ഐസ്ക്രീം: റഊഫിന്‍െറ വെളിപ്പെടുത്തല്‍ ഗൗരവമേറിയതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഐസ്ക്രീം കേസന്വേഷണം അട്ടിമറിക്കാൻ ജഡ്ജിമാരെയും നീതിനി൪വഹണ സംവിധാനങ്ങളെയുമുൾപ്പെടെ സ്വാധീനിച്ചെന്ന കെ. എ. റഊഫിൻെറ വെളിപ്പെടുത്തൽ ഗൗരവമേറിയതെന്ന് ഹൈകോടതി.
ആരോപണം ശരിയോ തെറ്റോ ആകട്ടെ. അസാധാരണമായ ഈ വെളിപ്പെടുത്തലിൻെറ ആഴം അവഗണിക്കാനാകില്ല. ജനാധിപത്യത്തിൻെറ നെടുംതൂണുകളായ ഭരണ, നീതിനി൪വഹണ സംവിധാനങ്ങൾക്കെതിരായ ഈ ആരോപണങ്ങൾ ഈ സംവിധാനങ്ങളെ ക്ഷയിപ്പിക്കാൻ പര്യാപ്തമായവയാണ്. വെളിപ്പെടുത്തൽ ശരിയെങ്കിൽ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയിളക്കി അന്ധകാരത്തിലേക്കെത്തിക്കും.
ആരോപണം ശരിയെന്ന് ബോധ്യമായാൽ ഗൗരവതരമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് കടുത്ത നടപടി സ്വീകരിക്കണം. തെറ്റെങ്കിൽ നിയമ നടപടി നേരിടൽ മാത്രമല്ല, സമൂഹത്തോട് ഉത്തരം പറയാനുള്ള ബാധ്യതയും ആരോപണമുന്നയിച്ചവ൪ക്കുണ്ടെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
ഐസ്ക്രീം കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ ആവശ്യം തള്ളിയ വിധിന്യായത്തിലാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻെറ നിരീക്ഷണം.
അഭിഭാഷകരെയും സാക്ഷികളെയും ജഡ്ജിമാരെയും പണവും അധികാരവും നൽകി സ്വാധീനിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഇതിന് മന്ത്രിക്കൊപ്പം താനും കൂട്ടുനിന്നുവെന്നാണ് റഊഫിൻെറ വെളിപ്പെടുത്തൽ. ഐസ്ക്രീം കേസ് ഓരോ കോടതികളും കടന്ന് സുപ്രീം കോടതിയും തള്ളിയ കേസാണ്. പക്ഷേ ഓരോ ഘട്ടത്തിലും ഇരകളായവരുടെയും കുറ്റവാളികളായവരുടെയും വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പുതിയ പൊതുതാൽപര്യ ഹരജികളായി വരികയാണ്. വിചാരണവേളയിൽ കോടതിക്ക് നൽകിയ മൊഴി തിരുത്തി പീഡനത്തിന് ഇരയായ ചില പെൺകുട്ടികളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ കക്ഷി ചേരാനെത്തി.
പീഡനത്തിനിരയായെങ്കിലും മന്ത്രിയടക്കമുള്ളവരെ രക്ഷിക്കാൻ മൊഴി മാറ്റിപ്പറയാൻ സ്വാധീനത്തിന് വിധേയരായെന്നാണ് ഇവരുടെ പുതിയ മൊഴി. സ്വമേധയായുള്ള ഈ മൊഴിമാറ്റവും ഭയാനകമായ അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ട കോടതി ഇത് സംബന്ധിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.