക് ഓടിച്ച് പലിശയിലേക്ക് തുക വസൂലാക്കുന്ന രീതി വാഹന കച്ചവടക്കാരിൽ ചില൪ നടത്തുന്നു. ഭൂമി പണയപ്പെടുത്തി വൻതുക വാങ്ങുമ്പോൾ പണംനൽകുന്നയാളുടെ പേരിൽ ഭൂമി രജിസ്റ്റ൪ ചെയ്തുകൊടുക്കേണ്ടിവരുന്നുമുണ്ട്.
മലപ്പുറത്ത് റിയൽ എസ്റ്റേറ്റ്, വാഹന ബിസിനസ് വ്യാപാരത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച ചില൪ പലിശ ഇടപാടിലേക്ക് തിരിഞ്ഞതോടെ ചെറുകിട ഇടത്തരം കച്ചവടക്കാ൪ ഇവരെ ആശ്രയിച്ചു തുടങ്ങി. ആ൪.സിയും ലൈസൻസും പണയമായി മേടിച്ച് വാഹനങ്ങൾക്ക് യഥേഷ്ടം വായ്പനൽകുന്ന സംഘങ്ങളും സജീവം. ചെക്കും മുദ്രപത്രവും നൽകി പണം വാങ്ങുന്നവ൪ പലപ്പോഴും കണ്ണീരും കൈയും കേസുമായി നടക്കുന്ന കാഴ്ചയാണിവിടെ.
പച്ചക്കറി, മീൻ മാ൪ക്കറ്റുകളിലെ ചെറുകിട വ്യാപാരികളും വഴിയോര കച്ചവടക്കാരുമാണ് പലിശക്കാരുടെ മറ്റൊരു ഇര. ഒരു ലക്ഷത്തിന് മുകളിലേക്കുള്ള തുകയായിരിക്കും ഇത്തരക്കാ൪ കടംവാങ്ങുക. അഞ്ച് ശതമാനം മുതൽ മുകളിലേക്കുള്ള തുക പലിശയിനത്തിൽ മുൻകൂറായി പിടിച്ചശേഷമാവും നൽകുക.
രാവിലെ 900 നൽകി വൈകിട്ട് 1000 രൂപ വാങ്ങുന്ന പലിശസമ്പ്രാദായം കൊല്ലം ജില്ലയുടെ തീരദേശമേഖലയിൽ വ്യാപകമാണ്. 9000 രൂപ നൽകി പത്താംദിവസം 10,000 രൂപയായി മടക്കി വാങ്ങുന്ന പലിശക്കാരും കുറവല്ല. പത്ത് ദിവസം കഴിഞ്ഞാൽ അധികം വരുന്ന ഒരോ ദിവസത്തിനും ആയിരം രൂപവീതം നൽകണം. ലക്ഷങ്ങളുടെ ഇടപാടായാലും പലിശക്ക് ഈ അനുപാതംതന്നെ. പലിശക്കെടുക്കുന്ന പണം തിരിച്ച നൽകുന്നതുവരെ വസ്തുവകകൾ വിലയാധാരമായി എഴുതിവാങ്ങി സൂക്ഷിക്കുന്ന രീതിയും കരുനാഗപ്പള്ളിയടക്കം ജില്ലയുടെ പല പ്രദേശങ്ങളിലുമുണ്ട്. പണവും പലിശയും തിരിച്ചുനൽകാൻ കഴിയാതെ വരുന്നതോടെ സ്വത്തുക്കൾ പലിശക്കാരന് സ്വന്തം.
കൊള്ളപ്പലിശക്കാരിൽനിന്ന് രക്ഷപ്പെടാനുള്ള മാ൪ഗമായി സാധാരണക്കാ൪ സ്വീകരിക്കുന്ന എളുപ്പവഴിയാണ് സ്വ൪ണപ്പണയം. ഒരു കാലത്ത് സഹകരണബാങ്കുകളും ദേശസാൽകൃത ബാങ്കുകളുമാണ് ഈ രംഗത്ത് മുന്നിൽ നിന്നത്. സ്വ൪ണവിലയുടെ മുക്കാൽ ഭാഗത്തോളം ഇവ൪ മിത പലിശനിരക്കിൽ വായ്പയായി നൽകിയിരുന്നു. ശരാശരി 12-14 ശതമാനം വരെയാണ് സ്വ൪ണപ്പണയ വായ്പക്ക് ബാങ്കുകൾ ഈടാക്കുന്ന പലിശനിരക്ക്. എന്നാൽ, സമീപകാലത്ത് കൂണുകൾപോലെ പൊട്ടിമുളച്ച പണമിടപാട് കമ്പനികൾ സ്വ൪ണപ്പണയ വായ്പയെയും ബ്ളേഡ് ഇടപാടാക്കി മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സ്വ൪ണവിലയുടെ 90 ശതമാനം വരെ വായ്പ, ഇടപാട് നിലനിന്ന ദിവസം വരെ മാത്രം പലിശ, ഉടനടി പണം തുടങ്ങിയ വാഗ്ദാനങ്ങളുമായി ഇടപാടുകാരെ ആക൪ഷിക്കുന്ന ഇത്തരം ബ്ളേഡുകളുടെ തനിനിറം ഒരിക്കലെങ്കിലും ‘ഇടപാട്’ നടത്തിയവ൪ക്കേ അറിയൂ.
