നിന്ദയല്ല, നന്ദി മാത്രം
text_fieldsഡോ. മഹ്മൂദ് നെയ്യാ൪ അസമിൻെറ കദനകഥ എപ്പോഴെങ്കിലും കേൾക്കാനിടയായിട്ടുണ്ടോ? ഛത്തിസ്ഗഢ് സംസ്ഥാനത്തിലെ പോണ്ടി എന്ന പ്രദേശത്ത് ബി.എ.എം.എസ് ഡിഗ്രിയെടുത്ത് ദു൪ബല വിഭാഗങ്ങളെ സേവിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ. അസം. ബലഹീനരായ ജനവിഭാഗത്തെ ചൂഷണം ചെയ്യുന്നതിനെതിരെ അവരെ സംഘടിപ്പിച്ച് ശബ്ദമുയ൪ത്താൻ അദ്ദേഹം മുൻനിരയിൽ നിന്നു. കൽക്കരി മാഫിയക്ക് അത് സഹിക്കാനായില്ല. ട്രേഡ് യൂനിയൻ നേതാക്കൾപോലും പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, തങ്ങളുടെ നിലനിൽപിനും സ്ഥാപിതതാൽപര്യങ്ങൾക്കും ഭീഷണിയായിത്തീ൪ന്ന അസമിനെ ഭീഷണിപ്പെടുത്തിയും സമ്മ൪ദതന്ത്രങ്ങളിലൂടെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയംകണ്ടില്ല.
നിരന്തരമായ കള്ളക്കേസുകളിൽ അദ്ദേഹത്തെ കുടുക്കുകയും ഭീകരമായ മ൪ദനത്തിന് വിധേയനാക്കുകയും ചെയ്തു. വൈദ്യുതി മോഷണം തുടങ്ങിയ കുറ്റങ്ങളായിരുന്നു അദ്ദേഹത്തിൻെറമേൽ ചുമത്തിയത്. അവസാനം ബൈകുന്തപ്പൂ൪ ജയിലിലേക്ക് അയക്കണമെന്ന മജിസ്ട്രേറ്റിൻെറ ഉത്തരവ് ലംഘിച്ച് അദ്ദേഹത്തെ പോണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് അധിക്ഷേപിക്കുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്തശേഷം ‘ഞാൻ ഡോ. അസം ചതിയനാണ്, വഞ്ചകനാണ്, മോഷ്ടാവാണ്, നെറികെട്ടവനാണ്’ എന്ന ഫോട്ടോയോടുകൂടി പ്ളക്കാ൪ഡ് പിടിപ്പിച്ച് തെരുവിലൂടെ നടത്തുകയും ആ ഫോട്ടോ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു. തൻെറ ദുരനുഭവത്തെപ്പറ്റി ദേശീയ മനുഷ്യാവകാശ കമീഷനെ അദ്ദേഹം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം ജീവിക്കാനുള്ള മൗലികാവകാശം ലംഘിച്ചുവെന്ന് ആരോപിച്ച് ഛത്തിസ്ഗഢ് ഹൈകോടതിയെ സമീപിക്കുകയും നഷ്ടപരിഹാരം നൽകാൻവേണ്ടി സ൪ക്കാറിന് നിവേദനം കൊടുക്കാൻ കോടതി നി൪ദേശിക്കുകയും ചെയ്തു. ഒട്ടും സംശയിക്കാതെ സ൪ക്കാ൪ ആ നിവേദനം നിരാകരിച്ചു.
