മനം നിറച്ച് പെരുന്നാള്‍ സന്തോഷം
text_fieldsമസ്കത്ത്: ആത്മ വിമലീകരണത്തിന്റെയും ഹൃദയവിശുദ്ധിയുടെയും ദിനരാത്രങ്ങൾക്ക് പരിസമാപ്തിയായി ഒമാനിലെ വിശ്വാസികൾ വെള്ളിയാഴ്ച ഈദുൽ ഫിത്൪ ആഘോഷിച്ചു. 30 ദിനരാത്രങ്ങളിൽ വ്രതമനുഷ്ഠിച്ചും നിശാപ്രാ൪ഥന നടത്തിയും സ്വരുപിച്ചെടുത്ത സ്ഫടിക സമാനമായ മനസ്സുമായി അവ൪ ഈദുഗാഹുകളിലും മസ്ജിദുകളിലും ഒഴുകിയെത്തി.
സുര്യനുദിച്ചുയരുന്നതിന് മുമ്പ് തന്നെ പ്രാ൪ഥനാലയങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. പുതു വസ്ത്രങ്ങളും അത്തറിന്റെ സുഗന്ധവുമായി മുസല്ലകളിലെത്തിയ വിശ്വാസികൾ വിശുദ്ധ മാസം വിജയകരമായി പര്യവസാനിപ്പിക്കാൻ കഴിഞ്ഞതിൽ നാഥന് നന്ദി പറഞ്ഞു. ദൈവ പ്രീതിക്കും ഇരു ലോക വിജയത്തിനും സമ൪പ്പിച്ച ദിനരാത്രങ്ങളിലെ പുണ്യക൪മങ്ങൾ സ്വീകാര്യമാകണമെന്ന പ്രത്യാശയായിരുന്നു എല്ലാ നാവുകളിലും. ഈദുഗാഹുകളിലും പള്ളികളിലുമെത്തിയവ൪ ഇമാമിന്റെ ഉത്ബോധങ്ങൾക്കും പ്രാ൪ഥനകൾക്കും കാതോ൪ത്തു. റമദാൻ നൽകുന്ന പരിശീലനം വരും മാസങ്ങളിൽ പാഥേയമാക്കണമെന്ന ഉപദേശമാണ് ഇമാമുമാ൪ നൽകിയത്. നാടും നഗരങ്ങളും ദിവസങ്ങൾക്ക് മുമ്പ് തന്നെ പെരുന്നാളിന് ഒരുങ്ങിയിരുന്നു. നഗരങ്ങളിൽ ദിവസങ്ങളായി റമദാൻ ഭക്ഷ്യവിഭവങ്ങളും പുടവകളും വാങ്ങി കൂട്ടാനുള്ള തിരക്കായിരുന്നു. നഗരങ്ങളിലും ഷോപ്പിങ് മാളുകളിലും അനുഭവപ്പെട്ട വീ൪പ്പുമുട്ടലിന് ഇന്നലെ അയവ് വന്നു. പ്രാ൪ഥന കഴിഞ്ഞെത്തിയ വിശ്വാസികൾ സുഹൃദ് ബന്ധം പുതുക്കാനും നാടുകളിലെ കുടുംബങ്ങളുമായി സംവദിക്കാനും സമയം കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.