ഗതാഗതക്കുരുക്ക് രൂക്ഷമാക്കി കുറുന്തോട്ടയം പാലം
text_fieldsപന്തളം: ജങ്ഷനിൽ ഗതാഗതക്കുരുക്കിന് കാരണമായ എം.സി റോഡിലെ കുറുന്തോട്ടയം ചെറിയപാലം വീതികൂട്ടി പണിയണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ ജനകീയവികസനസമിതി ധ൪ണനടത്തും.എം.സി റോഡ് വികസനത്തോടനുബന്ധിച്ച് പന്തളം ജങ്ഷൻ നാലുവശത്തേക്കുമുള്ള റോഡുകൾ വീതി കൂട്ടിയിരുന്നെങ്കിലും ചെറിയപാലം വികസിപ്പിച്ചില്ല.
പാലത്തിന് വീതി കുറഞ്ഞത് തിരക്കേറിയ ദിവസങ്ങളിൽ ജങ്ഷൻ കടന്നുകിട്ടാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും നി൪മാണച്ചുമതലയുള്ള കെ.എസ്.ടി.പി അധികൃത൪ കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല. ജങ്ഷൻ ബെൽമൗത്ത് രീതിയിൽ പണിയുന്നതോടോപ്പം പാലവും വികസിപ്പിക്കുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ, ജങ്ഷനിൽ പിന്നീട് ബെൽമൗത്ത് ഡിസൈൻ കെ.എസ്.ടി.പി ഉപേക്ഷിക്കുകയായിരുന്നു അതോടൊപ്പം പാലം വീതി കൂട്ടിയതുമില്ല. 50 വ൪ഷത്തിലേറെ പഴക്കമുള്ള പാലം നി൪മിച്ച കാലത്ത് പാലത്തിന് റോഡുമായി ആനുപാതിക വീതിയുണ്ടായിരുന്നു. റോഡിലും ജങ്ഷനിലും ഇത്രയേറെ വാഹനത്തിരക്കുമുണ്ടായിരുന്നില്ല.
ഒരുവ൪ഷം മുമ്പ് പാലത്തിന് വീതികൂട്ടി പുന൪ നി൪മിക്കുമെന്ന് പ്രഖ്യാപിച്ച് മണ്ണ് പരിശോധന നടത്തിയിരുന്നെങ്കിലും കെ.എസ്.ടി.പി പിന്നീട് തിരിഞ്ഞുനോക്കിയില്ല. കൊറിയൻ ടെക്നോളജി, സ്റ്റീൽ പാലം എന്നിവയുടെ സാധ്യതകൾ പരിശോധിക്കുമെന്ന് എം.പിയടക്കമുള്ളവ൪ മാധ്യമങ്ങളോട് പറഞ്ഞിട്ടും ഫലം കണ്ടിട്ടില്ല.
സായാഹ്നധ൪ണയുടെ പ്രചാരണത്തിന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ മെഡിക്കൽ മിഷൻ ജങ്ഷൻ മുതൽ പന്തളം ടൗണിൽ വരെ ജനകീയ വികസന സമിതി ഭാരവാഹികളും അംഗങ്ങളും പബ്ളിക് കാമ്പയിൻ നടത്തുമെന്ന് ചെയ൪മാൻ കെ.പി.ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ കൺവീന൪ കെ.ആ൪. രവി,കെ.എം.ജലീൽ എന്നിവ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.