ഫ്ളാറ്റ് ടി.വിക്ക് 36.05 ശതമാനം നികുതി; പ്രവാസിക്ക് വീണ്ടും തിരിച്ചടി
text_fieldsദുബൈ: എയ൪ ഇന്ത്യ എക്സ്പ്രസിൽ അനുവദിച്ച ബാഗേജിൻെറ തൂക്കം 30 കിലോയിൽ നിന്ന് 20 ആക്കികുറച്ചതിന് പിന്നാലെ പ്രവാസികൾക്ക് കേന്ദ്ര സ൪ക്കാരിൽ നിന്ന് വീണ്ടും ഇരുട്ടടി. വിദേശത്തുനിന്ന് ഫ്ളാറ്റ് സ്ക്രീൻ ടി.വി (പ്ളാസ്മ,എൽ.ഇ.ഡി,എൽ.സി.ഡി) കൊണ്ടുവരാൻ 36.05 ശതമാനം നികുതി ഏ൪പ്പെടുത്തിയാണ് കഴിഞ്ഞദിവസം ഉത്തരവിറങ്ങിയത്.
നിലവിൽ 35,000 രൂപ വരെ വിലയുള്ള ഇത്തരം ടി.വികൾ സ്വന്തം ഉപയോഗത്തിനായി ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാമായിരുന്നു. അനുവദനീയമായ ബാഗേജിൽ ഇതും ഉൾപ്പെടുത്തുമായിരുന്നു. എന്നാൽ രൂപയുടെ വിലയിടിവ് തടയുന്നതിൻെറ ഭാഗമായി ആഗസ്റ്റ് 26 മുതൽ ഇവക്ക് 35 ശതമാനം ചുങ്കവും അതിൻെറ മൂന്നു ശതമാനം വിദ്യഭ്യാസ സെസും നൽകണം. അതായത് ടി.വി വിലയുടെ 36.05 ശതമാനം പ്രവാസി മൊത്തം നികുതി നൽകേണ്ടിവരും. ഇതുസംബന്ധിച്ച കേന്ദ്ര റവന്യു മന്ത്രാലയത്തിൻെറ വിജ്ഞാപനം ഇന്നലെ പാ൪ലമെൻറിൽ വെച്ചു.
ഇവക്ക് നികുതി ചുമത്തണമെന്നത് ഇന്ത്യയിലെ ടെലിവിഷൻ ഡീല൪മാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. വ൪ഷത്തിൽ പത്തു ലക്ഷത്തിലേറെ ഫ്ളാറ്റ് സ്ക്രീൻ ടി.വികൾ പ്രവാസികൾ വഴി നാട്ടിലെത്തുന്നുണ്ടെന്നാണ് കേന്ദ്രസ൪ക്കാരിൻെറ കണക്ക്. കൂടുതലും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു ഇതിൻെറ വരവ്. മലയാളികൾ ധാരാളമായി ഇത്തരം ടി.വികൾ നാട്ടിൽകൊണ്ടുപോയിരുന്നു. പുതിയ നികുതി വരുന്നതോടെ ഇവയുടെ വിൽപ്പനയിൽ ഗൾഫ് രാജ്യങ്ങളിൽ കാര്യമായ കുറവുണ്ടാകും.
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന വിമാന യാത്രക്കാരിൽ മിക്കവരുടെയും പക്കൽ എൽ.സി.ഡി ടെലിവിഷൻ ഉണ്ടാവാറുണ്ടെന്ന് ദുബൈ വിമാനത്താവളത്തിലെ ഒരു ജീവനക്കാരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നിരവധി പേ൪ നാട്ടിൽ കൊണ്ടുപോകാനായി ഇത്തരം ടി.വികൾ വാങ്ങിവെച്ചിട്ടുമുണ്ട്. പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിക്കുമ്പോൾ വാങ്ങിവെച്ചവരും സമ്മാനം കിട്ടിയവരുമെല്ലാമുണ്ട്.ഇവരെല്ലാം ഇത് നാട്ടിലെത്തിക്കാൻ വൻതുക നികുതിയടക്കേണ്ടിവരും.
ഇടക്കിടെ ടെലിവിഷനുമായി നാട്ടിൽ പോയി വിൽപ്പന നടത്തുന്നവരുമുണ്ട്. ചിലരെല്ലാം ഇതിൻെറ ‘കരിയ൪’മാരായി പ്രതിഫലം പറ്റുകയും ചെയ്തിരുന്നു. ദിവസം ആയിരത്തോളം ഫ്ളാറ്റ് സ്ക്രീൻ ടി.വികൾ വിദേശ ഇന്ത്യക്കാ൪ നാട്ടിലേക്ക് കൊണ്ടുപോകുന്നതായാണ് അസോസിയേറ്റഡ് പ്രസ് വാ൪ത്താ ഏജൻസി ഇന്നലെ പുറത്തുവിട്ട കണക്ക്.
ധനകമ്മി കുറക്കുന്നതിൻെറ ഭാഗമായി സ്വ൪ണം, വെള്ളി മുതലായവയുടെ ഇറക്കുമതി ചുങ്കം 10ശതമാനമായി ഈയിടെ വ൪ധിപ്പിച്ചിരുന്നു. ഫ്ളാറ്റ് സ്ക്രീൻ ടി.വിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിനെതിരെ പ്രവാസികൾ പ്രതിഷേധമുയ൪ത്തിക്കഴിഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശ൪മക്കും പ്രവാസികാര്യ മന്ത്രി വയലാ൪ രവിക്കും പ്രവാസി ബന്ധു വെൽഫയ൪ ട്രസ്റ്റ് ചെയ൪മാൻ കെ.വി.ഷംസുദ്ദീൻ നിവേദനം അയച്ചിട്ടുണ്ട്.
എന്നാൽ തക൪ന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താൻ ഉചിതമായ നടപടിയാണിതെന്ന് മാധ്യമ പ്രവ൪ത്തകയായ പ്രമീള ഗോവിന്ദ് പറഞ്ഞു. ഇത്തരം ടി വി ആഡംബര വസ്തുവാണെന്നും അതിനു നികുതി ചുമത്തിയതിൽ തെറ്റില്ലെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
എയ൪ ഇന്ത്യ എക്സ്പ്രസ് ബാഗേജ് തൂക്കം കുറച്ചതിൽ ഗൾഫിലെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് പുതിയ തീരുമാനം. പ്രതിഷേധത്തെ തുട൪ന്ന് 20 കിലോയിൽ അധികം വരുന്ന ബാഗേജിന് 10 കിലോവിന് 30 ദി൪ഹം ഈടാക്കിയാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.