വ്യാജ പൊലീസിന്റെ വിളയാട്ടം വീണ്ടും; മലയാളിക്ക് പണവും രേഖകളും നഷ്ടമായി
text_fieldsകുവൈത്ത് സിറ്റി: വ്യാജ പൊലീസ് ചമഞ്ഞെത്തിയവ൪ മഹ്ബൂലയിൽ ബഖാല നടത്തുന്ന മലയാളിയുടെ പണവും രേഖകളും തട്ടിയെടുത്ത് കടന്നു. നൂറുൽ ഫജ൪ ബഖാല നടത്തുന്ന കണ്ണൂ൪ മട്ടന്നൂ൪ ചാവശ്ശേരി സ്വദേശി അശ്റഫിനാണ് പണവും രേഖകളും നഷ്ടപ്പെട്ടത്. അശ്റഫിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തന്ത്രപൂ൪വം ഇവരുടെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ബലദിയയിൽ നിന്നെന്ന വ്യാജേന വാഹനത്തിൽ രണ്ടുപേരെത്തിയത്. കടയിലെത്തിയ ഇവ൪ ബലദിയ കാ൪ഡും ലൈസൻസും സിവിൽ ഐഡിയും ആവശ്യപ്പെട്ടു. അശ്റഫടക്കം മൂന്നുപേരുടെ സിവിൽ ഐഡി വാങ്ങിയെങ്കിലും മറ്റുരണ്ടുപേരുടേത് പരിശോധനക്ക് ശേഷം തിരിച്ചുനൽകി.
അശ്റഫിന്റെ സിവിൽ ഐഡിയും മറ്റ് രേഖകളും കൈക്കലാക്കിയ ഇവ൪ വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു. കുറച്ചുദൂരം പോയതിന് ശേഷം വീണ്ടും കടയിൽ തിരിച്ചെത്തി. മറ്റു രണ്ടുപേരെയും കയറ്റി മരുഭൂമിയിലെ വിജനമായ പ്രദേശത്ത് ഇറക്കിവിട്ടു. അശ്റഫിനെയും കൊണ്ട് വീണ്ടും തിരിച്ചെത്തി കട തുറക്കാൻ ആവശ്യപ്പെട്ടു. കടയുടെ ഫോട്ടോയും എടുത്തു. വാഹനത്തിലിരുന്നപ്പോൾ ഇവരുടെ സംസാരത്തിൽ നിന്ന് തട്ടിപ്പുകാരാണെന്ന് അശ്റഫിന് ബോധ്യമായിരുന്നു. വീണ്ടും വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ അശ്റഫ് തന്ത്രപൂ൪വം ഇവരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
കടയിലുണ്ടായിരുന്ന 175 ദീനാറും ടെലിഫോൺ കാ൪ഡുകളും സിവിൽ ഐഡിയും ലൈസൻസും ബലദിയ കാ൪ഡും നഷ്ടമായി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും പെരുന്നാൾ അവധിയായതിനാൽ നാല് ദിവസം കഴിഞ്ഞ് വരാനാണ് ആവശ്യപ്പെട്ടത്. ഏഴ് വ൪ഷമായി കുവൈത്തിലുള്ള അശ്റഫിന് ഇത് ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമാണ്.
അടുത്തിടെയായി ഇത്തരം സംഭവങ്ങൾ വ്യാപകമായത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിരവധി മലയാളികൾക്കും ഇങ്ങനെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണത്തിനും വില പിടിപ്പുള്ള സാധനങ്ങൾക്കും പുറമെ സിവിൽ ഐഡി മാത്രം ലക്ഷ്യമിട്ടും 'പൊലീസ്' തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. രാജ്യത്ത് അനധികൃത താമസക്കാ൪ക്കും മറ്റു നിയമ ലംഘക൪ക്കുമെതിരായ പരിശോധന ശക്തമാക്കിയതിന്റെ മറവിലാണ് ഇപ്പോൾ പൊലീസ് ചമഞ്ഞുള്ള തട്ടിപ്പ് വ൪ധിച്ചിരിക്കുന്നത്.
അടുത്തിടെ ഇത്തരക്കാരുടെ തട്ടിപ്പിൽ പല൪ക്കും വാഹനങ്ങളും സാധനങ്ങളും നഷ്ടമായിരുന്നു. അതേസമയം, സിവിൽ ഐഡി മാത്രം ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളും അടുത്തിടെ കൂടിയിട്ടുണ്ട്. മറ്റുള്ളവരുടെ സിവിൽ ഐഡി ഉപയോഗിച്ച് ഐ ഫോൺ, ഗാലക്സി തുടങ്ങിയ ഫോണുകൾ ക്രെഡിറ്റിൽ വാങ്ങുകയും മൊബൈൽ കണക്ഷനുകളെടുത്ത് വൻ തുക കുടിശ്ശിക വരുത്തുകയും ചെയ്യുന്ന റാക്കറ്റുകൾ സജീവമാണ്.
സിവിൽ ഐഡി പക൪പ്പ് മാത്രം ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഒറിജിനൽ സിവിൽ ഐഡി തന്നെയുണ്ടെങ്കിൽ ഇത് എളുപ്പമാണെന്നതിനാൽ പലരും ആളുകളെ ആക്രമിച്ചും മറ്റും അതിനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത്തരം തട്ടിപ്പിൽപ്പെട്ട നിരവധി മലയാളികൾ കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.