സരയൂതീരത്തെ സംഘ് നാടകം
text_fieldsന്യൂദൽഹി: 8000 പൊലീസുകാ൪ കാവലൊരുക്കിയപ്പോൾ പൊളിഞ്ഞത് തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകൾ ധ്രുവീകരിക്കാൻ വി.എച്ച്.പി കാ൪മികത്വത്തിൽ സരയൂതീരത്ത് ഒരുക്കിയ സംഘ് നാടകം. ബാബരി പള്ളി തക൪ത്തുണ്ടാക്കിയ താൽക്കാലിക ക്ഷേത്രത്തിലെ മഹന്ത് അടക്കമുള്ള സന്യാസിമാ൪ വി.എച്ച്.പിയുടേത് രാഷ്ട്രീയ യാത്രയാണെന്ന് വിമ൪ശിച്ചതും സംഘ്പരിവാറിന് തിരിച്ചടിയായി.
സ൪ക്കാറിൻെറ നിരോധത്തെയും കോടതി അതിന് നൽകിയ അംഗീകാരത്തെയും വെല്ലുവിളിച്ച് എന്തുവിലകൊടുത്തും സരയൂ നദീതീരത്ത് ‘84 കോസി പരിക്രമ’ക്ക് തുടക്കം കുറിക്കുമെന്നായിരുന്നു വി.എച്ച്.പിയുടെ അവകാശ വാദം. ബാബരി മസ്ജിദ് തക൪ത്ത ഭൂമിക്ക് ചുറ്റിലും 84 (ചൗരാസി) കിലോമീറ്റ൪ പ്രദക്ഷിണം നടത്തി രാമക്ഷേത്ര പ്രസ്ഥാനത്തെ തെരഞ്ഞെടുപ്പിന് മുമ്പായി പുനരുജ്ജീവിപ്പിക്കുകയായിരുന്നു വി.എച്ച്.പിയുടെ ലക്ഷ്യം. എന്നാൽ നാടകീയ സംഭവങ്ങൾക്കിടയിൽ യാത്രക്കത്തെിയ മുഴുവൻ സംഘ്പരിവാ൪ നേതാക്കളെയും അറസ്റ്റ് ചെയ്ത് ഉത്ത൪പ്രദേശ് സ൪ക്കാ൪ ആ൪.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കുകയായിരുന്നു.
മുതി൪ന്ന നേതാക്കൾക്ക് അയോധ്യയിലത്തൊനുള്ള എല്ലാ വഴികളും തടഞ്ഞുവെന്ന് സ൪ക്കാ൪ ആശ്വസിച്ചതിനിടയിലാണ് പൊലീസിനെ വെട്ടിച്ച് തൊഗാഡിയ അയോധ്യയിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്. രാവിലെ പത്തിന് ഗോലഘട്ടിലെ ആശ്രമത്തിൽ നിന്ന് ജയ്ശ്രീരാം വിളികളുമായി അനുയായികൾക്കൊപ്പം തൊഗാഡിയ പ്രത്യക്ഷപ്പെട്ടു. ഉടൻ ജില്ലാ മജിസ്ട്രേറ്റ് വിപിൻ ദ്വിവേദിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഗോലഘട്ടിലേക്ക് കുതിച്ചു. ഗോലഘട്ടിൻെറ ഏതാനും പടികൾ കയറിയപ്പോഴേക്കും തൊഗാഡിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഗാഡിയയുടെ അറസ്റ്റ് തടസ്സപ്പെടുത്താൻ നോക്കിയ വി.എച്ച്.പി സന്യാസിമാരെയും പ്രവ൪ത്തകരെയും മജിസ്ട്രേറ്റിൻെറ നി൪ദേശ പ്രകാരം അറസ്റ്റ് ചെയ്ത് നീക്കി.
ഒളിതന്ത്രം പരാജയപ്പെട്ടതിൽ പ്രകോപിതനായ തൊഗാഡിയ സന്യാസിമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യമൊട്ടുക്കും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അന്തരീക്ഷം വഷളാക്കിയത് യു.പി സ൪ക്കാറാണെന്നും അയോധ്യയെ പ്രദക്ഷിണം ചെയ്യുകയെന്ന മതപരമായ ചടങ്ങ് നിരോധിച്ചതിലെ പാപമാണ് സ൪ക്കാ൪ ചെയ്തതെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. അപ്പോഴേക്കും പൊലീസ് തൊഗാഡിയയെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി. എന്തു വില കൊടുത്തും രാമക്ഷേത്രം നി൪മിക്കുമെന്ന് വാഹനത്തിനുള്ളിൽ നിന്ന് തൊഗാഡിയ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഈ വ൪ഷത്തെ കുംഭമേളയിലാണ് യാത്ര നടത്താനുള്ള തീരുമാനമെടുത്തത്. ഈ മാസം 17 വരെ യാത്ര നടത്താമെന്ന നിലപാടിലായിരുന്നു അഖിലേഷ് യാദവ് സ൪ക്കാറെന്ന് വീട്ടുതടങ്കലിലായ വിവാദ യാത്രയുടെ കൺവീന൪ സ്വാമി ചിന്മയാനന്ദ അവകാശപ്പെട്ടു. രണ്ട് മണിക്കൂ൪ അഖിലേഷുമായി വി.എച്ച്.പി നേതാക്കൾ ച൪ച്ച നടത്തുകയും ചെയ്തിരുന്നു. പിന്നീട് യു.പി മന്ത്രി അഅ്സം ഖാന് മുന്നിൽ മുലായം സിങ് യാദവും സമാജ്വാദി പാ൪ട്ടിയും മുട്ടുമടക്കുകയാണുണ്ടായതെന്നും ചിന്മയാനന്ദ കുറ്റപ്പെടുത്തി.
വി.എച്ച്.പി യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് പള്ളി പൊളിച്ചുണ്ടാക്കിയ താൽക്കാലിക ക്ഷേത്രത്തിലെ മഹന്ത് ആചാര്യ സത്യേന്ദ്ര വിമ൪ശിച്ചു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഹിന്ദുവോട്ട് കിട്ടാനാണ് യാത്ര സംഘടിപ്പിച്ചതെന്ന് അദ്ദേഹം വിമ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.