തുട൪ന്ന് രാജ്യത്തെ ഏറ്റവും വലിയ കോടതിയെ സമീപിച്ചപ്പോൾ അദ്ദേഹത്തിന് അഞ്ചുലക്ഷം രൂപ ആറാഴ്ചക്കകം നഷ്ടപരിഹാരമായി നൽകണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിയിലൂടെ സുപ്രീംകോടതി നി൪ദേശിച്ചു. ഡോ. അസമിനുണ്ടായ മാനസികപീഡനത്തെ പരാമ൪ശിച്ചും അതൊക്കെ സഹിച്ച് അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തെ അനുസ്മരിച്ചുമാണ് സുപ്രീംകോടതി വിധിന്യായം അവസാനിപ്പിച്ചത്. ‘ജീവിതത്തിൻെറ യശസ്സ്’ എന്ന പ്രശസ്തമായ, ആൽബ൪ട്ട് ഷുവൈസ്റ്റ൪സറുടെ (1952ൽ നൊബേൽ സമ്മാനാ൪ഹനാണ് അദ്ദേഹം) പുസ്തകത്തിൽനിന്ന് ഉദ്ധരണികൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധിന്യായം. നി൪ഭാഗ്യവശാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2006ലെ മുംബൈ തീവണ്ടി സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ 13 മുസ്ലിം ചെറുപ്പക്കാരെ (അവരധികവും സിമിയുമായി ബന്ധപ്പെട്ടവരാണെന്ന് പറയുന്നു) കളവായി പ്രതികളാക്കി. 2008ലെ ജയ്പൂ൪ സ്ഫോടനത്തിൽ ഇത് ആവ൪ത്തിച്ചു. ഉത്ത൪പ്രദേശിൽ 2005ലും 2008ലും വിവിധ ഭാഗങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ ഒരു ഡസനിലധികം മുസ്ലിം യുവാക്കളെ പ്രതിചേ൪ത്തു. പിന്നീടാണ് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചത്- ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണ് സ്ഫോടനങ്ങളുടെ പിന്നിലെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരല്ല എന്നും. യഥാ൪ഥ കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനും അവരുടെ പ്രേരകശക്തികളെയോ സംഘടനകളെയോ അന്വേഷണം വഴി തിരഞ്ഞുപിടിക്കുന്നതിനും പകരം രാജ്യത്തിൻെറ നാനാഭാഗത്തും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാ൪ വിചാരണപോലും നേരിടാതെ ജയിലുകളിൽ കഴിയേണ്ട ദുരവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴി മുംബൈ സ്ഫോടനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് യഥാ൪ഥ കുറ്റവാളികളാരെന്ന് അറിയാൻപോലുമുള്ള അവകാശം നിഷേധിക്കപ്പെടുന്നു. സംശയത്തിൻെറ സൂചികൾ നിരപരാധികളുടെ നേ൪ക്ക് നീളുന്നു. വിദ്വേഷത്തിൻെറ വിത്തുകൾ പാകാൻ ഇത് വഴിവെക്കുന്നു. നിരപരാധികളെ തെറ്റായി കസ്റ്റഡിയിലെടുത്തശേഷം പറഞ്ഞുപഠിപ്പിച്ച സാക്ഷികൾ വഴിയും മ൪ദനരീതികളിലൂടെ സമ്പാദിച്ച കുറ്റസമ്മതമൊഴികളുടെ പിൻബലത്തിലും അവരെ ശിക്ഷിപ്പിക്കാൻ പരിശ്രമിക്കുന്നു. സമീപകാലത്ത് ഇന്ത്യൻ പൗരനായ ഉത്ത൪പ്രദേശ് നിവാസി ഖാലിദ് മുജാഹിദ് ആറുകൊല്ലത്തെ ജയിൽവാസത്തിനിടയിൽ മരിക്കുകയുണ്ടായി. അദ്ദേഹത്തിൻെറ നിരപരാധിത്വം പിന്നീടാണ് വെളിവായത്.
ഈ സംഭവങ്ങൾ ഭാവനാസൃഷ്ടിയല്ല. ഭരണഘടനയും നിയമവാഴ്ചയും നിലനിൽക്കുന്നുവെന്നും അവ മഹത്തരമാണെന്നും കൊട്ടിഘോഷിക്കപ്പെടുന്ന ഒരു ജനാധിപത്യ രാജ്യത്തുണ്ടാവുന്ന യഥാ൪ഥ സംഭവങ്ങളാണ്. ആശിഷ് ഖേതാൻ എന്ന പ്രശസ്ത പത്രപ്രവ൪ത്തകൻ ഈ വസ്തുതകളെല്ലാം ഒരു പൊതുതാൽപര്യ ഹരജി വഴി ബോംബെ, അലഹബാദ് ഹൈകോടതികൾക്കുമുന്നിൽ ബോധിപ്പിച്ചിട്ടുണ്ട്. അവയുടെ ഗതി എന്തായെന്ന് അറിയാനായിട്ടില്ല.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും നിരപരാധിയായ ഒരാൾപോലും ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാന പ്രമാണത്തിൽ വിശ്വസിക്കുന്ന ദണ്ഡനീതിയാണ് നമ്മുടേത്. എന്നിട്ടും നി൪ദോഷികളും നിരപരാധികളുമായ ചെറുപ്പക്കാ൪ വിചാരണപോലുമില്ലാതെ (പ്രത്യേകിച്ചും അവ൪ ചില സമുദായങ്ങളിൽ ജനിച്ചു എന്ന ഏക കാരണത്താൽ) ജയിലറകളിൽ കഴിഞ്ഞുവരുന്നു എന്നത് ഒരു പരിഷ്കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം ലജ്ജാവഹമല്ളേ? എന്നിട്ടും അത് തുട൪ന്നുകൊണ്ടേയിരിക്കുന്നു.
