ഭാര്യയെ കൊന്ന പ്രതിയെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കി
text_fieldsകൊച്ചി: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവ൪ന്ന് രക്ഷപ്പെട്ട കേസിലെ പ്രതിയെ വെറുതെവിട്ട കീഴ്കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഭാര്യ ശോഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവല്ല കുറ്റപ്പുഴ സ്വദേശി വിജയനെ പത്തനംതിട്ട അഡീ. സെഷൻസ് കോടതി വെറുതെവിട്ട നടപടിയാണ് ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് ബി. കെമാൽപാഷ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. സാഹചര്യങ്ങൾ വേണ്ടവിധം പരിശോധിക്കാതെയും വസ്തുതകൾ കണക്കിലെടുക്കാതെയുമാണ് കീഴ്കോടതിയുടെ വിധിയുണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിയോട് കീഴടങ്ങാനും ഈ മാസം 21ന് ഉച്ചക്ക് ഒന്നിന് ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹാജരാവാനും ഉത്തരവിട്ടു.
1993 മേയ് 14ന് രാവിലെ 8.30നാണ് ശോഭയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൊല നടത്തിയ ശേഷം ശോഭയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും കമ്മലുകളും കൈക്കലാക്കി പ്രതി ഒളിവിൽ പോയെന്നാണ് കേസ്. ആദ്യം പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുട൪ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പ്രധാനമായും പ്രതിയുടെ മാതാവിൻെറയും, അയൽവാസിയും കൂലിപ്പണിക്കാരനുമായ യുവാവിൻേറയും മൊഴികളെ ആശ്രയിച്ച് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് നടത്തിയിരുന്നത്. പരസ്പരവിരുദ്ധമായ നിലപാടെടുക്കുന്ന യുവാവിൻേറയും പ്രതിയുടെ മാതാവിൻേറയും മൊഴികൾ അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാട്ടി സംശയത്തിൻെറ ആനുകൂല്യം നൽകിയാണ് കീഴ്കോടതി പ്രതിയെ വെറുതെവിട്ട് ഉത്തരവായത്.
ഒന്നാം സാക്ഷിയായ യുവാവ് പൊലീസിന് നൽകിയതും കോടതിയിൽ നൽകിയതുമായ മൊഴികൾ പരസ്പരവിരുദ്ധവും അവിശ്വസനീയവുമാണെന്ന കീഴ്കോടതിയുടെ കണ്ടെത്തൽ ന്യായീകരിക്കാനാവില്ലെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. കീഴ്കോടതി വിധിക്കെതിരെ സ൪ക്കാ൪ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.