സമ്പാദ്യവും ഭവനവും നഷ്ടപ്പെട്ട് നിരവധി പേര്‍
text_fieldsതൊടുപുഴ: രണ്ട് ദിനം നീണ്ട പേമാരിക്ക് ശമനം വന്നെങ്കിലും ഇതുവരെ സ്വരൂപിച്ച സമ്പാദ്യങ്ങളും സ്വപ്ന ഭവനങ്ങളും നഷ്ടമായവരുടെ എണ്ണം നിരവധിയാണ്.
കുത്തിയൊഴുകി വന്ന വെള്ളം ജീവൻ തിരിച്ചുതന്ന ആശ്വാസം പലരുടെയും മുഖത്തുണ്ടെങ്കിലും ഇനി എങ്ങനെയെന്ന ചോദ്യം ഇവരിൽനിന്ന് ഉയരുന്നു.തിങ്കളാഴ്ച പുല൪ച്ചെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ച് കയറുന്നത് കണ്ടാണ് തൊടുപുഴ, കാരിക്കോട്, കുമ്പംകല്ല് പ്രദേശങ്ങളിലെ ജനങ്ങൾ കണ്ണ് തുറക്കുന്നത്. പല൪ക്കും വീട്ടിൽനിന്ന് ഒന്നും നീക്കാൻ പോലും കഴിഞ്ഞില്ല.
അതുകൊണ്ട് തന്നെ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്നും ഇവ൪ക്കറിയില്ല. രാവിലെ റോഡിലടക്കം ജലനിരപ്പ് ഉയരുന്നതാണ് ഇവ൪ കാണുന്നത്. കാരിക്കോട്, കുമ്പംകല്ല്, രണ്ടുപാലം എന്നിവിടങ്ങളിൽ വാഹനങ്ങളടക്കം വെള്ളത്തിലകപ്പെട്ടു. ഓടകളും കക്കൂസ് ടാങ്കുകളും കിണറുകളും വെള്ളത്തിനടിയിലായത് പ്രദേശവാസികളെ ഭീതിയിലാക്കി. കുടിവെള്ളം പോലും മലിനമായ അവസ്ഥയിലാണ് ഇവ൪ ഇപ്പോഴും. മാലിന്യം നിറഞ്ഞ വീടുകൾ പഴയ രീതിയിലാക്കാൻ ആഴ്ചകളെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നഗരത്തോടടുത്ത പഞ്ചായത്തായ കുടയത്തൂരിലെ ഇലപ്പിള്ളി, ഇടാട്, കൂവപ്പള്ളി പ്രദേശങ്ങളിൽ നിരവധി വീടുകളാണ് തക൪ന്നത്. മലയിഞ്ചിയിലും പൂച്ചപ്രയിലും വെള്ളിയാമറ്റത്തും വീടുകൾ തക൪ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പ്രകൃതി കനിയണേ എന്നതാണ് ഇടുക്കിജനതയുടെ ഇപ്പോഴത്തെ പ്രാ൪ഥന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.