ഈ ലേഖകൻ ആ സമുദായത്തിൽ ജനിക്കാത്തതുകൊണ്ട് ഈ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ല. പക്ഷേ, സ്വന്തം മക്കളോ സഹോദരങ്ങളോ ഭ൪ത്താക്കന്മാരോ ദീ൪ഘകാലം ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കഴിയുന്നതിനെപ്പറ്റി പരിതപിച്ചുകഴിയുന്ന പരസഹസ്രം സ്ത്രീജനങ്ങൾക്ക് ശബ്ദിക്കാൻപോലുമുള്ള സംവിധാനം ഈ രാജ്യത്ത് ഇന്നില്ല. അങ്ങനെ ചെയ്താൽ അവരും കുറ്റക്കാരായി ചിത്രീകരിക്കപ്പെടും, ഭീകരവാദികളാക്കപ്പെടും. നമ്മുടെ ഭരണഘടനയുടെ ആത്മാവായ അഭിപ്രായ സ്വാതന്ത്ര്യവും ഈ വിഭാഗക്കാ൪ക്ക് നിഷേധിക്കുന്നത് നീതിയാണോ? ഭരണഘടന പ്രദാനം ചെയ്യുന്ന തുല്യതാ തത്ത്വങ്ങൾക്ക് കടകവിരുദ്ധമല്ളേ ഈ സ്ഥിതിവിശേഷം? എന്നിട്ടും ആരെങ്കിലും ചില൪ ഒന്നു മുരളുകപോലും ചെയ്താൽ അവ൪ ഭീകരവാദികളോ അല്ളെങ്കിൽ അവരെ സഹായിക്കുന്നവരോ ആയി മുദ്രകുത്തപ്പെടും. ശ്വാസംമുട്ടുന്ന ഈ അന്തരീക്ഷം നിലനിൽക്കുന്നത് നമ്മുടെ രാജ്യത്തിൻെറ ഐക്യത്തിനും അഖണ്ഡതക്കും അനുയുക്തമാണോ? മറിച്ച് വൈരാഗ്യത്തിൻെറയും വിദ്വേഷത്തിൻെറയും വിത്തുകൾ നി൪മല മനസ്സുകളിൽ പാകുന്നതിന് വഴിയുണ്ടാക്കിക്കൊടുക്കുന്ന പ്രക്രിയയല്ളേ?
അജ്മൽ കസബിൻെറയോ അഫ്സൽ ഗുരുവിൻെറയോ ചെയ്തികൾ ആരും ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ നിയമസംവിധാനം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും അവ൪ക്ക് നൽകപ്പെട്ടു. പക്ഷേ, രാജ്യത്തിൻെറ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വിദഗ്ധമായ ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഭരണഘടനയുടെ 21ാം അനുച്ഛേദത്തിൻെറ പിൻബലത്തിൽ വധശിക്ഷ പുന$പരിശോധിക്കണമെന്ന അപേക്ഷയുമായി കോടതികളെ സമീപിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. എന്തേ കസബിനും അഫ്സൽ ഗുരുവിനും മാത്രം ഇത് നിഷേധിച്ചത്? രാജ്യത്തെ ജനങ്ങളിൽ അസ്വസ്ഥരായ ഒരു വിഭാഗത്തിന് ഈ ചോദ്യം ചോദിക്കണമെന്നുണ്ട്. പക്ഷേ, അവ൪ ഭയപ്പെടുന്നു. തങ്ങളെ ഒറ്റപ്പെടുത്തുമോ എന്ന ഭയാശങ്ക അവരിൽ നിലനിൽക്കുന്നു. ഈ രാജ്യത്ത് ഓരോ പൗരനും നി൪ഭയമായി അഭിപ്രായ പ്രകടനം നടത്താൻ സ്വാതന്ത്ര്യമുള്ളപ്പോൾ അവരിൽ സാമാന്യേന ഒരു വലിയ വിഭാഗത്തെ സംശയത്തിൻെറ മുൾമുനയിൽ നി൪ത്തി ഒറ്റപ്പെടുത്താനും വെറുക്കാനും ശ്രമിക്കുന്നത് ഐശ്വര്യപൂ൪ണമായ ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സഹായകമാവുമോ? രാഷ്ട്രനി൪മാണത്തിൻെറ മുഖ്യധാരയിലേക്ക് ഭയാശങ്കകളില്ലാതെ അവരെക്കൂടി ആക൪ഷിക്കുന്നതല്ളേ അഭികാമ്യമായ രീതി?
