രാജ്യസഭയിലും താരമായി സചിന്‍
text_fieldsന്യൂദൽഹി: ബൗണ്ടറിക്കും സിക്സറിനും പകരം ബഹളവും വാഗ്വാദവും ഇറങ്ങിപ്പോക്കും കളി നിയന്ത്രിക്കുന്ന അപൂ൪വ ഇന്നിങ്സ്. കളിയൊരുപാട് കണ്ട സാക്ഷാൽ മാസ്റ്റ൪ ബ്ളാസ്റ്റ൪ക്ക് അപരിചിതമായ പുതിയൊരു കളി പഠിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു തിങ്കളാഴ്ച ഇന്ത്യൻ ജനാധിപത്യത്തിൻെറ ശ്രീകോവിലായ രാജ്യസഭ. ആരോപണ പ്രത്യാരോപണങ്ങൾ ‘ക്രീസ്’ വാണ സഭയിൽ തുടക്കക്കാരൻെറ അപരിചിതത്വവുമായി സചിൻെറ ഇന്നിങ്സ് ആദ്യ ദിനം തട്ടിയും മുട്ടിയും കടന്നുപോയി.
തഴക്കവും പഴക്കവും വേണ്ടുവോളമുള്ള പരിചയസമ്പന്ന൪ 10 മിനിറ്റുകൊണ്ട് കളി ജയിച്ചപ്പോൾ അരങ്ങേറ്റക്കാരൻ തീ൪ത്തും നിസ്സഹായൻ.
ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ ചേംബറിൽ നാലു മാസം മുമ്പ് സത്യപ്രതിജ്ഞ ചെയ്ത് ‘മുങ്ങിയ’ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക൪ പാ൪ലമെൻേററിയൻെറ വേഷത്തിൽ ആദ്യമായി രാജ്യസഭയിലത്തെിയ ദിനമായിരുന്നു തിങ്കളാഴ്ച.
കറുത്ത പാൻറ്സും നീല ഷ൪ട്ടും ധരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡ് (ബി.സി.സി.ഐ) സാരഥികൂടിയായ പാ൪ലമെൻററികാര്യ മന്ത്രി രാജീവ് ശുക്ളക്കൊപ്പം സഭയിലത്തെിയ സചിനെ കണ്ട് രാജ്യസഭയിലെ അംഗങ്ങൾ ഒരു നിമിഷം അമ്പരന്നു.
സചിനെ കണ്ടയുടനെ ചെയറിലുണ്ടായിരുന്ന രാജ്യസഭാ ചെയ൪മാൻ ഹാമിദ് അൻസാരി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിരീടം നേടിയ ടീം ഇന്ത്യക്കുള്ള ആശംസ അറിയിച്ചു.
പരിചിതമല്ലാത്ത സഭാച൪ച്ചകൾ സശ്രദ്ധം വീക്ഷിച്ച സചിൻ ആദ്യദിനത്തിൻെറ അപരിചിതത്വം വിടുംമുമ്പേ ബഹളം മൂലം സഭ 10 മിനിറ്റ് നേരത്തേക്ക് പിരിഞ്ഞു.
ഭ൪ത്താവിൻെറ കന്നി സഭാപ്രവേശത്തിനത്തെിയ ഭാര്യ അഞ്ജലി സന്ദ൪ശക ഗാലറിയിലുണ്ടെന്നറിഞ്ഞതോടെ അംഗങ്ങളുടെ ശ്രദ്ധ അങ്ങോട്ടേക്കായി. നി൪ത്തിവെച്ച സഭയിൽ അംഗങ്ങളുടെ ഹസ്തദാനം സ്വീകരിച്ച സചിൻ പിന്നീട് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അടുത്തത്തെി അഭിവാദ്യം ചെയ്തു.
ചലച്ചിത്രനടി രേഖ, വ്യവസായ പ്രമുഖ അനു ആഗ എന്നിവ൪ക്കൊപ്പം കഴിഞ്ഞ ഏപ്രിലിലാണ് സചിൻ ടെണ്ടുൽകറെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.