സ്വ൪ണവിലയുടെ 90 ശതമാനം വായ്പ ലഭിക്കുമെങ്കിലും ഇത് സ്വ൪ണത്തിൻെറ പണിക്കുറവ് ഉൾപ്പെടെ തട്ടിക്കിഴിച്ച് ശുദ്ധസ്വ൪ണത്തിൻെറ തോത് കണക്കാക്കിയാണ്. പലപ്പോഴും ദേശസാൽകൃത ബാങ്കുകളും ഇവരും നൽകുന്ന തുകയിൽ കാര്യമായ വ്യത്യാസം ഉണ്ടാവാറില്ല. പലിശ കണക്കാക്കുന്നിടത്താണ് കഴുത്തറുപ്പൻ സമീപനം ബോധ്യപ്പെടുക. 18 ശതമാനം പലിശനിരക്കിൽ ഒരു വ൪ഷത്തെ കാലാവധിക്ക് സ്വ൪ണം പണയംവെച്ച ഒരാൾ കാലാവധി പൂ൪ത്തിയാവുമ്പോൾ നൽകേണ്ടിവരിക 36 ശതമാനവും അതിനു മുകളിലുമാവും. പലിശയും പലിശയുടെ പലിശയും അതിൻെറ മുകളിലുള്ള പലിശയും ഇവ൪ കണക്കുകൂട്ടും. രണ്ടുമാസം കൂടുമ്പോൾ പലിശ മുതലിനോട് ചേ൪ത്ത് അതിനും പലിശ കണക്കാക്കുന്ന രീതിക്ക് ഇവ൪ നൽകുന്ന പേരാണ് ‘റിസ്ക് ഇൻററസ്റ്റ്’. ഇത് നിയമവിരുദ്ധമാണെങ്കിലും മുതലിൻെറയും പലിശയുടെയും കണക്കുകളൊന്നും നൽകില്ല. പണയസ്വ൪ണം തിരിച്ചെടുക്കാൻ എത്തുന്നവരോട് മൊത്തത്തിൽ തുക പറയും. ബില്ല് നി൪ബന്ധമായി ചോദിക്കുന്നവ൪ക്ക് തുക രേഖാമൂലം നൽകും. അതിൽ പലിശയുടെയോ പിഴപ്പലിശയുടെയോ റിസ്ക് ഇൻററസ്റ്റിൻെറയോ കണക്കുകൾ ഉണ്ടാവില്ല. ഇടപാടുകാരൻ സ്വന്തം ബുദ്ധിമോശത്തെ പഴിച്ച് സ്ഥലം കാലിയാക്കും.
തൻേറടവും സ്വാധീനവുമുള്ള വ്യക്തിയാണെങ്കിൽ ഭീഷണിയുടെ സ്വരം പ്രയോഗിച്ചാൽ ഒരു പക്ഷേ, ഇവ൪ പലിശയുടെ കണക്ക് രേഖാമൂലം നൽകാൻ തയാറായേക്കും. ഇത്തരത്തിൽ കൊള്ളപ്പലിശയുടെ രേഖ ചോദിച്ചുവാങ്ങിയ പാലക്കാട് നെന്മാറ സ്വദേശി എം.കെ. ഗിരീഷ്കുമാ൪ ജില്ലാ ഉപഭോക്തൃ ത൪ക്കപരിഹാര ഫോറത്തെ സമീപിച്ചപ്പോൾ റിസ്ക് ഇൻററസ്റ്റ് എന്നപേരിൽ അധികംവാങ്ങിയ പലിശ പത്ത് ശതമാനം പലിശ സഹിതം തിരിച്ചുനൽകാനും കോടതിച്ചെലവ് നൽകാനും നെന്മാറയിലെതന്നെ കൊശമറ്റം ഫിനാൻസ് ശാഖയോട് ഫോറം ഉത്തരവിട്ടത് അടുത്ത കാലത്താണ്. 1,70,600 രൂപക്ക് പണയംവെച്ച ഗിരീഷ്കുമാ൪ 400 ദിവസത്തേക്ക് പലിശയായി അടക്കേണ്ടിവന്നത് 60,041 രൂപ. 18 ശതമാനമായിരുന്നു പലിശനിരക്കെങ്കിൽ ഈടാക്കേണ്ടിയിരുന്നത് 33,772 രൂപ. റിസ്ക് ഇൻററസ്റ്റ് കൂടി ചേ൪ത്തപ്പോൾ പലിശ 36 ശതമാനമായി. ഗിരീഷ്കുമാറിൽനിന്ന് അധികമായി ഈടാക്കിയ 26,269 രൂപ പത്ത് ശതമാനം പലിശ സഹിതം നൽകാനാണ് ഫോറം ഉത്തരവിട്ടത്. പലിശനിരക്കുകളിലെ മാറ്റങ്ങളെ സംബന്ധിച്ച് ആ൪.ബി.ഐ പുറപ്പെടുവിക്കുന്ന ഉത്തരവുകളും സ൪ക്കുലറുകളും അനുസരിക്കാൻ ബാങ്കുകളും ഇതര ധനകാര്യസ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്ന് ചൂണ്ടിക്കാട്ടിയ ഫോറം, 2013 മാ൪ച്ചിൽ വി. മുഹമ്മദ് കോയ എന്നയാളും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡുമായി സ്വ൪ണപ്പണയ ഇടപാട് സംബന്ധിച്ച കേസിൽ റിസ്ക് ഇൻററസ്റ്റിന് നിയമസാധുതയില്ളെന്ന് സംസ്ഥാന ഉപഭോക്തൃ ത൪ക്കപരിഹാര കമീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.