എന്തു കാരണം പറഞ്ഞാണ് അവരെ വെറുക്കാൻ ആവശ്യപ്പെടുന്നത്? ഈ രാജ്യത്ത് ജനിച്ചുവള൪ന്ന്, ഇവിടത്തെ കാലാവസ്ഥയും അന്തരീക്ഷവുമായി ഇഴുകിച്ചേ൪ന്ന്, ഇവിടത്തെ ജീവിതരീതികൾ അനുവ൪ത്തിച്ചുപോരുന്നവരെ- സുഖദു$ഖങ്ങളിൽ ഒരുപോലെ പങ്കാളികളാകുന്നവരെ -അവ൪ അവലംബിക്കുന്ന ആരാധനാരീതിമാത്രം, വെച്ചുപുല൪ത്തുന്ന വിശ്വാസപ്രമാണങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി വെറുക്കാൻ പറയാൻ ആ൪ക്കെങ്കിലും അവകാശമുണ്ടോ? ഒഡിഷയിലെ നിയാംഗറിലെ ആദിവാസികൾ ധാതുസമ്പുഷ്ടമായ അവരുടെ ഭൂമിയും വിശ്വാസങ്ങളും ബഹുരാഷ്ട്ര കുത്തകകൾ തട്ടിയെടുക്കുന്നതിനെതിരെ നടത്തിയ പരിശ്രമങ്ങൾ ഫലം കാണാഞ്ഞപ്പോൾ മാവോയിസത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോടതികളിൽനിന്നും സ൪ക്കാറിൽനിന്നും അവ൪ക്ക് കിട്ടാത്ത നീതി ആയുധം വഴി നേടാനാണ് അവ൪ ശ്രമിക്കുന്നത്. പാ൪ശ്വവത്കരിക്കപ്പെട്ടവരെയും നിരന്തരമായി നീതി നിഷേധിക്കപ്പെടുന്നവരെയും അനുവദനീയമല്ലാത്ത അപകടകരമായ മാ൪ഗങ്ങൾ അവലംബിക്കാൻ നി൪ബന്ധിക്കുന്നത് തികച്ചും അനഭിലഷണീയമാണ്. തീവ്രവാദികൾ ജനിക്കുന്നില്ല, സൃഷ്ടിക്കപ്പെടുകയാണ്.
കൂട്ടത്തിൽ തികച്ചും വ്യക്തിപരമായ പക്ഷേ, പ്രസക്തമായ ഒരു ചോദ്യം ചോദിച്ചോട്ടെ. എൻെറ ബാല്യകാലത്ത് തോളിലേറ്റി നടന്നിരുന്ന, ഞങ്ങളുടെ തറവാട്ടിലെ തേങ്ങ കൂട്ടിയിട്ടിരുന്ന മുഹമ്മദിനെയും അതിന് സഹായിച്ചിരുന്ന സൈനബയെയും (‘മാനേ ചക്കരേൻെറ കണ്ടംമേണോ’ എന്നുചോദിച്ചിരുന്ന, സ്നേഹിക്കാനും അനുസരിക്കാനും ആദരിക്കാനും മാത്രം അറിയാമായിരുന്ന ഒരു നിഷ്കളങ്ക സ്ത്രീ) ഒക്കെ നിന്ദിക്കാനും സംശയിക്കാനും പറഞ്ഞാൽ എനിക്കെങ്ങനെ സാധിക്കും? ഒരിക്കലുമില്ല- അവരോടെനിക്ക് എന്നും നന്ദി മാത്രം, നന്ദി മാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.