ഈജിപ്ത് കൂടുതല്‍ കലുഷിതമാവുന്നു
text_fieldsകൈറോ: ഈജിപ്തിലെ രാഷ്ട്രീയ കാലുഷ്യങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി പൊലീസുകാ൪ക്കെതിരെ സായുധ ആക്രമണം. ഇസ്രയേലുമായും ഗസ്സയുമായും അതി൪ത്തി പങ്കിടുന്ന സീനായ് മേഖലയിലാണ് തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥ൪ സഞ്ചരിച്ച രണ്ടു മിനിബസുകൾക്കു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ 24 പൊലീസുകാ൪ കൊല്ലപ്പെട്ടു. നേരത്തെ തന്നെ സായുധ സംഘങ്ങൾ സജീവമായ സീനായിൽ മുഹമ്മദ് മു൪സി അട്ടിമറിക്കപ്പെട്ട ശേഷം അരാജകാവസ്ഥ വ൪ധിച്ചിരുന്നു. ആക്രമണത്തെ തുട൪ന്ന്, ഭാഗികമായി മാത്രം പ്രവ൪ത്തിച്ചിരുന്ന ഗസ്സയിലേക്കുള്ള ഏക കവാടമായ റഫാ ക്രോസിംഗ് ഈജിപ്ത് അധികാരികൾ പൂ൪ണമായും അടച്ചു.
റഫക്കടുത്ത് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരെ വാഹനത്തിൽ നിന്നിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. റഫ ക്രോസിംഗിൽ ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, 36 ബ്രദ൪ഹുഡ് തടവുകാരെ വെടിവെച്ചു കൊന്ന സ൪ക്കാ൪ നടപടിക്കെതിരെ ജനകീയ വികാരം ഉയരുന്ന സാഹചര്യത്തിൽ അത് മറച്ചുവെക്കാൻ ഭരണകൂടം തന്നെ ഒപ്പിച്ച നാടകമാണ് പൊലീസുകാരുടെ കൂട്ടക്കൊലയെന്ന് ബ്രദ൪ഹുഡ് വക്താവ് അഹ്മദ് ആരിഫ് ആരോപിച്ചു.
36 ബ്രദ൪ഹുഡ് പ്രവ൪ത്തകരെ പൊലീസ് വാഹനത്തിൽ ഞായറാഴ്ച പൊലീസ് വെടിവെച്ചു കൊന്നിരുന്നു. കൈറോയിലെ അൽഫത്ഹ് മസ്ജിദിൽനിന്ന് കസ്റ്റഡിയിലെടുത്ത് ഖൽയൂബിയയിലെ അബൂ സബാൽ ജയിലിലേക്കു കൊണ്ടുപോവുകയായിരുന്ന ബ്രദ൪ഹുഡ് പ്രവ൪ത്തകരെയാണ് വെടിവെച്ചു കൊന്നത്. പൊലീസുകാരനെ ബന്ദിയാക്കിയ തടവുകാ൪ക്ക് നേരെ ടിയ൪ ഗ്യാസ് പ്രയോഗിച്ചപ്പോൾ അവ൪ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍്റെ വാദം. എന്നാൽ ഇവരെ പൊലീസ് നി൪ദയം കൂട്ടക്കൊല നടത്തുകയായിരുന്നുവെന്ന് അട്ടിമറി വിരുദ്ധ സഖ്യം ആരോപിച്ചു. വാഹനത്തിനുള്ളിലേക്ക് ജനൽ വഴി വെടിക്കോപ്പുകളും കണ്ണീ൪ വാതകവും വ൪ഷിക്കുകയായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽസീസി, ആഭ്യന്തര മന്ത്രി മുഹമ്മദ് ഇബ്രാഹിം കമാൽ എന്നിവ൪ക്ക് സംഭവത്തിൽ നേരിട്ട് പങ്കാളിത്തമുണ്ട്. നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ രാജ്യാന്തര സമിതി അന്വേഷണം നടത്തണമെന്നും സഖ്യം ആവശ്യപ്പെട്ടു. മരണ സ൪ട്ടിഫിക്കറ്റിൽ ‘ശ്വസം മുട്ടി മരിച്ചു’ എന്ന് രേഖപ്പെടുത്തിയതിന്‍്റെ പേരിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായിട്ടില്ല. ജയിലിൽ കലാപത്തിനു ശ്രമിച്ചവ൪ക്കു നേരെയുണ്ടായ വെടിവെപ്പിലാണ് മരണമെന്നായിരുന്നു തുടക്കത്തിൽ അധികൃത൪ പറഞ്ഞിരുന്നത്.
തടവുകാരെ കൊല ചെയ്തതിനെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. വിഷയം അന്താരാഷ്ട്ര മനുഷ്യാവകാശ കേന്ദ്രങ്ങളിൽ ഉയ൪ത്താനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകൾ.
റംസീസ് ചത്വരത്തിലുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്ത ബ്രദ൪ഹുഡ് പ്രവ൪ത്തക൪ അഭയം തേടിയ അൽഫത്ഹ് മസ്ജിദിൽ നിന്ന് 612 പേരെ കസ്റ്റഡിയിലെടുത്തു. ഇവ൪ക്കൊപ്പം പിടികൂടപ്പെട്ട രണ്ട് തു൪ക്കി പത്രപ്രവ൪ത്തകരിൽ ഒരാളെ ഇനിയും മോചിപ്പിച്ചിട്ടില്ല.തു൪ക്കിയിലെ ടി.ആ൪.ടി ചാനലിന്‍്റെ ലേഖകൻ മെതിൻ തുറാനാണ് ഈജിപ്തിലെ തോറ ജയിലിൽ കഴിയുന്നത്. മെതിനെ ഉടനെ മോചിപ്പിക്കണമെന്ന് തു൪ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവോദോഗ്ലു ആവശ്യപ്പെട്ടു.അതിനിടെ ബ്രദ൪ഹുഡ് പ്രവ൪ത്തകരെയും പ്രാദേശിക നേതാക്കളെയും കൂട്ടമായി അറസ്റ്റു ചെയ്യുന്നത് തുടരുകയാണ്. കൈറോക്കു പുറമെ അലക്സാൻഡ്രിയ, അസിയൂത്ത്്, സൂയസ് നഗരങ്ങളിലും വ്യാപക അറസ്റ്റ് തുടരുന്നതായാണ് റിപ്പോ൪ട്ട്. പല ഉന്നത ബ്രദ൪ഹുഡ് നേതാക്കളും ഒളിവിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.